
സംസ്ഥാനത്ത് വൈദ്യുതി ലൈനുകൾ പരിശോധിക്കുന്നതും അപകട സാധ്യതകൾ കണ്ടെത്തുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും രേഖപ്പെടുത്തുന്നതിന് കെഎസ്ഇബി സോഫ്റ്റ്‌വേർ തയ്യാറാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജാഗ്രതാ സമിതികളും വൈദ്യുതി സുരക്ഷ സംബന്ധിച്ച കമ്മിറ്റികളും കൃത്യമായ ഇടവേളകളിൽ ചേരുന്നതിനും അതിലെ തീരുമാനങ്ങളും തുടര്‍നടപടികളും അപ്‍ലോഡ് ചെയ്യുന്നതിനും സോഫ്റ്റ്‌വേർ തയ്യാറാക്കും. വൈദ്യുതി സുരക്ഷ സംബന്ധിച്ച് വീഴ്ചയില്ലാതെ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി അറിയിച്ചു.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്ത് നടപ്പാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയും ഓഗസ്റ്റ് 15ന് മുമ്പ് ചേരും. രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന ഓരോ വൈദ്യുതി അപകങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വൈദ്യുതി അപകടം ഉണ്ടായാൽ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം കർശന നടപടികൾ സ്വീകരിക്കും. സ്കൂൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അടിയന്തര സുരക്ഷാ പരിശോധന ഈ മാസം പൂർത്തിയാക്കും. ഓഗസ്റ്റ് 15നകം എല്ലാ ലൈനുകളുടെയും സുരക്ഷാ പരിശോധന പൂർത്തിയാക്കാനും തീരുമാനിച്ചു. പുതിയ വൈദ്യുതി ലൈൻ നിർമ്മാണം കവചിത കണ്ടക്ടറുകൾ ഉപയോഗിച്ച് മാത്രമായിരിക്കും. വൈദ്യുത പോസ്റ്റുകളിൽ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യാനും തീരുമാനിച്ചു. ഊർജ്ജ അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, കെഎസ്ഇബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മിർ മുഹമ്മദ് അലി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി വിനോദ്, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ആർ ഹരികുമാർ, കെഎസ്ഇബി ഡയറക്ടർമാർ, ചീഫ് എൻജിനീയർമാർ, ചീഫ് സേഫ്റ്റി കമ്മിഷണർ, ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.