14 November 2024, Thursday
KSFE Galaxy Chits Banner 2

ഇന്ത്യ ഏഴഴകില്‍ തിളങ്ങിയ വര്‍ഷം; കായികം 2021

Janayugom Webdesk
December 30, 2021 11:13 pm

ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഏഴഴക്

 

ഒളിമ്പിക്സില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനമായ വര്‍ഷമായിരുന്നു 2021. ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടവുമായാണ് ഇന്ത്യ മടങ്ങിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ലണ്ടനിലെ ആറ് മെഡലുകൾ എന്ന നേട്ടമാണ് ടോക്യോയിൽ ഇന്ത്യ തിരുത്തിയെഴുതിയത്.

 


അമേരിക്ക ചാമ്പ്യൻ പട്ടം നിലനിർത്തി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും സഹിതം ആകെ 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്. റിയോയിൽ വൻ ലീഡിലായിരുന്നു അമേരിക്കയുടെ വിജയമെങ്കിൽ, ഇവിടെ ചൈന കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തെത്തി. 38 സ്വ­ർണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളാണ് ചൈനയുടെ സമ്പാദ്യം. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി.

 

ആറു വര്‍ഷത്തിന് ശേഷം ലാലിഗ കിരീടം അത്‌ലറ്റിക്കോ മാഡ്രിഡിന്

 

ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്പാനിഷ് ലാലിഗ കിരീടം അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുന്നത്. അത്‌ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീടനേട്ടം. 2013–14 സീസണിലാണ് അവര്‍ അവസാനമായി കപ്പുയര്‍ത്തിയത്. ഈ സീസണിന്റെ തുടക്കം മുതൽ ഒടുക്കം വരെ ലീഗിലെ ആദ്യ മൂന്നു സ്ഥാനക്കാർ മാറിമറിയുന്ന കാഴ്ചയും കണ്ടു. അവസാന കളിയിൽ അത്‌ലറ്റികോ തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്തിരുന്നെങ്കിൽ കിരീടം റയൽ മാഡ്രിഡിന് ലഭിക്കുമായിരുന്നു.

 

കിവീസിന്റേത് ഇന്ത്യയെ വീഴ്ത്തി നേടിയ കിരീടം

 

ഐസിസി ലോകകിരീടങ്ങള്‍ ഇതുവരെ നേടിയിട്ടില്ലാത്ത ന്യൂസിലന്‍ഡിന് ഈ വര്‍ഷം ചെറിയൊരു ആശ്വാസം നല്‍കുന്നതായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ഫൈനലില്‍ ഇന്ത്യയെ മറികടന്നാണ് കെയ്ന്‍ വില്യംസണും സംഘവും പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ടത്. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്‍ഡ് ഒരു ഐസിസി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്. ഇന്ത്യ ഉയർത്തിയ 139 റൺ വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ പതറാതെ പിന്തുടർന്നു. പരിചയസമ്പന്നരായ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണും റോസ്‌ ടെയ്‌ലറുമാണ്‌ അവരെ ചരിത്ര വിജയത്തിലേക്ക്‌ നടത്തിച്ചത്‌.

 

ലില്ലെക്ക് മുന്നില്‍ പിഎസ്ജിയും മുട്ടുമടക്കി

 

ഫ്രഞ്ച് ലീഗിലെ അതിശക്തന്മാരായ പിഎസ്ജിയെ മറികടന്നായിരുന്നു ലില്ലെ കിരീടം ചൂടിയത്. ലില്ലയുടെ നാലാം ലീഗ് കിരീടമാണിത്. 1945–46, 1953–54, 2010-11 എന്നീ സീസണുകളിലാണ് മുമ്പ് ലില്ലെ കിരീടം നേടിയിട്ടുള്ളത്.

നെയ്മറും എംബാപ്പെയും ഡി മറിയയും ഇക്കാര്‍ഡിയുമൊക്കെയള്ള പിഎസ്ജിക്ക് രണ്ടാമത് ഫിനിഷ് ചെയ്യേണ്ടതായി വന്നു. 2010-11 സീസണിലാണ് ഇതിനു മുമ്പ് ലില്ലെ ലീഗ് വണ്‍ കിരീടം ഉയര്‍ത്തിയത്. അവസാന എട്ടു സീസണുകളില്‍ ഏഴു തവണയും പി എസ് ജി ആയിരുന്നു ഫ്രഞ്ച് ലീഗ് കിരീടം ഉയര്‍ത്തിയത്.

