22 January 2026, Thursday

ആറുലക്ഷം ഹെക്ടര്‍ തരിശിട്ട് ഭൂമാഫിയ

കെ രംഗനാഥ്
തിരുവനന്തപുരം
January 17, 2025 10:08 pm

പതിനായിരക്കണക്കിന് ഭൂരഹിതരും ഭവനരഹിതരുമുള്ള കേരളത്തില്‍ ഭൂമാഫിയകളും റിസോര്‍ട്ട് ഫ്ലാറ്റ് മാഫിയകളും തരിശിട്ടിരിക്കുന്നത് 5.81ലക്ഷം ഹെക്ടര്‍. ഓരോ വര്‍ഷം കഴിയുന്തോറും തരിശിടുന്ന ഭൂമിയുടെ വിസ്തൃതി പിന്നെയും പെരുകുന്നു. 2021ല്‍ സംസ്ഥാനത്തെ തരിശുഭൂമിയുടെ വിസ്തീര്‍ണം 5.76ലക്ഷം ഹെക്ടറായിരുന്നത് ഇപ്പോള്‍ 5.81ലക്ഷം ഹെക്ടറായി ഉയര്‍ന്നുവെന്നാണ് സംസ്ഥാന ബജറ്റിനൊപ്പം സമര്‍പ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കാര്‍ഷികഭൂമി 25.23ലക്ഷം ഹെക്ടര്‍ മാത്രമായിരിക്കെയാണ് ആറുലക്ഷത്തോളം ഹെക്ടര്‍ ഭൂമി തരിശിട്ട് ഭൂമാഫിയകള്‍ സമ്പദ്ഘടനയില്‍ വന്‍ ആഘാതമേല്പിച്ചിരിക്കുന്നത്. മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ വേണ്ട ഭൂമി കണ്ടെത്താന്‍ പെടാപ്പാടുപെട്ട സര്‍ക്കാര്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലബാര്‍ പ്ലാന്റേഷനോട് കെഞ്ചിയെങ്കിലും ഫലമില്ലാതെ ഹൈക്കോടതിയെ സമീപിച്ചാണ് പുനരവധിവാസത്തിനാവശ്യമായ ഭൂമി വിട്ടുകിട്ടാനുള്ള ഉത്തരവ് സമ്പാദിപ്പിച്ചത്. 

സംസ്ഥാനത്തെ മൊത്തം ഭൂമിയില്‍ 55ശതമാനം കൃഷിഭൂമിയും 10.81ലക്ഷം ഹെക്ടര്‍ വനഭൂമിയുമാണ്. കൃഷിഭൂമിയിലെ നാണ്യവിളകളായ റബ്ബര്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങിയ കൃഷികളാണ് നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ഒരുതരി മണ്ണില്‍പ്പോലും കനകം വിളയിക്കാന്‍ ദാഹിക്കുന്ന ഭൂരഹിത കര്‍ഷകരുള്ള കേരളത്തില്‍ ആറുലക്ഷത്തോളം ഹെക്ടര്‍ തരിശുഭൂമി അര്‍ഹരായ ഭൂരഹിത കര്‍ഷകരെ ഏല്പിച്ചാല്‍ കേരളത്തിന് സ്വയം പര്യാപ്തമാകാവുന്നതേയുള്ളുവെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. 

അഞ്ച് വര്‍ഷത്തോളമായി കൃഷി ചെയ്യാതെയിട്ടിരിക്കുന്ന ഭൂമിയെയാണ് തരിശുഭൂമിയായി ഭൂനിയമങ്ങളില്‍ നിര്‍വചിക്കുന്നത്. എന്നാല്‍, കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ പതിനായിരക്കണക്കിനേക്കര്‍ തരിശുഭൂമിയാണ് കണ്ണില്‍പ്പെടുക. ദേശീയപാതയിലൂടെയോ സംസ്ഥാന പാതയിലൂടെയോ തീവണ്ടികളിലൂടെയോ ബോട്ടുകളിലൂടെയോ സഞ്ചരിച്ചാല്‍ പാഴ്‌മരങ്ങള്‍ നിറഞ്ഞ തരിശിട്ട ഭൂമികള്‍ എവിടെയും കാണാം. ഇവയില്‍ പല തരിശുഭൂമികള്‍ക്കും കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കാല്‍നൂറ്റാണ്ടിലേറെയായി തരിശിട്ടിരിക്കുന്ന ഭൂമിയുടെ വിസ്തൃതിമാത്രം 3.81ലക്ഷം ഹെക്ടറെന്നാണ് കണക്ക്. തരിശുഭൂമികളിലെ മാഫിയാ അധിനിവേശത്തിനും കാല്‍നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് ചുരുക്കം. 

തരിശുഭൂമികള്‍ ഏറ്റെടുക്കാന്‍ ഭൂപരിഷ്കരണ – ഭൂവിനിയോഗ നിയമങ്ങളില്‍ വ്യക്തമായ വകുപ്പുകളുമുണ്ട്. പക്ഷേ, നിയമത്തെ നോക്കുകുത്തിയാക്കി ഏറ്റെടുക്കല്‍ മാത്രം നടക്കുന്നില്ല. ഏക്കര്‍കണക്കിന് തരിശുഭൂമികളിലെ പാഴ്‌മരങ്ങള്‍ക്കിടയില്‍ ഏതാനും റബ്ബര്‍ മരങ്ങളോ തെങ്ങോ കവുങ്ങോ നട്ടുപിടിപ്പിച്ചശേഷം തരിശുഭൂമിയെ തോട്ടഭൂമിയെന്ന് മുദ്രകുത്തുന്ന തന്ത്രമാണ് പയറ്റുന്നത്. നിയമങ്ങളിലെ പഴുതുകള്‍ കൂടിയാകുമ്പോള്‍ ഭൂമാഫിയകള്‍ സുരക്ഷിതരുമാവുന്നു. തരിശുഭൂമികള്‍ പൊതു ആവശ്യത്തിനായി ഏറ്റെടുക്കാന്‍ അടിയന്തരമായി ഭൂവിനിയോഗ നിയമങ്ങളില്‍ കാലാനുസൃതമായ ഭേദഗതികള്‍ വരുത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നതെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.