
തൃശൂർ സ്വദേശിയിൽ നിന്നും 600 ഗ്രാം കള്ളക്കടത്ത് സ്വര്‍ണവും 32 ലക്ഷം രൂപയും കവർന്ന സുഹൃത്തുക്കളും ക്വട്ടേഷൻ സംഘവും പൊലീസ് പിടിയിൽ. സംഭവത്തിൽ സഹോദരങ്ങൾ ഉള്‍പ്പെടെ നാലുപേരാണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ മൈലാമൂട് ചാമക്കാലയിൽ വീട്ടിൽ അരുൺ ബാബു (35), സഹോദരൻ സുവിൻ ബാബു (32), തിരുവനന്തപുരം ആട്ടക്കുളങ്ങര സ്വദേശി ഷഫീക് (39), മുട്ടത്തറ സ്വദേശി അരുൺകുമാർ (35) എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശിയായ പരാതിക്കാരൻ 300 ഗ്രാം വീതം തൂക്കം വരുന്ന മൂന്നു സ്വർണക്കട്ടികൾ കഴിഞ്ഞ ഒമ്പതിന് ദുബൈയിൽ നിന്നും വിമാനമാർഗം നെടുമ്പാശേരി വഴി ദൂരദർശിനിയിൽ ഒളിപ്പിച്ച് കടത്തികൊണ്ടുവന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഈ സ്വർണം വിറ്റഴിക്കുവാൻ വിദേശത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുവിൻ ബാബുവിനോട് സഹായം തേടി. സുവിന്റെ ഉറപ്പിൻമേൽ കുളത്തുപ്പുഴയിൽ എത്തിയ പരാതിക്കാരന് പക്ഷേ ആദ്യ വരവിൽ സ്വർണം വിൽക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സുവിനും സഹോദരൻ അരുൺ ബാബുവും സമീപവാസിയായ ഷമീറുമായി ചേര്‍ന്ന് സ്വർണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരത്തുള്ള കൊട്ടേഷൻ സംഘത്തിന് വിവരങ്ങൾ കൈമാറി. കഴിഞ്ഞ 30ന് പരാതിക്കാരൻ വീണ്ടും കുടുംബസമേതം സുവിൻ ബാബുവിന്റെ വീട്ടിലെത്തി. 300 ഗ്രാം സ്വര്‍ണം കടയ്ക്കലെ ജ്യൂവലറിയിൽ വിറ്റഴിച്ചു. സ്വർണം വിറ്റുകിട്ടിയ പണവും ബാക്കി സ്വർണവുമായി മടങ്ങിയെത്തി മൈലമൂട്ടിലെ സുവിന്റെ വീട്ടിൽ വിശ്രമിക്കുന്നതിനിടെ കാത്തുനിന്നിരുന്ന ക്വട്ടേഷൻ സംഘം കവര്‍ച്ച നടത്തുകയായിരുന്നു. പരാതിക്കാരനെ ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. പണവും ബാക്കിയുണ്ടായിരുന്ന സ്വർണവും കുടുംബത്തിന്റെ ചിലവിനുവേണ്ടി കരുതിയുരുന്ന 40,000 രൂപയും ഭാര്യയുടെ ബാഗിലുണ്ടായിരുന്ന വെളളിയാഭരണങ്ങളും മറ്റ് സ്വർണാഭരണവും ഇവരുടെ മൊബൈൽ ഫോണും അടക്കം ഒരുകോടി രൂപയുടെ കവർച്ച നടത്തി.
തനിക്ക് ഒന്നു അറിയില്ലന്നും മറ്റേതോ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നുമായിരുന്നു സുവിന്റെ വാദം. പരാതിക്കാരൻ അറിയിച്ചതിൻ പ്രകാരം കുളത്തൂപ്പുഴ കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തറിയുന്നത്.
പ്രതികളിൽ സുവിൻ ബാബു അടക്കമുള്ളവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴേക്കും കേസിലെ മുഖ്യ സൂത്രധാരൻ മൈലാമൂട് സ്വദേശി ഷമീർ വിദേശത്തേക്ക് കടന്നു. പണവും സ്വർണവുമായി കടന്ന കൊട്ടേഷൻ സംഘത്തിലെ തിരുവനന്തപുരം സ്വദേശികളായ ഷാജഹാൻ, മനോജ്, വേണു എന്നിവരെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ വാളയാറിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. പരാതിക്കാരന്റെ പേരുവിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.