23 June 2024, Sunday

Related news

June 20, 2024
June 20, 2024
June 19, 2024
June 12, 2024
June 10, 2024
June 10, 2024
June 6, 2024
June 5, 2024
June 2, 2024
May 30, 2024

ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിദ്രാവിഹീനമായ രാത്രികള്‍

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
June 2, 2024 9:48 pm

ലോകകായികരംഗം പൂർണമായും നിറഞ്ഞു നിൽക്കുന്ന മത്സര പരമ്പരകളുടെ ആരവങ്ങളും ആവേശരാവുകളും നിലയ്ക്കാത്ത ദിനങ്ങളാണ് ജൂൺ, ജൂലൈ മാസങ്ങളിൽ വന്നു ചേരുന്നത്. ക്രിക്കറ്റ് ലോകകപ്പ്, ഒളിമ്പിക്സ് മത്സരങ്ങൾ, വിംബിൾഡൺ ടെന്നീസ്, ഫുട്ബോളിലെ യൂറോകപ്പ്, കോപ്പ അമേരിക്ക എന്നിവയാണ് നിദ്രാവിഹീനമായ രാവുകളെ ത്രസിപ്പിക്കുന്നത്. തുടക്കം ടെന്നീസിലാണ്. ജുൺ ഒന്നുമുതൽ നാലുവരെ ഇംഗ്ലണ്ടിലാണ് മത്സരവേദി. ക്രിക്കറ്റിൽ ജൂൺ രണ്ടിന് തുടങ്ങി 29ന് അവസാനിക്കുന്ന തലത്തിലാണ് മത്സരങ്ങൾ നടക്കുക. യുഎസിലും വെസ്റ്റിൻഡീസിലുമാണ് പോരാട്ടവേദി. കളികളുടെ സംഗമവേദിയായ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ജൂലൈ 25ന് പാരിസിലാണ് തിരികൊളുത്തുന്നത്. 32കായിക ഇനങ്ങളിൽ 329 വിഭാഗമായി 10,500 കായികതാരങ്ങളാണ് മത്സരിക്കുന്നത്. ഫുട്‌ബോളിൽ രണ്ട് ഭൂഖണ്ഡങ്ങളിലുള്ള താരമേന്മ പൂർണമായും നിലനിൽക്കുന്ന പോരാട്ടങ്ങളാണ് നടക്കുക. കോപ്പ അമേരിക്കയും യൂറോകപ്പുമാണ് ഒരേസമയം നടക്കുന്നത്. ജൂൺ 30 മുതൾ ജൂലൈ 14വരെ യുഎസിൽ കോപ്പയും ജൂൺ 14മുതൽ ജൂലൈ 14 വരെ ജർമ്മനിയിൽ വച്ച് യൂറോകപ്പുമാണ് നടക്കുന്നത്. ഫുട്‌ബോളിൽ രണ്ട് കലാശക്കളികളും ഒരേ ദിവസമാണെന്ന പ്രയാസം ആരാധകരുടെ മനസിൽ നിൽക്കുന്നുണ്ട്.

ഇന്ത്യയുടെ പ്രതീക്ഷ ക്രിക്കറ്റില്‍

 

