
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് സമയപരിധി നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ന്യായമായ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ് മല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് എസ്ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിനു പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കക്ഷി ചേര്‍ന്നു. സിപിഐ (എം), കെപിസിസി, ഐയുഎംഎല്‍ ഉള്‍പ്പെടെയുള്ളവരും കോടതിയെ സമീപിച്ചു.
ഹര്‍ജികളില്‍ വാദം കേട്ട ബെഞ്ച് ആവശ്യം ന്യായമെന്ന് വിലയിരുത്തി. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. ഡിസംബര്‍ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നത് കമ്മിഷന്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. എസ്ഐആര്‍ നീട്ടിവയ്ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കേരളം കാര്യകാരണങ്ങളോടെ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കണം. വിഷയങ്ങള്‍ അനുഭാവപൂര്‍വ് പരിഗണിച്ച് കമ്മിഷന്‍ മറ്റന്നാള്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യ തീരുമാന പ്രകാരം കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട തീയതി നാളെയാണ്. പിന്നീട് സമയ പരിധി ഡിസംബര്‍ 11 ലേക്ക് നീട്ടിയിട്ടുണ്ട്. കേരളത്തിലെ പ്രവാസികളുടെ വിഷയവും കോടതിയില്‍ ഉന്നയിച്ചതോടെയാണ് സമയ പരിധി നീട്ടി നല്‍കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടു വച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.