ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകന് അന്ത്യാഭിവാദ്യം അർപ്പിച്ച് രാജ്യതലസ്ഥാനം. യെച്ചൂരിയുടെ സമരജീവിതത്തിന് തുടക്കമിട്ട ജെഎൻയു അദ്ദേഹത്തിന് വികാരനിർഭര യാത്രയയപ്പ് ഒരുക്കി. വിദ്യാർഥി യൂണിയൻ ഹാളിലാണ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് എയിംസിൽ മൂന്നാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എംബാം ചെയ്ത് എയിംസിൽ സൂക്ഷിച്ച മൃതദേഹം സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി. തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപൽ ബസു, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജൂ കൃഷ്‌ണൻ എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. തുടർന്ന് മൃതദേഹം വൈകിട്ട് ജെഎൻയു ക്യാമ്പസിലേക്ക് കൊണ്ടുവന്നത്.
തുടർന്ന് മൃതദേഹം യെച്ചൂരിയുടെ വസന്ത്കുഞ്ജിലെ വസതിയിൽ കൊണ്ടുവന്നു. സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതാക്കൾ നേതാവിന് അന്ത്യാഭിവാദ്യം നേരാന്‍ എത്തി. പിബി അംഗങ്ങളായ എ വിജയരാഘവൻ, അശോക് ധാവ്‌ളെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, മുതിർന്ന നേതാവ് പി കരുണാകരൻ, എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം എന്നിവരും യെച്ചൂരിയുടെ വസതിയിലെത്തി. രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കാനെത്തി. കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ എന്നിവരും ആദരാഞ്ജലി അർപ്പിക്കാനെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.