ഈ മത്സര പരമ്പരകൾ ലോകമാകെയുള്ള കോടാനുകോടി ജനങ്ങളെയും ആവേശത്തേരിലേറ്റുന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ ഇന്ത്യൻ ജനങ്ങളുടെ പ്രതീക്ഷ ക്രിക്കറ്റിലായിരിക്കും. കാരണം 2007ൽ പ്രഥമ ടി20 ക്രിക്കറ്റ് ലോകകിരീടം നേടിയെടുത്ത രാജ്യമാണ് ഇന്ത്യ. പിന്നീട് പലപ്പോഴായി കടുത്ത പോരാട്ടങ്ങളുടെ ചാലക ശക്തിയാകാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ലോകം വളരെ ചെറുതാണ്. പഴയകാലത്ത് ഇംഗ്ലീഷുകാരുടെ കളിയായിരുന്നു. ദിവസങ്ങൾ നീളുന്ന മത്സര പരമ്പര ഇപ്പോൾ ഏകദിനവും ടി20യും വന്നപ്പോഴാണ് ജനകീയമായത്. ബ്രിട്ടീഷ് കോളനി രാജ്യങ്ങളിൽ നേരംകൊല്ലിയായ ഗെയിമിലെ പ്രകടമായ മാറ്റം ജനമനസുകളിൽ ആവേശം ജ്വലിച്ചുയർന്നു. തീപാറുന്ന ബാറ്റിങ്ങും പറന്നുയരുന്ന സിക്സറും പുളകം കൊള്ളിക്കുന്ന ക്യാച്ചും കാഴ്ചക്കാരെ ഹരം കൊള്ളിക്കും. പഴയകാലത്തെ ബ്രിട്ടന്റെ ആശ്രിത രാജ്യങ്ങളിൽ മാത്രമായിരുന്ന കളി മെല്ലെ മെല്ലെ മറ്റുരാജ്യങ്ങളിലേക്ക് കടന്നു ചെന്നതായിരുന്നു. പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ 2009ൽ പാകിസ്ഥാന്‍, 2010ൽ ഇംഗ്ലണ്ട്, 2012ല്‍ വെസ്റ്റിൻഡീസ്, 2014ല്‍ ശ്രീലങ്ക,2018ല്‍ വെസ്റ്റിൻഡീസ്, 2021ല്‍ ഓസ്ട്രേലിയ, 2022ൽ ഇംഗ്ലണ്ട് എന്നിങ്ങനെയാണ് ചാമ്പ്യൻസായത്. മൊത്തം 20ടീമുകൾ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ എ ഗ്രൂപ്പിലാണ് ഇന്ത്യ.പാകിസ്ഥാനും കാനഡയും അയർലൻഡും അമേരിക്കയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഒമാനും നമീബിയയും സ്കോട്ലൻഡും ചേർന്നതാണ് ബി ഗ്രൂപ്പ്.
അഫ്ഗാൻ, ന്യൂസിലൻഡ്, പപ്പുവ ന്യുഗിനിയ, വെസ്റ്റിൻഡീസ്, ഉഗാണ്ട എന്നിവരാണ് സി ഗ്രൂപ്പില്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,ബംഗ്ലാദേശ്, നേപ്പാൾ, നെതർലാൻഡ്സ് എന്നിവ ഡിയിലും മത്സരിക്കുന്നു. താരതമ്യേന ഭേദപ്പെട്ട ടീമിനെയാണ് ഇന്ത്യ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. പരാതികൾ അധികമില്ലാതെ സെലക്ഷൻ നിർവഹിച്ചപ്പോൾ പ്രതീക്ഷയുടെ വക്കിലാണ് ക്രിക്കറ്റ് പ്രേമികൾ. ഒരിക്കൽ മാത്രം സ്വന്തമാക്കിയ ചാമ്പ്യൻ പട്ടം വീണ്ടും ഇന്ത്യയിൽ എത്തിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്.

അന്ന് ശ്രീശാന്ത്, ഇന്ന് സഞ്ജു

 

