
ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്കും ഓഫീസർമാർക്കും ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ സൈന്യം. ഇനി മുതൽ സൈനികർക്ക് ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ കാണാനും നിരീക്ഷിക്കാനും അനുവാദമുണ്ടാകും. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയുന്നതിനും അവ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനുമാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത്.
കമ്പ്യൂട്ടർ അധിഷ്ഠിത യുദ്ധമുറകളും വ്യാജ പ്രചരണങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ സൈനികർക്ക് ഓൺലൈൻ ലോകത്തെ മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം വിലയിരുത്തുന്നു. അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും ‘നിശബ്ദ കാഴ്ചക്കാർ’ ആയി മാത്രമേ സൈനികർക്ക് തുടരാന്‍ കഴിയൂ. പോസ്റ്റുകൾ ഇടാനോ സ്റ്റോറികൾ പങ്കുവെക്കാനോ പാടില്ല. ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ അനുവാദമില്ല.
യൂണിഫോമിലുള്ള ചിത്രങ്ങളോ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങളോ ഒരു കാരണവശാലും പങ്കുവെക്കരുത്. വിപിഎൻ വഴിയുള്ള ഉപയോഗവും നിരോധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വിദേശ ഏജൻസികൾ സൈനികരെ ‘ഹണിട്രാപ്പിൽ’ കുടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് 2020‑ൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള 89 ആപ്പുകൾക്ക് സൈന്യം നിരോധനം ഏർപ്പെടുത്തിയത്. എക്സ് , യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സമാനമായ രീതിയിലുള്ള ‘വ്യൂ ഒൺലി’ സൗകര്യം സൈനികർക്ക് ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.