29 December 2025, Monday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

എസ്ഐആര്‍: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം വസ്തുതാ വിരുദ്ധം

Janayugom Webdesk
തിരുവനന്തപുരം
December 21, 2025 9:57 pm

സംസ്ഥാനത്ത് എസ്ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ വിശദീകരണം വസ്തുതാപരമല്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ്. എസ്ഐആർ പ്രക്രിയകളിലെ ഗുരുതരമായ വീഴ്ചകൾക്ക് ഉദാഹരണമായി തന്റെയും ഭാര്യയുടെയും പേരുകൾ ഡിസംബർ 23ന് പ്രസിദ്ധീകരിക്കപ്പെടുന്ന കരട് വോട്ടർ പട്ടികയിൽ ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ട ബിഎൽഒയും റവന്യു അധികൃതരും നൽകിയ സൂചന യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധമായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകളില്‍ ഇരുവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, നീക്കം ചെയ്യേണ്ടവരുടെ പട്ടികയിൽ അവ ഇല്ലെന്നും സിഇഒയുടെ ഓഫിസ് പറഞ്ഞതായും പരാമർശമുണ്ടായി. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്.

താനും കുടുംബവും 1991 മുതൽ മുടങ്ങാതെ വോട്ട് രേഖപ്പെടുത്തുന്നത് ഒല്ലൂർ നിയോജകമണ്ഡലത്തിലെ കണ്ണാറ എയുപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ്. ഇവിടെ 43-ാം ബൂത്തിന്റെ ചുമതലയുള്ള ബിഎൽഒ നാലംഗ കുടുംബത്തിലെ എല്ലാവരുടെയും എന്യുമറഷൻ ഫോമുകൾ എത്തിച്ചുനൽകുകയും ഞങ്ങൾ കൃത്യമായി പൂരിപ്പിച്ചുനൽകുകയും ചെയ്തിരുന്നു. ഡിസംബർ 18ന് ബിഎൽഒ ഫോണിൽ ബന്ധപ്പെട്ട് എന്റെയും ഭാര്യയുടെയും പേരുകൾ 2002ലെ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഇപ്പോഴത്തെ കരടുപട്ടിക പുറത്തുവന്നശേഷം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക്, 70 വയസ് കഴിഞ്ഞ ഞാനും 65 വയസായ ഭാര്യയും, ആവശ്യമായ തെളിവുകളോടെ ക്ലെയിം ഉന്നയിച്ച് വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് നിർദേശിക്കുകയായിരുന്നു. സമാനമായ രീതിയിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽനിന്നും വാക്കാൽ അറിയിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ 35 വർഷമായി ഞാനും ഭാര്യയും വോട്ടുചെയ്തുപോന്ന സ്ഥലത്തെ വോട്ടർപട്ടികയിൽ ഞങ്ങളുടെ പേരുകൾ ഉൾപ്പെടാതിരുന്നത് ഔദ്യോഗിക സംവിധാനത്തിന്റെ വീഴ്ചയും പരാജയവുമാണ്. ഇത് ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് ലക്ഷക്കണക്കിന് വോട്ടർമാരുടെ പൗരാവകാശത്തെ പ്രതികൂലമായി ബാധിക്കുന്ന വീഴ്ചയാണ്. ഇക്കാര്യം യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും പങ്കുവയ്ക്കുന്ന അഭിപ്രായവും വിമർശനവുമാണ്. 

ഇപ്പോഴത്തെ എസ്ഐആറിന് ആധാരമായ 2002ലെ എസ്ഐആർ പട്ടികയിൽ എന്റെയും ഭാര്യയുടെയും പേരുകൾ ഉൾപ്പെട്ടിട്ടില്ലാത്തതാണ് പുതിയ കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിൽ പ്രശ്നമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. 1991 മുതൽ നാളിതുവരെയുള്ള വോട്ടർപട്ടികകളിൽ ഞങ്ങൾ ഇരുവരുടെയും പേരുകളുണ്ട്. 2002ലെ എസ്ഐആർ പട്ടികയിൽ എന്റെ അന്തരിച്ച മാതാപിതാക്കളുടെ പേരുകൾ നിലവിലുണ്ട്. ഞങ്ങളുടെ പേരുകൾ ആ പട്ടികയിൽ ഉൾപ്പെടാത്തതിന്റെ ഉത്തരവാദിത്തം തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയ ഞങ്ങൾക്കോ തുടന്നുള്ള എല്ലാ പട്ടികകളിലും, ഇപ്പോളത്തെ എസ്ഐആറിന് ആധാരമായ 2005ലെ പട്ടിക ഉൾപ്പെടെ, തയ്യാറാക്കിയ അധികൃതർക്കോയെന്ന് ബന്ധപ്പെട്ടവർ വയക്തമാക്കണം. കഴിഞ്ഞദിവസം നടന്ന യോഗത്തിനുശേഷം സിഇഒയും സിഇസിയുടെ പ്രത്യേക റോൾ ഒബ്സർവറും തന്നോട് വ്യക്തിപരമായി വിഷയം ആരായുകയും തുടർനടപടികൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. തുടർന്ന്, ബന്ധപ്പെട്ട വില്ലേജ് ഓഫിസിലേക്ക് നിരവധി ഫോൺ കോളുകൾ എത്തുകയും വൈകുന്നേരത്തോടെ എന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പ് പ്രാദേശിക സിപിഐ പ്രവർത്തകർ വഴി അറിയുകയുമുണ്ടായി. എന്നാല്‍ ഭാര്യയുടെ കാര്യത്തിൽ അവരുടെ ‘ഭാര്യാപദവി’ തെളിയിക്കുന്ന രേഖകളുമായി ‘ഹിയറിങ്ങി‘ന് ഹാജരാകേണ്ടി വരുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. 

ഞാൻ യോഗത്തിൽ ഉന്നയിച്ച പരാതിയെത്തുടർന്നാണ് സിഇഒയിൽനിന്നും ബന്ധപ്പെട്ട ഓഫിസുകളിൽനിന്നും സത്വര നടപടി ഉണ്ടായത്. അത്തരത്തിൽ പ്രശ്നം ഏറ്റവും ഉയർന്നതലത്തിൽ ഉന്നയിക്കാൻകഴിയാത്ത ഹതഭാഗ്യരായ ലക്ഷങ്ങളുടെ പൗരാവകാശമാണ് വികലമായ എസ്ഐആർ വഴി അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ വസ്തുതകൾ അംഗീകരിക്കാതെ എന്റെ പേര് പട്ടികയിൽ ഉണ്ടായിരുന്നുവെന്ന സിഇഒയുടെ അവകാശവാദം എസ്ഐആറിനെ വെള്ളപൂശുന്നതും പരാതി ഉന്നയിച്ച എന്റെയും പാർട്ടിയുടെയും വിശ്വാസ്യതയെ സംശയനിഴലിൽ ആക്കുന്നതുമാണ്. ഏതാണ്ട് 25 ലക്ഷം വോട്ടർമാരുടെ പൗരാവകാശം നിഷേധിക്കപ്പെട്ടേക്കാവുന്ന എസ്ഐആർ പ്രക്രിയക്ക് ന്യായമായ സമയം നീട്ടിനൽകണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യവും പരമോന്നത നീതിപീഠത്തിന്റെ നിർദേശവും, ഔദ്ധത്യം വെടിഞ്ഞ്, മാനിക്കാൻ സിഇസി സന്നദ്ധമാവണമെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നുവെന്നും രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.