
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2,000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് അവസാന ഗഡു കുടിശികയും ലഭിക്കുന്നത്. 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശികയ്ക്ക് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ കുടിശിക പൂർണമായും കൊടുത്തു തീർക്കുകയാണെന്നും ധന മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023–24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുള്ളത്. സാർവത്രിക ക്ഷേമ പെൻഷൻ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.