23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 12, 2024
November 29, 2024
November 12, 2024
October 23, 2024
September 6, 2024
August 24, 2024
July 24, 2024
July 21, 2024
July 10, 2024

കേന്ദ്രത്തിന്റെ അനാസ്ഥയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈകുന്നു; സിഎജി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2024 10:57 pm

കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ കാരണം കോടിക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാന്‍ വൈകുന്നുവെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.
കേന്ദ്രപദ്ധതിയെന്ന് അവകാശപ്പെടുമ്പോഴും ദേശീയ സാമൂഹ്യ സഹായ പെന്‍ഷന്റെ (എന്‍എസ്എപി) ഗുണഭോക്തൃവിഹിതം ഏറ്റവും കൂടുതല്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതും പെൻഷൻ തുക കൂട്ടുന്നതും അടിയന്തിരമായി പരിഗണിക്കണമെന്ന് സിഎജി നിര്‍ദേശിച്ചു. കൃത്യസമയത്ത് പെന്‍ഷന്‍ വിതരണം ചെയ്യണം.
പ്രായമായവര്‍, വിധവകള്‍, അനാഥര്‍, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന എന്‍എസ്എപി 1995 മുതലാണ് ആരംഭിച്ചത്. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്‍ഷന്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം 2016 മുതല്‍ ഇവയെല്ലാം ഒരു കുടക്കീഴിലാക്കി. 

2017നും 21നും ഇടയ്ക്ക് മൊത്തം ചെലവായ തുകയുടെ 24 ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ബാക്കിയെല്ലാം സംസ്ഥാനങ്ങളാണ് വഹിച്ചത്. സിഎജി റിപ്പോർട്ട് പ്രകാരം 34,432 കോടി രൂപയാണ് എൻഎസ്എപിക്കായി കേന്ദ്രസർക്കാർ ചെലവഴിച്ചത്. കേന്ദ്ര ബജറ്റ് രേഖകൾ അനുസരിച്ച്, ഈ വർഷങ്ങളിൽ എൻഎസ്എപിയുടെ ചെലവ് 35,052 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന കുറഞ്ഞ തുക നികത്താനുള്ള അധിക പണം സംസ്ഥാനങ്ങള്‍ നല്‍കി. ഇത് 1,09,044 കോടി വരും. കേന്ദ്രം മുടക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക കേന്ദ്രപദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് അര്‍ത്ഥം. എന്നിട്ടും പദ്ധതിയുടെ പേര് കേന്ദ്രപദ്ധതിയെന്നാണ്. 

2012ലാണ് പെൻഷൻ തുക അവസാനമായി പരിഷ്കരിച്ചത്, 80 വയസും അതിൽ കൂടുതലുമുള്ളവർക്ക് കേന്ദ്ര വിഹിതം പ്രതിമാസം 200 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചു. ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയ്ക്കായി, കേന്ദ്ര വിഹിതം പ്രതിമാസം 300 രൂപയാക്കി. കേന്ദ്രപെന്‍ഷന് പുറമെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തംനിലയ്ക്ക് സാമൂഹ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നു. രാജ്യത്തുടനീളമുള്ള പെന്‍ഷന്‍ വിതരണം (നേരിട്ട് ആനുകൂല്യം നല്‍കുന്നതും ആധാർ അടിസ്ഥാനമാക്കിയുള്ള വിതരണവും നിർബന്ധിതമാക്കല്‍) അനുയോജ്യമാണോ എന്ന് പരിഗണിക്കാതെ അത് ഏകീകരിക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. ഇത് പെൻഷൻകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നു. ബാങ്കിലെത്തുക, അവിടുത്തെ തിരക്ക്, പേപ്പർവർക്കുകൾ, ഒഴിവാക്കലുകൾ എന്നിവ കാരണം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ കാലതാമസം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കേന്ദ്ര വിഹിതം തുച്ഛമാണെങ്കിലും സംസ്ഥാനങ്ങള്‍ പെൻഷൻ തുക ഉയര്‍ത്തുന്നു. കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന വിഹിതം നല്‍കുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്ന 80 വയസിനു മുകളിലുള്ളവര്‍ക്ക് 500 രൂപയും അതിൽ താഴെയുള്ളവര്‍ക്ക് 200 രൂപയും മാത്രം കേന്ദ്ര വിഹിതം ലഭിക്കുമ്പോള്‍ എല്ലാവര്‍ക്കും 1,600 രൂപയാണ് സംസ്ഥാനം നല്‍കുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളിൽ 57,500 കോടിയോളം രൂപയാണ് ക്ഷേമപെന്‍ഷനായി കേരളം വിതരണം ചെയ്തത്. എന്നാല്‍ ഗോവ, പഞ്ചാബ്, നാഗാലാൻഡ്, മണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളില്‍ ഈ സംവിധാനമില്ല. കുറഞ്ഞ പെന്‍ഷനാണ് അവിടങ്ങളില്‍ നല്‍കുന്നത്.

Eng­lish Sum­ma­ry: Social secu­ri­ty pen­sions delayed due to Cen­tre’s neg­li­gence; CAG Report

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.