
തമിഴ്‌നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ അജിത് കുമാർ മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് സി ബി സി ഐ ഡിയുടെ പ്രത്യേക സംഘവും അന്വേഷിക്കണം. അജിത് കുമാറിന് പോലീസിൽ നിന്ന് അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നുവെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.
അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വെച്ച് പോലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ആന്തരിക രക്തസ്രാവമാണ് മരണകാരണം. അജിത്തിന്റെ ശരീരത്തിൽ മുപ്പതിലധികം പാടുകളും ഉണ്ടായിരുന്നു. പോലീസുകാർ അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും മുളകുപൊടി തേച്ചതായും കണ്ടെത്തി. ഇതൊരു “പോലീസ് സ്‌പോൺസേർഡ് കുറ്റകൃത്യമാണെന്നും വാടകക്കൊലയാളികൾ പോലും ഒരാളെ ഇത്ര ക്രൂരമായി മർദിക്കില്ലെന്നും” കോടതി വിമർശിച്ചു.
ജില്ലാ ജഡ്ജി ജോൺ സുന്ദർലാൽ സുരേഷിനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല. മോഷണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രത്തിലെ സിസിടിവി ഡിവിആർ പോലീസ് കൊണ്ടുപോയെന്ന് ക്ഷേത്രഭാരവാഹി കോടതിയിൽ മൊഴി നൽകി. എന്നാൽ, പോലീസ് പിടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തിൽ ഇത് രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകൾ കൃത്യമായി സൂക്ഷിക്കാൻ കോടതി നിർദേശിച്ചു. കേസിൽ അറസ്റ്റിലായ അഞ്ച് പോലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി. ശിവഗംഗ എസ്പി ആഷിഷ് റാവത്തിനെ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.