
14 വർഷക്കാലമായി ഭൂരഹിത ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന പുനലൂർ അരിപ്പ ഭൂപ്രശ്നത്തിന് പരിഹാരമായി. സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പട്ടിക വർഗ വിഭാഗത്തിലെ 35 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടുതന്നെ അരിപ്പ സമരഭൂമിയിൽ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നൽകും. സമരത്തിലുള്ള 209 എസ്‍സി കുടുംബങ്ങൾക്ക് 12, ജനറൽ വിഭാഗത്തിലെ 78 കുടുംബങ്ങൾക്ക് 10 സെന്റ് വീതം ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കാനും തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും അംഗീകരിച്ചത്.
വ്യവസ്ഥകൾ അംഗീകരിച്ച സാഹചര്യത്തിൽ അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. ഭൂമി കയ്യേറിയാണ് സമരമെന്നതിനാൽ അളന്ന് തിട്ടപ്പെടുത്തേണ്ടി വരും. ഇതിനായി പുനലൂർ ആർഡിഒയെ സെറ്റിൽമെന്റ് ഓഫിസറായി നിയോഗിച്ചിട്ടുണ്ട്. സർവേ നടപടികൾ തിങ്കളാഴ്ച ആരംഭിച്ച്, 10 ദിവസത്തിനകം പൂർത്തിയാക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. 2026 ജനുവരിയിൽ പുതുവർഷ സമ്മാനമായി ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനലൂർ താലൂക്കില്‍ തിങ്കൾകരിക്കം വില്ലേജിലെ 94 ഏക്കർ കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങൾ കുഞ്ഞ് മുസ്ലിയാർ കൈവശം വച്ചിരുന്നു. 1997 ഓഗസ്റ്റ് നാലിന് പി എസ് സുപാൽ എംഎൽഎ ഇടപെട്ടതനുസരിച്ച് അന്നത്തെ റവന്യു മന്ത്രി കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തിൽ ഈ ഭൂമി തിരിച്ചുപിടിച്ച് 13.55 ഏക്കർ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിനും 21.53 ഏക്കർ ചെങ്ങറ ഭൂസമരക്കാർക്കും കൈമാറി. ശേഷിക്കുന്ന ഭൂമിയിൽ 2012 ഡിസംബർ 31 മുതൽ ഭൂരഹിത ദളിത്, ആദിവാസി വിഭാഗങ്ങൾ സമരം ആരംഭിക്കുകയായിരുന്നു.
അരിപ്പയിൽ 48.83 ഏക്കർ ഭൂമി ശേഷിക്കുന്നുണ്ട്. ഇവിടെത്തന്നെ പുരയിടവും കൃഷിഭൂമിയും വേണമെന്ന ആവശ്യത്തോടാണ് സർക്കാർ അനുഭാവ നിലപാട് സ്വീകരിച്ചിരിക്കുന്നത്. റോഡും കളിസ്ഥലവും ഉൾപ്പടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കർ ഭൂമിയാണ് അനുവദിക്കുന്നത്. നിരന്തര ഇടപെടലുകളും ചർച്ചകളും നടത്തിയാണ് ഒത്തുതീർപ്പിൽ എത്തിയത്.
റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി അനു എസ് നായരെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി എസ് സുപാൽ എംഎൽഎ, ലാന്റെ റവന്യു കമ്മിഷണർ ജീവൻ ബാബു എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.