2007ൽ നേടിയ ആദ്യത്തെ വിജയം മനസിൽ മായാതെ നിൽക്കുന്നു. അന്ന് കേരളത്തിന്റെ പ്രാതിനിധ്യമായി ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. മാത്രമല്ല, വിജയത്തിന് വഴിയൊരുക്കിയ ക്യാച്ച് ശ്രീശാന്തിന്റെ പേരിലായിരുന്നു. ആദ്യത്തെ ചാമ്പ്യൻഷിപ്പിന്റെ മലയാളി സംഭാവന മനസിൽ മായാതെ നിൽക്കുന്നുണ്ട്. ഇത്തവണ സഞ്ജു സാംസണിലൂടെയാണ് കേരളത്തിന്റെ പ്രാതിനിധ്യം. എന്നാൽ ഐപിഎല്ലിൽ രാജസ്ഥാന്റെ നായകസ്ഥാനത്ത് നന്നായി ശോഭിച്ച സഞ്ജു ഇതുവരെയുണ്ടായിരുന്ന അസ്ഥിരത എന്ന അപവാദം മാറ്റിയെടുത്തുകഴിഞ്ഞു. ഇന്ത്യൻ ടീമിന്റെ വിജയത്തിൽ മലയാളികൾക്ക് സഞ്ജുവിന്റെ പ്രകടനം ആവേശമായി മാറും. എന്നാൽ സന്നാഹമത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിപ്പോയി. ഒരുപാട്പേർ ക്യൂവിൽ കാത്തിരിക്കുന്ന ഇടത്തിൽ ആറുപന്തിൽ ഒരു റണ്ണുമായി മടക്കടിക്കറ്റ് വാങ്ങിയ സഞ്ജുവിന്റെ പ്രകടനം മലയാളികളായ മുഴുവൻ ആരാധകരെയും ദുഃഖത്തിലാഴ്ത്തി. ഫുട്‌ബോളും ക്രിക്കറ്റും, ടെന്നീസും, ഒപ്പം ലോകത്തിന്റെ കായികമാമാങ്കമായ ഒളിമ്പിക്സും ഒരുമിച്ച് വ്യത്യസ്ത കേന്ദ്രങ്ങളിൽ നടക്കുമ്പോൾ കായിക പ്രേമികൾക്ക് ഒരു വലിയ വിരുന്നായിരിക്കും. ഇന്ത്യയിൽ ഈ കളികളെല്ലാം ടിവിയിലാണ് കാണേണ്ടത്. രാത്രിയിൽ തന്നെയാണ് പ്രധാന കളികളെല്ലാം നടക്കുന്നത്.
നിദ്രാവിഹീനമായ രാത്രികളായിരിക്കും ഇനി നമ്മെ കടന്നുപോകുന്നത്. 15,000ത്തോളം യുവ കലാപ്രതിഭകൾ കായിക ലോകത്തെ ത്രസിപ്പിക്കുന്നത് ഉറക്കമിളച്ച് കാണുവാൻ ലോകജനതയുടെ ഒരുവലിയ ഭാഗം കാത്തിരിക്കുന്നുണ്ട്. മനുഷ്യരാശിയുടെ വളർച്ചയിൽ കളിയുടെ പ്രത്യേകത ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. വർണ വെറിയില്ലാതെ ചുഷണത്തിനെതിരെ പോരാടുന്ന, ലോകസമാധാനത്തിനായി ഒന്നിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയാണിത്. മനുഷ്യനെ മനുഷ്യനായി കാണുന്ന മഹാമേളയാണിത്. അതുകൊണ്ട് തന്നെയാണ് കായികരംഗം വിഭാഗീയതയില്ലാത്തതാകുന്നത്. കായികരംഗത്തിന്റെ ആവേശം നേരിട്ട് കാണുവാനാണ് ലോകം കാത്തിരിക്കുന്നത്. ഫുട്‌ബോളിൽ ലോകമാകെയുള്ള ജനങ്ങളെ ആവേശംകൊള്ളിക്കുന്ന കടുത്ത പോരാട്ടമാണ് കോപ്പയിലും യൂറോയിലും നടക്കാൻപോകുന്നത്. കഴിഞ്ഞ തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടുകയും തോൽവിയുടെ വഴിയിൽ മാത്രം മടക്കയാത്ര നടക്കുകയും ചെയ്തവരാണ് ഇറ്റലി. ലോകകപ്പിന്റെ എൻട്രി പോലും നേടാൻകഴിയാത്ത ദുർബലരായ ടീമായി യൂറോപ്യൻ ചാമ്പ്യന്മാർ ഒതുങ്ങിപ്പോയ അവസ്ഥ അവരെ എപ്പോഴും വേട്ടയാടുന്നു. എന്നാൽ കഴിഞ്ഞ ചാമ്പ്യന്മാർ ഇത്തവണയും കയ്യിലുള്ളത് നിലനിർത്താൻ ശക്തമായ നിരയുമായി വരികയാണ്. ഇറ്റലി ഇത്തവണയും ജയിക്കാൻ പരിശ്രമിക്കും. അങ്ങനെ വന്നാൽ കരുത്തരുടെ കളിക്കളമായ യൂറോകപ്പിൽ ആരായിരിക്കും പുതിയ അവകാശികളെന്ന് കാണാനിരിക്കുകയാണ്. ലോകഫുട്ബാളിലെ അതികായന്മാരുടെ രാജ്യങ്ങൾ തമ്മിൽ മാറ്റുരക്കുമ്പോൾ കളികൾ ആവേശകരമാകും.

