15 December 2025, Monday

Related news

December 12, 2025
December 6, 2025
November 26, 2025
November 18, 2025
October 31, 2025
October 18, 2025
October 17, 2025
October 7, 2025
October 6, 2025
October 4, 2025

വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം

Janayugom Webdesk
തിരുവനന്തപുരം
July 1, 2025 10:39 pm

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. സുൽത്താൻ ബത്തേരി മരിയനാട് എസ്റ്റേറ്റ് ഭൂമി ജില്ലയിലെ മൂവായിരത്തോളം ഭൂരഹിത പട്ടികവർഗക്കാർക്കായി ഉടൻ പതിച്ച് നൽകും. എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നൽകാൻ അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് പട്ടികവിഭാഗ വികസന മന്ത്രി ഒ ആർ കേളു അറിയിച്ചു. ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസത്തിനായി വയനാട് ജില്ലയിൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച ഭൂമിയാണ് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ കാപ്പിത്തോട്ടമായിരുന്ന മരിയനാട് എസ്റ്റേറ്റ്. ഇവിടുത്തെ 233 ഹെക്ടർ ഭൂമിയിൽ 135 ഹെക്ടറിന് വനാവകാശ നിയമപ്രകാരം 349 കുടുംബങ്ങൾക്ക് കൈവശരേഖ നൽകിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്റ്റേറ്റിലെ തൊഴിലാളികൾ സമരം നടത്തുന്നതിനാല്‍ ബാക്കിയുള്ള സ്ഥലത്തിന്റെ കൈമാറ്റം സാധിച്ചിരുന്നില്ല. 

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും തിട്ടപ്പെടുത്തി സർക്കാരിലേക്ക് നിർദേശം സമർപ്പിക്കാൻ തീരുമാനമായത്. എന്നാൽ വിവിധ ആനുകൂല്യങ്ങളിലെ തർക്കങ്ങൾ മൂലം തൊഴിലാളികളുമായി ധാരണയിലെത്താനാകാതെ നീണ്ടുപോയി. ജൂൺ അഞ്ച്, 10 തീയതികളിൽ തൊഴിലാളികളുമായി മന്ത്രി ഒ ആർ കേളു നടത്തിയ ചർച്ചകളിലാണ് തൊഴിലാളികൾക്ക് പ്രശ്ന പരിഹാരത്തിന് ധാരണയായത്.
141 തൊഴിലാളികളാണ് നിലവിൽ എസ്റ്റേറ്റിലുള്ളത്. ഭൂപ്രശ്നം പരിഹരിക്കുന്നതിന് വലിയ അളവിൽ ഭൂമി ലഭ്യമായിട്ടുള്ളത് ഇവിടെയാണ്. 

ജില്ലയിൽ ഭൂമിക്കായി അപേക്ഷിച്ചിട്ടുള്ള കുടുംബങ്ങളിൽ 3,000 പേർക്കെങ്കിലും മരിയനാട്ടിൽ ഭൂമി അളന്നുതിരിച്ച് അടിസ്ഥാന സൗകര്യങ്ങളോടെ നൽകാനാകും. ഇതിനായി വിവിധ ഗുണഭോക്തൃ സംഘടനകളുടെ യോഗവും അടുത്തുതന്നെ വിളിക്കും. 9,162 പട്ടികവർഗ കുടുംബങ്ങൾക്ക് 8680.64 ഏക്കർ ഭൂമി ഒമ്പത് വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ നൽകി. തിരുവനന്തപുരം ജില്ലയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കി. കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലും എല്ലാ പട്ടികവർഗക്കാർക്കും ഭൂമിയെന്ന ലക്ഷ്യത്തിലേക്കും നമ്മൾ അടുക്കുകയാണെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.