26 February 2026, Thursday

Related news

February 14, 2026
February 11, 2026
February 6, 2026
February 1, 2026
January 1, 2026
December 16, 2025
November 18, 2025
November 7, 2025
November 6, 2025
November 6, 2025

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാൻ മണ്ണില്ലാ കൃഷി; ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ മാറ്റത്തിന് തുടക്കം

Janayugom Webdesk
ഭോപ്പാൽ
February 6, 2026 4:35 pm

മണ്ണില്ലാതെ ഉരുളക്കിഴങ്ങ് വളര്‍ത്താനുള്ള വിദ്യ വിജയകരമായി പരീക്ഷിച്ച് മധ്യപ്രദേശിലെ രാജ്മാത വിജയരാജ സിന്ധ്യ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. ഏയ്റോപോണിക്സ് എന്നറിയപ്പെടുന്ന നൂതന കൃഷിരീതിയിലൂടെ രോഗമില്ലാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ വിത്തുകിഴങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നിർമ്മിക്കാൻ സാധിക്കും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പരമ്പരാഗത കൃഷി നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുന്നതിനും ഈ മണ്ണില്ലാ കൃഷിരീതി സഹായകമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

മണ്ണില്ലാതെ വായുവിൽ സസ്യങ്ങളെ വളർത്തുന്ന രീതിയാണ് ഏയ്റോപോണിക്സ്. ഈ സംവിധാനത്തിൽ ചെടിയുടെ വേരുകൾ വായുവിൽ തൂങ്ങിക്കിടക്കുകയും അവയിലേക്ക് പോഷകസമൃദ്ധമായ ജലം കണികാരൂപത്തിൽ കൃത്യമായ ഇടവേളകളിൽ തളിക്കുകയും ചെയ്യുന്നു. മണ്ണിൽനിന്നുള്ള പോഷകങ്ങളെ ആശ്രയിക്കുന്നതിന് പകരം നിയന്ത്രിതമായ അന്തരീക്ഷത്തിൽ നേരിട്ട് ധാതുക്കൾ നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. മണ്ണിൽ വളരുന്നതിനേക്കാൾ കൂടുതൽ ഓക്സിജൻ വേരുകൾക്ക് ലഭിക്കുന്നതുവഴി ചെടികൾ വേഗത്തിൽ വളരാനും പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാനും അവസരം ലഭിക്കുന്നു.

ഗ്രീൻ ഹൗസുകളിലോ നെറ്റ് ഹൗസുകളിലോ പൂർണമായും നിയന്ത്രിതമായ അന്തരീക്ഷത്തിലാണ് ഈ കൃഷി നടക്കുന്നത്. ഇവിടെ താപനില, ഈർപ്പം, ജലസേചനം എന്നിവയെല്ലാം ഗവേഷകർക്ക് നിരീക്ഷിക്കാനും ക്രമീകരിക്കാനും സാധിക്കും. 1920കളിൽതന്നെ ചെടികളുടെ വേരുകളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഇത്തരം രീതികൾ പരീക്ഷിച്ചിരുന്നു. 1957ലാണ് ഏയ്റോപോണിക്സ് എന്ന പേര് ഔദ്യോഗികമായി നൽകപ്പെട്ടതെങ്കിലും, 1980കളോടെയാണ് ഇത് വ്യാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയത്.

സാധാരണ ഉരുളക്കിഴങ്ങ് കൃഷിയിൽ വിത്തുകിഴങ്ങുകൾ വഴി ഒരു വിളയിൽനിന്ന് മറ്റൊന്നിലേക്ക് രോഗങ്ങൾ പടരാൻ സാധ്യത കൂടുതലാണ്. എന്നാൽ, ഏയ്റോപോണിക്സ് സംവിധാനത്തിലൂടെ രോഗരഹിതമായ ‘മിനി ട്യൂബറുകൾ’ അഥവാ ചെറിയ വിത്തുകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു. സാധാരണ നഴ്സറി രീതികളേക്കാൾ കുറഞ്ഞ സ്ഥലവും വെള്ളവും മാത്രം ഉപയോഗിച്ച് കൂടുതൽ വിത്തുകൾ നിർമ്മിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇത്തരത്തിൽ ലഭിക്കുന്ന വിത്തുകൾ പിന്നീട് കൃഷിക്കായി ഉപയോഗിക്കുന്നതിലൂടെ മികച്ച വിളവ് ഉറപ്പാക്കാൻ കർഷകർക്ക് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.