
16ന് നടന്ന സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നതിനെക്കുറിച്ച് വ്യാജപ്രചരണവുമായി വാര്‍ത്താമാധ്യമങ്ങള്‍. റോഡുകളുടെ ക്രെഡിറ്റ് ആര്‍ക്കെന്നതില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നും അക്കാരണത്താലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നുമായിരുന്നു ഇന്നലെ രാവിലെ മുതല്‍ ചില ചാനലുകള്‍ പ്രചരിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ അന്ന് ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത് മറച്ചുവച്ചാണ് ചില മാധ്യമങ്ങള്‍ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വ്യാജവാര്‍ത്ത ചമച്ചത്.
ഇത്തരമൊരു പ്രചാരണം വ്യാപകമായതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ നിജസ്ഥിതി വിശദീകരിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് അന്നത്തെ മൂന്ന് പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്ന് ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാലവർഷത്തിന് മുന്നോടിയായുള്ള പുനരവലോകന യോഗം, സ്മാര്‍ട്ട് റോഡ് ഉദ്ഘാടനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടി എന്നിവയായിരുന്നു അവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. സർക്കാരിന്റെ നാലാം വാർഷിക പരിപാടികള്‍ വിജയകരമായി മുന്നേറുമ്പോൾ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രിയോടോ ഓഫിസിനോടോ അന്വേഷിക്കാതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി രാജീവും ഈ പ്രചാരണത്തെ നിശിതമായി വിമര്‍ശിച്ചു. റോഡ് ഉദ്ഘാടനം മാത്രമല്ല മുഖ്യമന്ത്രി ഒഴിവാക്കിയതെന്നും മന്ത്രിമാര്‍ ഒറ്റ ടീമായി പോകുന്നതിനാല്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ കൊടുത്ത വാര്‍ത്തയാണതെന്നും രാജീവ് കുറ്റപ്പെടുത്തി. മന്ത്രിസഭയിലുള്ളവരെല്ലാം ഒരേകാലത്ത് ഒന്നിച്ച് വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ പ്രവര്‍ത്തിച്ചവരാണ്. നല്ല രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുധാരണയുണ്ട്. പത്രങ്ങളും സര്‍ക്കാരിന് തരക്കേടില്ലാത്ത മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ തുടരും എന്ന പൊതുബോധവും ശക്തിപ്പെട്ടിട്ടുണ്ട്. ആ സാഹചര്യത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടോയെന്ന് അന്വേഷിക്കലായി. എന്നാല്‍, ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതി. ഈ പരിപ്പ് ഇവിടെ വേവാൻ പോകുന്നില്ല. എല്‍ഡിഎഫ് പോലെ ഇത്ര ശക്തിയുള്ള നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന ഒരു സംവിധാനം വേറെയില്ല. അഭിപ്രായങ്ങളും ചര്‍ച്ചകളും സ്വാഭാവികമാണ്. അതില്‍ തീരുമാനങ്ങളുമുണ്ടാവും, ആ തീരുമാനങ്ങളില്‍ എല്ലാവരും ഉറച്ചുനില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.