 

മാരക്കാനയില്‍ മെസി ചിരിച്ചു

ഒടുവില്‍ അര്‍ജന്റീനയും മെസിയും ആരാധകലക്ഷങ്ങളും ചിരിച്ചു. ലയണൽ മെസിയുടെ കളി ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാണ് കോപ്പ ഫൈനൽ മത്സരം. കാരണം, അദ്ദേഹം ലോക ഫുട്ബോളിലെ ഇതിഹാസതാരമാണെങ്കിലും ബാഴ്സലോണയുടെ തട്ടകം മാത്രം നോക്കി, രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപത്തിൽ മൂടിനിൽക്കുകയായിരുന്നു. മാരക്കാന സ്റ്റേഡിയത്തിൽ അതിനുള്ള ഉത്തരം കണ്ടിരിക്കുന്നു. നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറം ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനയിലെത്തിയിരിക്കുന്നു. ക്ലബ്ബ് ഫുട്‌ബോ­ളില്‍ നിരവധി കിരീടം നേടുമ്പോഴും രാജ്യത്തിനുവേണ്ടി ഒരു ചാമ്പ്യ­ന്‍പട്ടം പോലും നേടാന്‍ ക­ഴി­യാത്തതിന്റെ പേരില്‍ ഇനി മെസിക്കുനേരെ കുത്തുവാക്കുകള്‍ ഉണ്ടാവില്ല. മാരക്കാനയില്‍ കോപ്പ ഫൈനലില്‍ അപരാജിതരെന്ന കാനറികളുടെ ഖ്യാതിയെ കാറ്റില്‍ പറത്തിയാണ് മെസിയുടേയും കൂട്ടരുടേയും കിരീടനേട്ടം.

 

G O A T

ഏഴാം തവണയാണ് ബാലണ്‍ ഡി ഓര്‍ പുരസ്കാരം നേടി അര്‍ജന്റീനയുടെ പിഎസ്ജി താരം ലണയല്‍ മെസി ചരിത്രം കുറിച്ചത്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് ഗോള്‍മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഇറ്റലിയുടെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ എന്നിവരെ പിന്തള്ളിയാണ് മെസി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മാറിയത്. ലെവന്‍ഡോസ്‌കി രണ്ടാമതും ജോര്‍ജീഞ്ഞോ മൂന്നാമതുമെത്തുകയായിരുന്നു. മെസിയുടെ 2020–21 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം. ഇക്കാലയളവിൽ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കൊപ്പം കോപ്പ ഡെൽ റേ കിരീടവും സ്വന്തമാക്കി. ഏറ്റവുമധികം തവണ ബാലണ്‍ ഡി ഓര്‍ നേടിയതും മെസി തന്നെയാണ്. അഞ്ച് തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്കു പിന്നിലുള്ളത്.

 

കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കംഗാരുക്കള്‍

 

ഏറ്റവും കൂടുതല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയയ്ക്ക് ടി20 ലോകകപ്പ് നേടാന്‍ കഴിയാത്തതില്‍ വലിയ നിരാശയായിരുന്നു. എന്നാല്‍ ഈ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പോടെ ആ കുറവും ഓസീസ് നികത്തി. ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഓസ്ട്രേലിയ കന്നി ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഈ വര്‍ഷം ലോകകപ്പിനു മുമ്പ് വരെ ബംഗ്ലാദേശിനോട് പോലും ടി20 പരമ്പര കൈവിട്ടിരുന്ന ഓസ്ട്രേലിയ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് കിരീടം സ്വന്തമാക്കിയത്. ഐപിഎല്ലിലടക്കം ഫോം നഷ്ടപ്പെട്ടിരുന്ന ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുത്തു. എതിരാളികളായ ന്യൂസിലന്‍ഡും ലക്ഷ്യമിട്ടിരുന്നത് കന്നി ലോകകപ്പ് കിരീടമായിരുന്നു. ഏകദിന ലോകകപ്പ് പോലെ കൈയകലെയാണ് ടി20 കിരീടവും ന്യൂസിലന്‍ഡിന് നഷ്ടമായത്.

