21 January 2025, Tuesday
KSFE Galaxy Chits Banner 2

കാരുണ്യത്തിന്റെ കർമ്മപഥത്തിൽ ഒന്നരപ്പതിറ്റാണ്ട്

ബിനോയ് ജോർജ് പി
തൃശൂർ
November 10, 2023 10:05 pm

ആയിരക്കണക്കിന് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും അത്താണിയും ആശ്വാസവുമായി തൃശൂരിലെ ‘സൊലസ്’ മാറിയിട്ട് 15 വർഷം പിന്നിടുന്നു. ഷീബ അമീര്‍ എന്ന അമ്മയുടെ ഉളളുരുകലിൽ നിന്നും രൂപമെടുത്ത ഈ സന്നദ്ധസേവന പ്രസ്ഥാനം ഇന്ന് സംസ്ഥാനത്തെ 5,000ത്തിലേറെ കുട്ടികൾക്കാണ് സ്നേഹസേവനം നൽകുന്നത്. കാൻസർ പോലെ ദീർഘകാല രോഗങ്ങൾ ബാധിച്ച് സാമ്പത്തികവും മാനസികവുമായി തകർന്ന സാധാരണക്കാരായ കുട്ടികളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുകയാണ് സൊലസ്.

കാൻസർ ബാധിതയായി മരിച്ച മകൾ നിലൂഫറിന്റെ ഓർമ്മയും സ്നേഹവുമാണ് ഷീബ അമീർ എന്ന അമ്മയിലൂടെ മറ്റു കുഞ്ഞുങ്ങളിലേക്കും പ്രസരിക്കുന്നത്. ഇത്തരം അസുഖങ്ങൾ പിടിപെടുമ്പോൾ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുന്ന മാനസികാഘാതവും പിരിമുറുക്കവും ലഘൂകരിച്ച് അവർക്കാവശ്യമായ സാമ്പത്തികവും മാനസികവുമായ വലിയ കരുതലാണ് സൊലസ് നൽകുന്നത്.

കാൻസർ, സെറിബ്രൽപാഴ്സി, ഹൃദ്രോഗം തുടങ്ങിയവയെ മനോധൈര്യത്തോടെ അഭിമുഖീകരിക്കുന്നതിനും ആവശ്യമായ ചികിത്സ ഏർപ്പെടുത്തുന്നതിനും സഹായം നൽകുമ്പോൾ, ആ കുടുംബങ്ങൾ അനുഭവിക്കുന്നത് വലിയൊരു ആശ്വാസവും ആത്മവിശ്വാസവുമാണ്. സ്നേഹ‑കാരുണ്യങ്ങളുടെ വീഥിയിൽ കരുത്തായി 10 ട്രസ്റ്റ് അംഗങ്ങളും 25ലേറെ സന്നദ്ധപ്രവർത്തകരും ഷീബയുടെ കൂടെയുണ്ട്. കേരളത്തിലെ 10 കേന്ദ്രങ്ങളില്‍ രജിസ്റ്റർ ചെയ്ത കുഞ്ഞുങ്ങളുടെ മരുന്നിനായി മാസം ആവശ്യമുള്ളത് 50 ലക്ഷത്തിലേറെ രൂപയാണ്. പലപ്പോഴും ഇത്രയും പണം സംഭരിക്കുന്നതിനെക്കുറിച്ചുള്ള ആലോചന വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ഷീബ പറയുന്നു. എങ്കിലും സ്നേഹവും ഹൃദയത്തിൽ നന്മയുമുള്ള വലിയ ‘മനസുകൾ’ പല വഴികളിലൂടെ സഹായവുമായി എത്തുന്നു. അയ്യായിരത്തോളം ‘കുട്ടി’ കുടുംബങ്ങളുടെ വലിയ കുടുംബമായ സൊലസിന് പ്രവർത്തനോർജം നൽകുന്നത് അറിയുന്നതും അറിയാപ്പെടാത്തതുമായ ഇത്തരം സുമനസുകളാണ്.

തിരുവനന്തപുരത്ത് നാല് വർഷം മുമ്പ് ആരംഭിച്ച സെന്ററിൽ 1200 ലേറെ കുട്ടികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂരിലെ സെന്ററിൽ രണ്ടായിരത്തോളം കുട്ടികൾക്ക് സഹായങ്ങൾ നൽകുന്നു. കലാ-സാംസ്കാരിക‑സാമൂഹിക മേഖലകളിലെ പലരും സൊലസിന്റെ അഭ്യുദയകാംക്ഷികളാണ്. കഴിഞ്ഞ തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. എം തോമസ് മാത്യു അവാർഡ് തുകയായ ഒരു ലക്ഷം രൂപ സൊലസിന് കെെമാറി. അവാർഡ് കൃതിയായ ‘ആശാന്റെ സീതായനം’ അദ്ദേഹം സമർപ്പിച്ചത് ഷീബ അമീറിന്റെ മകൾ നീലൂഫറിന്റെ ഓർമ്മയ്ക്കായാണ്.

അസുഖബാധിതരായ കുട്ടികളിൽ ഏറ്റവും അർഹതയുള്ളവർക്ക് എല്ലാ മാസവും 20 ഇനങ്ങൾ അടങ്ങിയ ഭക്ഷണ വസ്തുക്കളുടെ കിറ്റ് നൽകുന്നുണ്ട്. വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമത്തിൽ കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെ ആശയവിനിമയവും നടത്താറുണ്ട്. സൊലസ് വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി വിശദവിവരങ്ങൾ അന്വേഷിച്ചാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് സൊലസിനും ഷീബ അമീറിനും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി കെ എ റഹീമിന്റെ മകളാണ് ഷീബ അമീർ.

Eng­lish Sum­ma­ry: Solace Charities
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.