15 December 2025, Monday

സ്മാര്‍ട്ടായി കെ സ്മാര്‍ട്ട്: ഈ വര്‍ഷം കൈകാര്യം ചെയ്തത് 31.97 ലക്ഷം ഫയലുകള്‍

Janayugom Webdesk
തിരുവനന്തപുരം 
March 2, 2025 8:32 am

2024 ജനുവരി ഒന്നുമുതൽ സംസ്ഥാന നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ടിലൂടെ ഇതുവരെ കൈകാര്യം ചെയ്തത് 31.97 ലക്ഷം ഫയലുകള്‍. ഇതിൽ 24.08 ലക്ഷം ഫയലുകളും തീർപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 75.3 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. ഓരോ ഓഫിസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാൻ സൗകര്യമുണ്ട്. ഒപ്പം, ഫയൽ തീർപ്പാക്കലിൽ മുൻ ആഴ്ചയുമായുള്ള താരതമ്യവും കെ സ്മാർട്ട് ഡാഷ്ബോർഡിലൂടെ അറിയാൻ കഴിയും. ജോലി സമയത്തിന് ശേഷവും അവധി ദിവസത്തിലും ഉൾപ്പെടെ നഗരസഭകളിൽ നിന്ന് സേവനം ലഭ്യമാകുന്നുവെന്നതും ശ്രദ്ധേയമാണ്. കെ സ്മാർട്ട് ഏപ്രിൽ മുതല്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 

ഇ ഗവേണൻസ് മാസികയുടെ 11-ാമത് പിഎസ്‌യു അവാർഡ് നേടിയ ഐകെഎമ്മിനെ മന്ത്രി അഭിനന്ദിച്ചു. എക്സലൻസ് ഇൻ ഇന്നോവേഷൻ വിഭാഗത്തിലാണ് അവാർഡ് നേടിയത്. ഇ ഗവേണൻസ് രംഗത്തെ വിപ്ലവകരമായ ചുവടുവയ്പായ കെ സ്മാർട്ട് ഉൾപ്പെടെയുള്ള സംഭാവനകൾ പരിഗണിച്ചാണ് ഐകെഎമ്മിനെ അവാർഡിന് തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ ഐകെഎമ്മിന്റെ കണ്‍ട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ടിമ്പിൾ മാഗി പി എസ് പുരസ്കാരം ഏറ്റുവാങ്ങി. ഏപ്രിൽ മാസത്തിൽ ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വിന്യസിക്കുമ്പോൾ ഇ ഗവേണൻസ് രംഗത്ത് കേരളം പുതിയ കുതിച്ചുചാട്ടത്തിനാകും സാക്ഷ്യം വഹിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.