വീറും വാശിയുമോടെ അര്‍ജന്റീനയും ബ്രസീലും

കോപ്പയിൽ ഇത്തവണയും ആജന്മവൈരികളായ അയൽരാജ്യങ്ങൾ കണക്ക് പറയാൻ കടന്നുവരികയാണ്. കഴിഞ്ഞ സീസണിൽ ലോകഫുട്ബോൾ രംഗം മൊത്തമായി കീഴടക്കിയ അർജന്റീന മെസിയുടെ നേതൃത്വത്തിൽ കപ്പ് കൈവിടാതിരിക്കാൻ വീണ്ടും വരികയാണ്. എന്നാൽ കഴിഞ്ഞ കോപ്പയിലെ തോൽവിക്ക് പകരം വീട്ടാൻ പെലെയുടെ പിൻഗാമികൾ യുവനിരയുടെ കരുത്തുമായി അമേരിക്കയിലെത്തുകയാണ്. ഒരുപാട് മോഹങ്ങൾ മനസിൽ വച്ച് കോപ്പയിൽ കളിക്കാൻ മാനസികമായി തയ്യാറെടുത്ത നെയ്മറെ ഒഴിവാക്കിയാണ് ബ്രസീലിന്റെ മഞ്ഞപ്പട വരുന്നത്. സ്വന്തം നാട്ടിൽ വച്ചു ലോകകപ്പിൽ പരിക്കുമായി പുറത്തിരുന്ന നെയ്മർക്ക് വലിയ നിരാശയാകും കോപ്പ അമേരിക്ക. കോപ്പയിൽ ജയിക്കണം, അടുത്ത ലോകകപ്പിലും ജയിക്കണം എന്ന വലിയ പദ്ധതിയാണ് അർജന്റീനയെ നയിക്കുന്നത്. ലോകഫുട്ബോളിലെ വർത്തമാനകാല ജേതാവാണ് മെസി. അർജന്റീനയെ ഫുട്‌ബോൾ ചരിത്രത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന വലിയ പരീക്ഷണത്തിനാണ് മെസി തുനിയുന്നത്. മുൻഗാമികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത അപൂർവത സ്വന്തം കളികൊണ്ട് നേടിയെടുക്കാനാണ് ശ്രമം. അത്യപൂർവാവേശം നിറഞ്ഞാടുന്ന മത്സരങ്ങൾകോപ്പയിലും നടക്കും. ഫുട്ബാളിൽ ലാറ്റിനമേരിക്കയും യൂറോപ്പും മായാജാലങ്ങൾ കാഴ്ചവയ്ക്കുന്നത് ഒരേ കാലത്തും ഒരേ സമയത്തുമാണ്.ലോകമാകെയുള്ള ഫുട്‌ബോൾ ആരാധകരുടെ ഉത്സവനാളുകളാണ് ജൂലൈ 14 വരെ. മിക്കകളികളും കാണേണ്ടതായ വീറും വാശിയും നിറഞ്ഞതാകും.

Eng­lish Summary:Sleepless nights in June and July
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.