24 January 2026, Saturday

Related news

January 24, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

നൈപുണ്യ വികസനം; കേന്ദ്രം പാഴാകുന്നത് ശതകോടികള്‍

വാണിജ്യ‑വ്യാവസായിക മേഖലയ്ക്ക് പദ്ധതി കരുത്തായില്ല 
Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2025 8:53 pm

നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ പാഴാകുന്നു. പദ്ധതിക്കായി മാറ്റിവച്ച ശതകോടികളില്‍ 90 ശതമാനം തുകയും വിനിയോഗിച്ചത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമെന്ന് റിപ്പോര്‍ട്ട്. നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം എന്നിവ വര്‍ധിപ്പിക്കുന്നതിനായി മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയില്‍ ഭീമമായ തുകയാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ഇത്തവണത്തെ ബജറ്റില്‍ 38,746.3 കോടിയാണ് നീക്കിവച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകയിരുത്തിയ 21,608 കോടിയെക്കാള്‍ 80 ശതമാനം വര്‍ധനവാണിത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി രൂപ നൈപുണ്യവികസനം, തൊഴില്‍ പരിശീലനം എന്നിവയ്ക്കായി നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, നാഷണല്‍ അപ്രന്റീഷിപ്പ് പ്രമോഷന്‍ സ്കീം എന്നീ പദ്ധതികള്‍ വഴിയാണ് തൊഴില്‍ പരിശീലനവും നൈപുണ്യ വികസനവും സാധ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനപ്പുറത്തേയ്ക്ക് വാണിജ്യ‑വ്യാവസായിക മേഖലയ്ക്ക് കരുത്തു പകരാന്‍ പദ്ധതി ഉപകരിച്ചില്ല. 2024–25 സാമ്പത്തിക വര്‍ഷം രാജ്യത്ത് 1,000 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐടിഐ) സ്ഥാപിച്ച് നൈപുണ്യ, തൊഴില്‍ പരിശീലനം ഉറപ്പ് വരുത്താന്‍ 60,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഐഐടികളുടെ നവീകരണത്തിനായി ഈ സാമ്പത്തിക വര്‍ഷം 1,000 മുതല്‍ 3,000 കോടി രൂപ വരെയാണ് വകയിരുത്തുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ നീക്കിവച്ച തുകയുടെ 57.9 ശതമാനവും നിര്‍മ്മാണ പ്രവൃത്തിക്കള്‍ക്കായാണ് വിനിയോഗിച്ചത്. 31.3 ശതമാനം തുക ഉപകരണങ്ങള്‍ വാങ്ങാനും. ഏറെ പ്രധാനമായ തൊഴില്‍ വികസനം. അധ്യാപക പരിശീലനം എന്നിവയ്ക്കായി നാമമാത്ര തുകയാണ് വിനിയോഗിച്ചത്. 

ഇതോടെ പരിശീലനത്തിന്റെ ഗുണമേന്മ ഇടിയുകയും വിദ്യാര്‍ത്ഥികള്‍ സാങ്കേതിക പരിജ്ഞാനം നേടുന്നതില്‍ പിന്നാക്കം പോകുകയും ചെയ്തു. 2023–24 ല്‍ കേവലം 4.1 ശതമാനം വളര്‍ച്ചയാണ് വൊക്കേഷണല്‍ ട്രെയിനിങ് രംഗത്ത് രേഖപ്പെടുത്തിയത്. എന്നാല്‍ പാരമ്പര്യ തൊഴില്‍ നൈപുണ്യം 1.45 ല്‍ നിന്ന് 11.6 ശതമാനമായി 2023 ല്‍ ഉയര്‍ന്നു. 2024 ല്‍ 12,000 കോടി വകയിരുത്തി ആരംഭിച്ച പിഎം കൗശല്‍ പദ്ധതിയുടെ നിര്‍വഹണത്തിലെ നൂലാമാലകള്‍ ഇതുവരെ നീങ്ങിയിട്ടില്ല. ഈ പദ്ധതി വഴി 57 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ 22.16 ശതമാനം പേര്‍ക്ക് മാത്രമാണ് പദ്ധതി ഗുണകരമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ അവസ്ഥയാണ് മറ്റ് പദ്ധതികളിലുമുള്ളത്. ദീര്‍ഘവീക്ഷണമില്ലാതെയും അടിസ്ഥാന സൗകര്യ ലഭ്യത ഉറപ്പ് വരുത്താതെയും ആരംഭിച്ച നൈപുണ്യ വികസനം ഫലപ്രദമായില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.