
സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളോട് ഉപകരണങ്ങളുടെ സോഴ്‌സ് കോഡ് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് കേന്ദ്രം തള്ളി. ഇത്തരമൊരു നിര്‍ദേശം സർക്കാർ മുന്നോട്ടുവെച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. മൊബൈൽ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഐടി മന്ത്രാലയം അറിയിച്ചു. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ അവരുടെ സോഴ്‌സ് കോഡ് പങ്കിടാൻ നിർബന്ധിക്കുന്ന ഒരു നടപടിയും ഇന്ത്യാ ഗവൺമെന്റ് നിലവിൽ സ്വീകരിച്ചിട്ടില്ല. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പതിവ് കൂടിയാലോചനകൾ നടത്താറുണ്ട്. ഇതിനെയാണ് തെറ്റായ രീതിയിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ വക്താക്കൾ പറഞ്ഞു. ഉചിതമായ ചർച്ചകൾക്ക് ശേഷം മാത്രമേ സുരക്ഷാ ചട്ടക്കൂടുകൾക്ക് രൂപം നൽകുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി.
സ്മാർട്ട്‌ഫോൺ സുരക്ഷാ പരിശോധനയ്ക്കായി കമ്പനികൾ സോഴ്‌സ് കോഡ് കൈമാറണമെന്നും പ്രധാന സോഫ്റ്റ്‌വേർ അപ്‌ഡേറ്റുകളെക്കുറിച്ച് സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചുവെന്നായിരുന്നു റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉപയോക്താക്കൾക്ക് നീക്കം ചെയ്യാൻ അനുവാദം നൽകണം, കാമറ, മൈക്രോഫോൺ എന്നിവയുടെ രഹസ്യ ഉപയോഗം തടയാൻ കമ്പനികൾ മാറ്റം വരുത്തണം, സർക്കാർ ലാബുകളിൽ വെച്ച് സോഫ്റ്റ്‌വേർ പരിശോധനയ്ക്ക് വിധേയമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഇത്തരം നിര്‍ദേശങ്ങൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. സോഴ്‌സ് കോഡ് സർക്കാരിന് കൈമാറുന്നത് സൈബർ ആക്രമണകാരികൾക്ക് വലിയൊരു പഴുത് ഒരുക്കിക്കൊടുക്കുമെന്നും ഇത് രാജ്യത്തെ എല്ലാ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെയും സുരക്ഷയെ ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. മുൻപ് ‘സഞ്ചാർ സാഥി’ എന്ന സൈബർ സുരക്ഷാ ആപ്പ് സ്മാർട്ട്‌ഫോണുകളിൽ നിർബന്ധമാക്കാനുള്ള നീക്കം വ്യാപക പ്രതിഷേധത്തെത്തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.