12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024

ആറ് ലക്ഷം ഓണക്കിറ്റ്; സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്‌സിഡി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
August 20, 2024 11:11 pm

സംസ്ഥാനത്തെ എഎവൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ സംസ്ഥാന സപ്ലൈകോയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്യുക. ഈ വർഷവും കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സപ്ലൈകോയുടെ ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ ആറ് മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലെെകോ വിപണന മേളകള്‍ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മേളകളിൽ ഒരുക്കും. 

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ തടസമില്ലാതെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി/സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ നൽകി വില്പന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ ഏഴ് മുതൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന 1,500 ചന്തകളാണ് കൺസ്യൂമർ ഫെഡ് നടത്തുന്നത്. ഇതിൽ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകൾ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിൽ 13 ഇനം സാധനങ്ങൾക്കാണ് സബ്സിഡി നൽകുന്നത്. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ത്രിവേണികളിൽ സാധനങ്ങൾ ലഭ്യമാണ്. 

ഖാദി ഉല്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് നൽകിവരുന്നു. ഈ മാസം എട്ട് മുതൽ സെപ്റ്റംബർ 14 വരെയാണ് റിബേറ്റ് മേള. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കും പ്രയോജനപ്രദമായ രീതിയിൽ 23 മുതൽ സെപ്റ്റംബർ 14 വരെ റിബേറ്റോടുകൂടി വില്പന നടത്തും. കയർഫെഡ് ഓഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ 30 വരെ അവരുടെ ഉല്പന്നങ്ങൾക്ക് പരമാവധി 23 ശതമാനം ഇളവ് നൽകും. 

2000 കർഷകച്ചന്തകൾ സെപ്റ്റംബർ 11 മുതൽ 14 വരെ സംഘടിപ്പിക്കും. പച്ചക്കറികൾക്ക് മൊത്ത വ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയെക്കാൾ 30 ശതമാനം വരെ കുറച്ചായിരിക്കും വിൽക്കുക. ജൈവ പച്ചക്കറികൾ 20 ശതമാനം കൂട്ടി സംഭരിച്ച്, 10 ശതമാനം വരെ താഴ്ത്തി വില്‍ക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഓണക്കാലത്ത് സർക്കാർ ആഭിമുഖ്യത്തിലുള്ള വാരാഘോഷം ഒഴിവാക്കിയിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളും പതിവുപോലെ നടക്കും. അതുകൊണ്ടുതന്നെ കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന നില ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഓണാഘോഷം നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി എപ്പോഴത്തേക്കാളും ഒരുമിച്ചു നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ അതിനുള്ള ഊര്‍ജവും പ്രചോദനവും നല്‍കാന്‍ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉള്‍ക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദര്‍ഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.