18 January 2026, Sunday

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലൂടെ ഇതുവരെ നിയമനം ലഭിച്ചത് 2439 പേർക്ക്

Janayugom Webdesk
തിരുവനന്തപുരം
June 30, 2025 8:24 pm

2016ൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെഡിആര്‍ബി) രൂപീകരിച്ചതു മുതൽ ഇതുവരെ 2439 പേർക്ക് നിയമനം നൽകിയെന്ന് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളിലായി ആകെ 157 തസ്തികകള്‍ വിജ്ഞാപനം ചെയ്തു. ഇതില്‍, പ്രസിദ്ധീകരിച്ച 115 റാങ്ക് ലിസ്റ്റുകളിലായി 6429 പേര്‍ ഉള്‍പ്പെടുകയും 2439 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ തസ്തികകളിലുണ്ടാകുന്ന ഒഴിവുകൾ അതത് ബോർഡിന് റിപ്പോർട്ട് ചെയ്തശേഷം എഴുത്തുപരീക്ഷ, അഭിമുഖം. പ്രായോഗിക പരീക്ഷ എന്നിവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ നിന്ന് ഉദ്യോഗാർത്ഥികളെ നിയമനത്തിന് നിർദേശിക്കുകയാണ് ബോർഡ് ചെയ്യുന്നതെന്നും ചെയര്‍മാൻ ചൂണ്ടിക്കാട്ടി. 

ഗുരുവായൂർ ദേവസ്വത്തിൽ 38 തസ്തികകളിലെ 406 ഒഴിവുകളിലേക്ക് 1.03 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിൽ എൽഡി ക്ലർക്ക് തസ്തികയിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ള 57,762 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി 13ന് ഒഎംആര്‍ പരീക്ഷ നടക്കും. ക്ലാസ് ഫോര്‍ വിഭാഗമായ സാനിറ്റേഷൻ വർക്കര്‍, ഗാർഡനർ, കൗബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, വിളക്കുതുട, കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ്, കൃഷ്ണനാട്ടം, ഗ്രീൻ റൂം സര്‍വെന്റ്, ആയ, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ എന്നീ 11 തസ്ത‌ികകളില്‍ 14,365 അപേക്ഷകർക്കായി 20ന് തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളില്‍ ഒഎംആര്‍ പരീക്ഷ നടക്കും. റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറി എസ് ലത, പരീക്ഷാ കണ്‍ട്രോളര്‍ ആര്‍ ഗീത, അംഗങ്ങളായ ബി വിജയമ്മ, കെ കുമാരൻ എന്നിവരും പങ്കെടുത്തു. 

* ബോര്‍ഡ്, തസ്തികകളുടെ എണ്ണം, പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ്, ലിസ്റ്റിലുള്ളവരുടെ എണ്ണം, നിയമനം എന്ന ക്രമത്തില്‍

തിരുവിതാംകൂര്‍: 32 — 31- 3390 — 1443
കൊച്ചിൻ: 17 — 17 — 1181- 546
ഗുരുവായൂര്‍: 85 — 45- 1080- 278
മലബാര്‍: 12- 12 — 465- 116
കൂടല്‍മാണിക്യം: 05- 05 — 150 — 26
കെഡിആര്‍ബി: 06- 05 — 163 — 30‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.