 

53 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോ കപ്പ് കിരീടത്തില്‍ അസൂറികള്‍ മുത്തമിട്ടു

വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പിനു വിരാമമിട്ടിായിരുന്നു അസൂറിപ്പട യൂറോ കപ്പ് സ്വന്തമാക്കിയത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി ടൂര്‍ണമെന്റിലെ രാജാക്കന്മാരായി മാറി. ഒരു മത്സരത്തില്‍പോലും തോല്‍വിയറിയാതെയാണ് മാന്‍സീനി വാര്‍ത്തെടുത്ത ഇറ്റലിയുടെ ചുണക്കുട്ടികള്‍ യൂറോപ്പ് ഫുട്ബോളിന്റെ നെറുകയില്‍ സ്ഥാനം ഉറപ്പിച്ചത്. 1968ല്‍ കിരീടം നേടിയ ശേഷം 53 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ഇറ്റലി വീണ്ടും യൂറോ കപ്പ് ജേതാക്കളായിരിക്കുന്നത്. അവസാന 34 മത്സരങ്ങളില്‍ 28 കളികള്‍ മാന്‍ചീനിയുടെ നേതൃത്വത്തില്‍ അസൂറികള്‍ ജയിച്ചു.

 

എമ്മ സുമ്മാവാ

യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം ബ്രിട്ടിഷ് താരം എമ്മ റഡുകാനുവായിരുന്നു സ്വന്തമാക്കിയത്. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് (6–4, 6–3) എമ്മയുടെ ചരിത്രനേട്ടം.
യോഗ്യതാ റൗണ്ട് കടന്നെത്തി ഗ്രാന്‍ഡ്സ്‌ലാം കിരീടം നേടുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്‍ഡും റഡുകാനുവിനെ തേടിയെത്തി. റഷ്യയുടെ മരിയ ഷറപ്പോവയ്‌ക്കു ശേഷം ഗ്രാൻസ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും (18 വയസ്) എമ്മ സ്വന്തമാക്കി. 2004ൽ വിംബിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടുമ്പോൾ ഷറപ്പോവയ്ക്കു 17 വയസായിരുന്നു.

 

ദ്യോക്കോ കൈയകലെ കൈവിട്ട ഗ്രാൻ‌സ്‌ലാം

ഉജ്വലഫോമിലായിരുന്ന ദ്യോക്കോവിച്ച് ഒരു കലണ്ടർ വർഷം മൂന്ന് ഗ്രാൻ‌സ്‌ലാം കിരീടങ്ങൾ എന്ന അപൂര്‍വ നേട്ടം കൈയകലെയാണ് വിട്ടുകളഞ്ഞത്. ഉജ്വലഫോമിലായിരുന്ന ദ്യോക്കോവിച്ച് ഫ്ര­ഞ്ച് ഓപ്പൺ, വിംബിൾഡൻ എന്നിവ നേടി കലണ്ടർ ഗ്രാൻസ്‍ലാം നേട്ടത്തിന്റെ അരികെയെത്തിയതാണ്. എന്നാൽ യുഎസ് ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനോടു തോറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു.
എതിരാളിയായ മെദ്‌വദേവു പോലും സോറി ദ്യോക്കോ എന്ന ട്വീറ്റോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. തോല്‍വികള്‍ക്കൊടുവില്‍ ദ്യോക്കോ റാക്കറ്റ് വലിച്ചെറിയുന്നതും അരിശം കാണിക്കുന്നതും കാണികള്‍ പലകുറി കാണുകുയും ചെയ്തു. എന്തായാലും ഏറെ കാലമായി ടെന്നീസ് ലോകത്തെ തലപ്പത്ത് ദ്യോക്കോ തന്നെയാണ് തുടരുന്നത്.

 

പ്രീമിയർ ലീഗ് കിരീടം നീലകോട്ടയില്‍

പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്ററിന്റെ നീലകോട്ടയിലേക്ക് മടക്കിയെത്തിക്കാന്‍ സിറ്റി താരങ്ങള്‍ക്കായി. മൂന്നു മത്സരങ്ങൾ ബാക്കിനിൽക്കെയായിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീം കിരീടം സ്വന്തമാക്കി. വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് സീസണില്‍ സിറ്റി കിരീടം സ്വന്തമാക്കിയത്. റൂബൻ ഡയസ് ഡിഫൻസിൽ കാഴ്ചവച്ച പ്രകടനമാണ് ഈ സീസണിലെ സിറ്റിയുടെ കിരീടത്തിൽ പ്രധാന പങ്കുവഹിച്ചത്. സിറ്റിയുടെ ഏഴാം ലീഗ് കിരീടമാണ് ഇത്. അവസാന നാലു വർഷങ്ങൾക്ക് ഇടയിലെ മൂന്നാം കിരീടവും.

