20 January 2026, Tuesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

സോണിയയും രാഹുലും സ്ഥിരം നേതാക്കള്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഘ‍ടന മാറ്റുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2023 11:29 pm

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നിലനിർത്താൻ പ്രവർത്തക സമിതിയുടെ ഘടന മാറ്റാന്‍ കോണ്‍ഗ്രസ്. പ്രസിഡന്റും 23 അംഗങ്ങളും എന്നത് 27 അംഗങ്ങളാക്കി മാറ്റാന്‍ ഇതുസംബന്ധിച്ച് നിയോഗിച്ച സമിതി ഏകാഭിപ്രായത്തിലെത്തി.
പാര്‍ട്ടി അധ്യക്ഷനൊപ്പം മുൻഅധ്യക്ഷന്മാര്‍, പാർലമെന്ററി പാർട്ടി ചെയർ പേഴ്സൺ, മുൻ പ്രധാനമന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ നേരിട്ട് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടും. അതേസമയം സമിതിയിലേക്ക് എഐസിസി തെരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം 12 ആയി തുടരും. 11 അംഗങ്ങളെ പാര്‍ട്ടി അധ്യക്ഷൻ നാമനിർദേശം ചെയ്യുമെന്നും സൂചനയുണ്ട്. ഭരണഘടനാ സമിതി നിര്‍ദേശം സ്റ്റിയറിങ് കമ്മിറ്റിയിൽ വയ്ക്കും.
തെരഞ്ഞെടുപ്പ് പൂര്‍ണമായി ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചുവെങ്കിലും വിജയത്തിലെത്തിയില്ല. പി ചിദംബരം അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് വേണമെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടുണ്ട്. 1997ല്‍ സീതാറാം കേസരിയുടെ കാലത്താണ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പുണ്ടായത്. ഒരു വര്‍ഷത്തിനകം കേസരിയുടെ അധ്യക്ഷസ്ഥാനം തെറിച്ചിരുന്നു. 

കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിറിലെ തീരുമാനങ്ങള്‍ നടപ്പാക്കുകയെന്ന വെല്ലുവിളിയാണ് പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെക്ക് മുന്നിലുള്ളത്. ഒരാള്‍ക്ക് ഒരു പദവി, നേതൃ പദവികളില്‍ പിന്നാക്ക സംവരണം അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ നിലവിലുള്ള പല മുതിര്‍ന്ന നേതാക്കള്‍ക്കും സ്ഥാനം നഷ്ടമാകും.
ജില്ലാ, ബ്ലോക്ക് തല ഭാരവാഹികളെ 90–180 ദിവസത്തിനകം തെരഞ്ഞെടുക്കണമെന്ന് ഉദയ‌്പുരില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും ഇപ്പോഴും സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. യുവാക്കളുടെ പ്രാതിനിധ്യവും വാക്കുകളിലൊതുങ്ങി. പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന 1825 എഐസിസി പ്രതിനിധികളില്‍ 501 പേര്‍ (27 ശതമാനം) മാത്രമാണ് അമ്പതുവയസിന് താഴെ പ്രായമുളളവര്‍. 

കേരളത്തിൽ നിന്ന് 47 പേർക്ക് വോട്ടവകാശമുണ്ട്. രാജസ്ഥാനിലെ പട്ടികയിൽ അശോക് ഗെലോട്ടിന്റെ വിശ്വസ്തരായ രണ്ടുപേർ പുറത്തായത് ശ്രദ്ധേയമായി. മന്ത്രി ശാന്തി ധരിവാൾ, മഹേഷ് ജോഷി എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം സച്ചിൻ പൈലറ്റ് ക്യാമ്പിലെ മൂന്നുപേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Sonia and Rahul per­ma­nent lead­ers: Con­gress work­ing com­mit­tee changes composition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.