
കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞ് കഴുത്തറുത്ത് മരിച്ച നിലയിൽ. കൊച്ചി സ്വദേശികളായ ആന്റണിയുടെയും-റൂത്തിന്റെയും മകൾ ഡെൽന മരിയ സാറയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.
അമ്മൂമ്മയാണ് ഈ കുറ്റകൃത്യം ചെയ്തതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മ റോസി (60) ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ ഇവരെ അങ്കമാലി മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞ് ഉണരാതെ വന്നതോടെ അമ്മയുടെ ബന്ധുക്കൾ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്ത് മുറിഞ്ഞതും ചോര വാർന്നൊഴുകിയതും മരണം സംഭവിച്ചതും അടക്കമുള്ള ചോദ്യങ്ങളിൽ വീട്ടുകാർ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ അങ്കമാലി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം കറുകുറ്റിയിലെ വീട്ടിലെത്തിയതോടെയാണ് റോസി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായത്. സംഭവമറിഞ്ഞ് കുഞ്ഞിന്റെ പിതാവ് ആന്റണിയും ബന്ധുക്കളും സ്ഥലത്തെത്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.