 

ബാഡ്മിന്റണിലെ കിടിലനാണ് കിഡംബി

ലോക ബാഡ്മിന്റ­ണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം കിഡംബി ശ്രീകാന്ത് സ്വന്തമാക്കിയത് ഈ അടുത്ത കാലത്താണ്. കലാശക്കളിയില്‍ സിംഗപ്പൂര്‍ താരം കീന്‍ യു ലോയോട് ശ്രീകാന്ത് പൊരുതി വീഴുകയായിരുന്നു.

Kidambi

ഇന്ത്യന്‍ താരം ലോകകിരീടം കൈയെത്തുംദൂരത്ത് കൈവിട്ടെങ്കിലും അഭിമാനകരമായ നേട്ടം തന്നെയാണ് ശ്രീകാന്ത് സ്വന്തമാക്കിയത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം നേരത്തെ ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ റാങ്കിങ്ങിലും ശ്രീകാന്ത് വന്‍ കുതിപ്പ് നടത്തി. പുതിയ റാങ്കിങ്ങില്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി ശ്രീകാന്ത് 10ാം സ്ഥാനത്തെത്തി.

 

നാലാം തവണയും ധോണിക്കും പിള്ളേര്‍ക്കും കപ്പടിച്ചേ…

ഐപിഎല്‍ തുടങ്ങിയ കാലം മുതല്‍ തന്നെ എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍ കളിക്കാത്ത മത്സരം വളരെ ചുരുക്കമാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് മുംബൈ ഇന്ത്യന്‍സാണ് (5). തൊട്ടുതാഴെ ചെന്നൈയും (4). മൂന്ന് കിരീടങ്ങള്‍ നേരത്തെ സ്വന്തമാക്കിയിട്ടുള്ള ധോണിയും കൂട്ടരും നാലാം കിരീടം ലക്ഷ്യമിട്ട് ഇത്തവണ കലാശക്കളിക്കെത്തിയപ്പോള്‍ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സായിരുന്നു. ഒമ്പത് ഫൈനലുകള്‍ കളിച്ച തലയും കൂട്ടരും നാല് തവണയും കപ്പുയര്‍ത്തിയത് അവരുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ ഫലം തന്നെയാണ്. മുംബൈയ്ക്കൊപ്പമെത്താ­ന്‍ ചെന്നൈക്ക് ഇനി ­ഒരു കിരീടം കൂടി മാത്രം മതി.

 

പറക്കും സിഖ് ഓര്‍മ്മയില്‍

‘പറക്കും സിഖ്’എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിങ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ 18ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എന്നാല്‍ മില്‍ഖ നേടിയ റെക്കോഡുകളും പ്രകടനങ്ങളും ഇന്ത്യന്‍ ജനതയ്ക്ക് അങ്ങനെ മറക്കാന്‍ കഴിയുന്ന ഒന്നല്ല.


നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. പാകിസ്ഥാനിൽ ജനിച്ച മിൽഖ വിഭജനകാലത്താണ് ഇന്ത്യയിലെത്തുന്നത്. പിന്നീട് സൈ­ന്യത്തിൽ ചേർന്നു. വിരമിച്ചശേഷം പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനായി. സ്പോർട്സ് ഡയറക്ടറായി 1998ൽ വിരമിച്ചു. 2001ൽ കായികമേഖലയിലെ മികവിനുള്ള അർജുന അവാർഡിനായി തിരഞ്ഞെടുത്തെങ്കിലും നിരസിച്ചു.

 

ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ജാലകം: വീട് വിട്ടിറങ്ങിയ മിശിഹ

 

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കണ്ണീർ വർഷമായിരുന്നു 2021. ആദ്യം, കാത്തിരുന്നു നേടിയ കിരീടത്തിന്റെ ആനന്ദാശ്രു ആയിരുന്നെങ്കിൽ മറ്റൊന്ന് മനസുരുകുന്ന വിടവാങ്ങലിന്റെ വേദനയിലായിരുന്നു. ഓഗസ്റ്റിൽ ഒരു യുഗാവസാനം പോലെ മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ടത് കണ്ണീരോടെ. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മെസിയുടെ വിടവാങ്ങൽ ആരാധകരും ഉൾക്കൊണ്ടത്.

