
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പാമ്പ് കടി നഷ്ടപരിഹാരത്തിന്റെ പേരില്‍ വന്‍ കുംഭകോണം. 38 പേരെ പാമ്പ് കടിച്ച വകയില്‍ പതിനൊന്ന് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തതായി അവകാശപ്പെടുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട് വാരിയാണ് മോഹന്‍ യാദവ് സര്‍ക്കാരിന്റെ അഴിമതി പരസ്യമാക്കിയത്. സിയോണി ജില്ലയിലെ ഒരു ബിജെപി നേതാവാണ് 38 തവണ പാമ്പ് കടിയേറ്റെന്ന് കാണിച്ച് സര്‍ക്കാരില്‍ നിന്ന് 11 കോടി തട്ടിയെടുത്തത്. സിയോണി ജില്ലയില്‍ മാത്രമാണ് സര്‍പ്പദംശനമേറ്റ വകയില്‍ 11 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തത്. 38 തവണ പാമ്പ് കടിയേറ്റു എന്ന വ്യാജ രേഖ തയ്യാറാക്കിയാണ് പ്രാദേശിക ബിജെപി നേതാവും അനുയായികളും കോടികള്‍ അപഹരിച്ചത്. ഓരോ തവണയും നാല് ലക്ഷം രൂപ വീതമായിരുന്നു തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാരമായി ലഭിച്ചത്.
വേഗത്തില്‍ ഈ തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. സിയോണി ജില്ലയില്‍ 47 പേര്‍ പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് സര്‍ക്കാര്‍ ഫണ്ട് തട്ടിപ്പ് വിവരം പുറത്ത് വന്നത്. മധ്യപ്രദേശില്‍ പാമ്പ് കടിയേറ്റ് മരണപ്പെട്ടാല്‍ നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇത് മുതലെടുത്താണ് പ്രാദേശിക ബിജെപി നേതാവും സംഘവും 11 കോടി തട്ടിയെടുത്തത്. സര്‍ക്കാരിന് സമര്‍പ്പിച്ച രേഖ അനുസരിച്ച് ഒരാള്‍ 30 തവണയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വ്യാജ രേഖകളായിരുന്നു ഇതിനായി ഹാജരാക്കിയത്. മറ്റൊരു വ്യക്തി രേഖകള്‍ പ്രകാരം 19 തവണയാണ് ഇഹലോകവാസം വെടിഞ്ഞത്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവം വിവാദമായോതോടെ സംസ്ഥാന ധന വകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു.
ട്രഷറി ഡിവിഷണല്‍ ജോയിന്റ് ഡയറക്ടര്‍ രോഹിത് സിങ് കൗശലാണ് അഴിമതി അന്വേഷിക്കുക. അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് കൗശല്‍ പ്രതികരിച്ചു. മോഹന്‍ യാദവ് സര്‍ക്കാരിന്റെ ഭരണത്തില്‍ ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ ഖജനാവ് കട്ടുമുടിക്കുകയാണെന്ന് ജിതു പട് വാരി ആരോപിച്ചു. മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി നേതാക്കളാണ് ഭരണം നിയന്ത്രിക്കുന്നത്. 11 കോടി രൂപ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ സത്യം പുറത്ത് വരണം. അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്ത് വിട്ട് പ്രതികളെ കല്‍ത്തുറുങ്കില്‍ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.