ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനം ആലപിച്ചെന്ന് ആരോപിച്ച് നാടോടി ഗായികയ്ക്ക് പൊലീസിന്റെ നോട്ടീസ്. അക്ബര്‍പൂര്‍ കോട്‌വാലി പൊലീസാണ് ഭോജ്പുരി നാടോടി ഗായിക നേഹ സിങ് റാത്തോഡിന് നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേഹ ആലപിച്ച യുപി മേം കാ ബാ എന്ന ഗാനത്തിന്റെ പുതിയ പതിപ്പില്‍ കാണ്‍പൂരിലെ മദൗലിയില്‍ അമ്മയെയും മകളെയും ചുട്ടുകൊന്ന സംഭവം പരാമര്‍ശിക്കുന്നതാണ് ആദിത്യനാഥ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. നേഹയുടെ പാട്ടുകള്‍ സംസ്ഥാനത്തെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നും പൊലീസ് പറയുന്നു.
പാട്ടുകള്‍ സ്വന്തമായി എഴുതിയതാണോ, മറ്റാരെങ്കിലും എഴുതി നല്‍കിയതാണോ, പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ആരാണ്, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആരാണ് തുടങ്ങിയ ചോദ്യങ്ങള്‍ നോട്ടീസില്‍ ഉന്നയിക്കുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും നോട്ടീസ് വ്യക്തമാക്കുന്നു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് യുപി മേം കാ ബാ എന്ന ഗാനം പുറത്തിറങ്ങിയത്. കോവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മോര്‍ബി പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട ഗാനവും നേഹ ആലപിച്ചിരുന്നു. നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളെ കുറിച്ചും നേഹ ആക്ഷേപഹാസ്യ ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം പൊലീസ് നോട്ടീസിനെ ഭയപ്പെടുന്നില്ലെന്നും ഇനിയും പാടുമെന്നും നേഹ പ്രതികരിച്ചു. തന്റെ ഭര്‍ത്താവിനെ സ്ത്രീകളെ ഉപയോഗിച്ച് കെണിയില്‍ കുടുക്കാന്‍ ശ്രമം നടന്നതായും ഗായിക ആരോപിച്ചു.
English Summary: Song criticizing Adityanath; Police notice to the singer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.