 

13–ാം വയസിൽ ബാഴ്സയിലെത്തിയ മെസി രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം തീർത്തും അപ്രതീക്ഷിതമായിട്ടാണ് ബാഴ്സ വിട്ടത്.
ബാഴ്സലോണ വിട്ട മെസിയെത്തിച്ചേര്‍ന്നത് തന്റെ പ്രിയ സുഹൃത്ത് നെയ്‌മറുള്ള പിഎസ്ജിയില്‍. ഇവര്‍ക്കൊപ്പം കിലിയന്‍ എംബാപ്പെയും കൂടി ചേര്‍ന്നതോടെ മൂവര്‍ സഖ്യം ഒരുമിച്ച് കളിക്കുന്നത് കാണാന്‍ ആരാധകരേറെയായിരുന്നു. ഇവര്‍ക്കൊപ്പം സെര്‍ജിയോ റാമോസ് റയല്‍ വിട്ട് പിഎസ്ജിയിലെത്തിയതും വന്‍ കരുത്ത് തന്നെയാണ് പകര്‍ന്നത്.
10-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് മാത്രം കളിച്ചിരുന്ന മെസി പിഎസ്ജിയില്‍ 30-ാം നമ്പര്‍ ജേഴ്സിയിലേക്കും മാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

വീട്ടിലേക്ക് മടങ്ങിയെത്തി റൊണാള്‍ഡോ

 

കൈവിട്ടെന്ന് കരുതിയ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തന്നെ മടങ്ങിയെത്തിയത് ആവേശത്തോടെയാണ് ആരാധകര്‍ നോക്കികണ്ടത്. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ‌ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ട് വർഷ കരാറിലെത്തി. 2.5 കോടി യൂറോയ്ക്കാണ് (ഏകദേശം 216 കോടി രൂപ) ക്രിസ്റ്റ്യാനോയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 2009ൽ ക്ലബ്ബ് വിട്ട് 12 വർഷങ്ങൾക്കു ശേഷമാണു ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ്.

‘വെൽകം ഹോം’ എന്ന അടിക്കുറിപ്പോടെ ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു യുണൈറ്റ‍ഡ് ട്വീറ്റ് ചെയ്തിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിനു ശേഷം റയൽ മാഡ്രിഡിനൊപ്പം നാലു യൂറോപ്യൻ കിരീടങ്ങൾ കൂടി ഉയർത്തിയിട്ടുള്ള റൊണാൾഡോ 2009നു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യു­ണൈറ്റഡിനു വേണ്ടി യൂറോപ്യൻ പോരാട്ടത്തിനിറങ്ങിയത്.

 

നീ വേര്‍സ്റ്റപ്പനല്ല വേഗപ്പനാ…

ഫോര്‍മുല വണില്‍ മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടനെ അവസാന ഗ്രാന്‍ഡ് പ്രിയില്‍ പിന്തള്ളിയാണ് റെ‍ഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ കന്നിക്കിരീടം ചൂടിയത്. അബുദാബി ഗ്രാൻപ്രിക്കു മുൻപ് പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു ഇരുവരും. ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്റെ ഏഴ് കിരീടങ്ങൾക്കൊപ്പം നിൽക്കുന്ന ഹാമിൽട്ടന് ഈ മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ഫോർമുല വൺ കിരീടം എന്ന റെക്കോഡ് ഒറ്റയ്ക്കു സ്വന്തമാക്കാമായിരുന്നു.

 

ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി

റഷ്യയുടെ ഇയാൻ നീപോംനീഷിയെ തോൽപിച്ചായിരുന്നു നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ അഞ്ചാം ലോക ചെസ് കിരീടം നിലനിർത്തിയത്. മാഗ്നസ് കാള്‍സന്റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. പതിനാല് റൗണ്ടുകളുള്ള ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് മത്സരം ശേഷിക്കേയാണ് കാൾസന്റെ കിരീട നേട്ടം. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപിച്ച് 2013ലാണ് കാൾസണ്‍ ആദ്യമായി ലോക ചാമ്പ്യനായത്.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.