24 December 2025, Wednesday

Related news

December 22, 2025
November 25, 2025
November 20, 2025
November 5, 2025
October 31, 2025
October 28, 2025
October 23, 2025
October 17, 2025
October 1, 2025
September 24, 2025

പെന്‍ഷന്‍ ഉള്‍പ്പെടെ സാമൂഹ്യക്ഷേമ പദ്ധതികള്‍: ഞെരുക്കത്തിലും കെെവിടില്ല

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 10, 2024 10:47 pm

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ പദ്ധതികളിലെ കുടിശിക നിവാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവേചനപരമായ കേന്ദ്രനയങ്ങള്‍ കാരണമുണ്ടായ ഞെരുക്കത്തിന്റെ ഭാഗമായാണ് സാമൂഹ്യക്ഷേമ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും ഉള്‍പ്പെടെ കുടിശികയായ സാഹചര്യമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സപ്ലൈകോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ആരോഗ്യ മേഖലയിലുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കും സാമ്പത്തികഞെരുക്കം തിരിച്ചടിയായി. ക്ഷേമാനുകൂല്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. കുടിശിക നിവാരണം ഒരു സമയബന്ധിത പരിപാടിയായി ഏറ്റെടുത്ത് നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നതായും ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നയങ്ങൾ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുമ്പോഴും സംസ്ഥാനത്ത് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഈ വര്‍ഷം മേയ് വരെ അനുവദിച്ച പെൻഷനുകളുടെ കേന്ദ്ര വിഹിതവും നൽകിയത് സംസ്ഥാന സർക്കാരാണ്. 2023 ജൂൺ വരെ മാത്രമാണ് കേന്ദ്ര വിഹിതം ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതത്തിന്റെ അധിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ട സ്ഥിതിയാണ്. നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ച് ഗഡുക്കൾ കുടിശികയാണ്. പ്രതിമാസം 1,600 രൂപയാണ് പെൻഷനായി വിതരണം ചെയ്യുന്നത്. മാർച്ച് മുതല്‍ നിലവിലെ പെൻഷൻ കൃത്യസമയത്തു നൽകിവരുന്നുണ്ട്. കുടിശിക 2024–25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025–26ൽ മൂന്നു ഗഡുക്കളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയ്ക്കുള്ള സഹായം, നെല്ല് സംഭരണം, നെല്ലുല്പാദനം എന്നിവയ്ക്ക് നൽകേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകൾ എന്നിവയിലെ കുടിശിക ഈ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യും. തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോർഡുകളിലുള്ള കുടിശിക നിവാരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പ്രത്യേക ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഖാദി മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ നൽകിവരുന്ന ഇൻകം സപ്പോർട്ട് സ്കീം, ഖാദി വസ്ത്രങ്ങൾക്കുള്ള റിബേറ്റ്, ഉല്പാദക ബോണസ്-ഉത്സവ ബത്ത എന്നിവയില്‍ 80 കോടിയാണ് കുടിശിക. ഇത് കൊടുത്തുതീർക്കാനുള്ള നടപടി സ്വീകരിക്കും. കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ കുടിശികയായ 11.22 കോടി രൂപയും അനുവദിക്കാന്‍ നടപടി സ്വീകരിക്കും.
കാരുണ്യ പദ്ധതിയുടെ ഭാഗമായും മരുന്ന് വിതരണത്തിനുള്ള ബില്ലുകളിലും വന്ന കുടിശിക സമയബന്ധിതമായി ഈ സാമ്പത്തിക വർഷത്തിൽത്തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്നുലഭ്യതയ്ക്കും മറ്റും ഈ കുടിശിക തടസമാകരുതെന്ന് സർക്കാരിന് നിർബന്ധമുള്ളതിനാൽ ഇത് പൂർണമായും കൊടുത്തുതീർക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

ചെലവുകള്‍ മിതമാക്കും; വരുമാനം കൂട്ടും

വരുമാനം വർധിപ്പിക്കുന്നതോടൊപ്പം മിതവ്യയം പാലിക്കുന്നതിനും സർക്കാർ സേവനങ്ങൾ ജനങ്ങളിൽ സുതാര്യമായും സങ്കീർണമല്ലാതെയും എത്തിക്കാനുമുള്ള പ്രത്യേക ഉത്തരവുകൾ 31നകം ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കും. ഇതിനു മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.
നികുതി-നികുതിയേതര വരുമാനം പരമാവധി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. നികുതിയേതര വരുമാന വർധനയ്ക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. സർക്കാർ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
പരിമിതികൾക്കകത്തുനിന്നുകൊണ്ട് നാടിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതോടൊപ്പം, ചെലവ് ചുരുക്കലിനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സാമൂഹ്യ സുരക്ഷാ പെൻഷൻ വര്‍ധിപ്പിക്കും

2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവർക്ക് 600 രൂപ വീതമാണ് നൽകി വന്നിരുന്നത്. ഇതുതന്നെ 18 മാസം വരെ കുടിശികയായിരുന്നു. 2016ൽ വന്ന എൽഡിഎഫ് സർക്കാര്‍ കുടിശിക മുഴുവൻ തീർത്ത് നൽകി. ഇപ്പോഴാകട്ടെ, 62 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ തുക ഘട്ടംഘട്ടമായി ഉയർത്തി 1,600 രൂപയാക്കിയിട്ടുമുണ്ട്. ഇത് ഇനിയും വർധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Social Wel­fare Schemes includ­ing Pension

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.