
സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെന്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ) എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജനറൽ ആശുപത്രികളുടെയും പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ സ്ട്രോക്ക് യൂണിറ്റുകളെയാണ് ഒരേ സമയം രണ്ട് സർട്ടിഫിക്കേഷനുകൾക്കായി സജ്ജമാക്കുന്നത്. ഈ ആശുപത്രികൾക്ക് അംഗീകാരം ലഭിച്ചാലുടൻ മറ്റ് ആശുപത്രികളെക്കൂടി ഈ നിലവാരത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യമായാണ് ആശുപത്രികൾക്കല്ലാതെ, ആശുപത്രിയിലെ ഒരു പ്രത്യേക യൂണിറ്റിന് മാത്രമായി എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്നത്. ഇതോടെ ഡബ്ല്യുഎസ്ഒ എൻഎബിഎച്ച് സർട്ടിഫിക്കേഷനുള്ള സ്ട്രോക്ക് യൂണിറ്റുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. സ്ട്രോക്ക് അഥവാ പക്ഷാഘാത ചികിത്സയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക, ഒരു രോഗിക്ക് നിശ്ചിത സമയത്തിനുള്ളിൽ പക്ഷാഘാത ചികിത്സ ലഭ്യമാക്കുക, പരിശോധനകൾ നടത്തുന്നതിനും അതനുസരിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി വേഗത്തില്‍ രോഗികൾക്ക് ത്രോബോലൈസിസ് ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ പരിപാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ സർട്ടിഫിക്കേഷൻ നൽകുന്നത്.
മെഡിക്കൽ കോളജുകൾക്ക് പുറമേ സംസ്ഥാനത്തെ 12 ആശുപത്രികളിൽ ഇപ്പോൾ സ്ട്രോക്ക് ചികിത്സ ലഭ്യമാണ്. ത്രോംബോലൈസിസ് ചികിത്സ, സ്ട്രോക്ക് റിഹാബിലിറ്റേഷൻ, സ്ട്രോക്ക് സ്റ്റെബിലൈസേഷൻ തുടങ്ങിയ ചികിത്സകളാണ് ഇവിടെ ലഭിക്കുക. സ്വകാര്യ ആശുപത്രികളിലും അപെക്സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിലെ സ്ട്രോക്ക് യൂണിറ്റുകളിലൂടെ നൽകുന്നുണ്ട്. ഇതുവരെ 368 രോഗികൾക്ക് ഈ ചികിത്സ നൽകി. സ്വകാര്യ ആശുപത്രികളിൽ ചെലവേറിയ ഈ ചികിത്സ സർക്കാർ സൗജന്യമായാണ് നൽകുന്നത്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.