21 January 2026, Wednesday

സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന് തിരിച്ചടി; 15,278 കോടി രൂപ കെട്ടിവെക്കാൻ അമേരിക്കൻ കോടതിയുടെ ഉത്തരവ്

Janayugom Webdesk
കാലിഫോർണിയ
January 9, 2026 8:04 pm

പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ‘സോഹോ‘യുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പുവിന് വിവാഹമോചനക്കേസിൽ കനത്ത തിരിച്ചടി. വിവാഹമോചന നടപടികൾ ആരംഭിച്ചതിന് ശേഷം ആസ്തികൾ മാറ്റിയതുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് 1.7 ബില്യൺ ഡോളർ (ഏകദേശം 15,278 കോടി രൂപ) ബോണ്ട് തുകയായി കെട്ടിവെക്കാൻ കാലിഫോർണിയ കോടതി ഉത്തരവിട്ടു. വെമ്പു സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പുലർത്തിയില്ലെന്നും നിയമങ്ങൾ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു.

ശ്രീധർ വെമ്പുവിന്റെ ഭാര്യ പ്രമീള ശ്രീനിവാസൻ സമർപ്പിച്ച അപേക്ഷയിലാണ് 2025 ജനുവരിയിൽ കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ കമ്പനിയുടെ ആസ്തികൾ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റിയതായും ഇത് സ്വത്ത് വിഭജനത്തെ ബാധിക്കുമെന്നും പ്രമീള ആരോപിച്ചിരുന്നു. കാലിഫോർണിയയിലെ നിയമപ്രകാരം വിവാഹജീവിതത്തിനിടയിൽ സമ്പാദിക്കുന്ന ആസ്തികൾ പങ്കാളികൾക്ക് തുല്യമായി അവകാശപ്പെട്ടതാണ്.

അമേരിക്കയിലുള്ള സോഹോയുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ വെമ്പുവിന്റെ സുഹൃത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാൻ ശ്രമിച്ചതായും കോടതി കണ്ടെത്തി. ഇത്തരത്തിൽ ആസ്തികൾ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റുന്നത് തുടർന്നാൽ ഭാര്യയ്ക്ക് ലഭിക്കേണ്ട വിഹിതം ഉറപ്പാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 2025 ജനുവരി 15 മുതൽ 45 ദിവസത്തിനുള്ളിൽ തുക കെട്ടിവെക്കാനാണ് നിർദ്ദേശം.

2019ൽ തമിഴ്‌നാട്ടിലെ തന്റെ പൂർവ്വിക ഗ്രാമത്തിലേക്ക് താമസം മാറിയ ശ്രീധർ വെമ്പു, 2021‑ലാണ് വിവാഹമോചന നടപടികൾ ആരംഭിച്ചത്. 1996‑ൽ സഹോദരങ്ങൾക്കൊപ്പം ‘അഡ്വെന്റ്നെറ്റ്’ എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് സോഹോ കോർപ്പറേഷനായി മാറിയത്. ആസ്തി വിഭജനവുമായി ബന്ധപ്പെട്ട ഈ നിയമപോരാട്ടം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.