3 October 2024, Thursday
KSFE Galaxy Chits Banner 2

സോഫ്റ്റ്‌വേര്‍ കയറ്റുമതി; 13,255 കോടി രൂപയിലധികം വരുമാനവുമായി ടെക്നോപാർക്ക്

മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനത്തോളം വളർച്ച
Janayugom Webdesk
തിരുവനന്തപുരം
August 17, 2024 2:09 pm

ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‌വേര്‍ കയറ്റുമതി വരുമാനത്തിൽ 2023–24 സാമ്പത്തിക വർഷം 13,255 കോടി വളർച്ചയുമായി ടെക്നോപാർക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം സോഫ്റ്റ്‌വേര്‍ കയറ്റുമതിയിൽ ടെക്നോപാർക്കിന്റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബിൽ 490 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 

75,000 പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും നൽകി വരുന്നു. കേരളത്തിലെ ഊർജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെയും ഇവിടെ പ്രവർത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്റെയും പ്രൊഫഷണലിസത്തിന്റെയും കരുത്ത് തെളിയിക്കുന്നതാണ് ഈ മികവാർന്ന പ്രകടനമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു. ടെക്നോപാർക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും നിർണായക നേട്ടം കൈവരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാണ് ടെക്നോപാർക്കെന്നും സംസ്ഥാനത്തിന്റെ കരുത്താർന്ന ആവാസവ്യവസ്ഥയ്ക്ക് ഇത് പുത്തൻ ഉണർവ് പകരുമെന്നും അദ്ദേഹം പറഞ്ഞു. 

ബഹിരാകാശ സാങ്കേതികവിദ്യ, ഫിൻടെക്, മെഡ്ടെക്, ഇവി, ലോജിസ്റ്റിക്സ്, തുടങ്ങി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ സാധ്യമാക്കുന്ന കമ്പനികളുടെ വികസനത്തിനായി ടെക്നോപാർക്ക് വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാർക്ക് മാറും. ബിസിനസ് വളർച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളിൽ ഈ വർഷം തന്നെ ടെക്നോപാർക്കിലെ നിരവധി കമ്പനികൾ നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.

TOP NEWS

October 3, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.