19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ജീവനെടുക്കുന്ന ദുർമന്ത്രവാദം; കേരളത്തിലും ഇരകളേറെ

Janayugom Webdesk
കൊച്ചി
October 11, 2022 10:10 pm

ദുർമന്ത്രവാദത്തിന്റെ പേരില്‍ നരഹത്യ നടത്തുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. ചിലര്‍ക്ക് മന്ത്രവാദവും മന്ത്രവാദ ക്രിയകളും അസുഖം ഭേദപ്പെടുത്താനാണ്. കുട്ടികള്‍ ഉണ്ടാകാന്‍, ശത്രുസംഹാരം, ധനപ്രാപ്തി, ഐശ്വര്യ വര്‍ധന തുടങ്ങി നിരവധി ആവശ്യങ്ങളാണ് മറ്റു ചിലര്‍ക്ക്. കൗളാചാരത്തിന്റെ മറവില്‍ അമാനുഷിക സിദ്ധിക്കായി മനുഷ്യനെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവങ്ങള്‍ നിരവധിയാണ്. പണ്ടുകാലങ്ങളില്‍ വലിയ കെട്ടിടങ്ങളും പാലങ്ങളും നിര്‍മ്മിക്കുമ്പോള്‍ മനുഷ്യക്കുരുതി നടത്തിയിരുന്നതായി പറയുന്നുണ്ടെങ്കിലും ഇതിന് രേഖകളൊന്നുമില്ല. 

ഇടുക്കി ജില്ലയിലാണ് ഇത്തരം അന്ധവിശ്വാസ കൊലപാതങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018 ൽ ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്തെ നാലംഗ കുടുംബത്തെ കൂട്ടക്കൊലപാതകം ഞെട്ടലോടെയാണ് കേരളം കേട്ടത്. ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേർന്നു കൊലപ്പെടുത്തിയത്. രണ്ടുവർഷത്തോളം കൃഷ്ണനൊപ്പം നിന്നു പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. 300 മൂർത്തികളുടെ ശക്തി കൃഷ്ണനുണ്ടെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 

2016 ഒക്ടോബറിലാണ് ഇടുക്കിയിലെ ആദിവാസിഗ്രാമമായ ഇടമലക്കുടിയിലെ നരബലിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നത്. കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ദേവീപ്രീതിക്കായി പെൺകുട്ടികളെ നരബലി കൊടുത്തതായാണ് പരാതി ഉയർന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാൻ ഗിരിവർഗക്കാരാണ് ഇവിടെ ഉള്ളത്. ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മിഷൻ പ്രദേശത്തു താമസിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. 12 വയസിൽ താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികളെ നരബലി കൊടുത്തതായാണ് വിവരങ്ങൾ ലഭിച്ചത്. ദേവീപ്രീതിക്കും ജാതകദോഷം മാറ്റാനും എന്ന പേരിലാണ് പെൺകുട്ടികളെ നരബലി നൽകിയത്. തുടർന്ന് സംഘടന ദേശീയ മനുഷ്യാവകാശ കമ്മിഷൻ, കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുകയും കേന്ദ്ര‑സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

23 വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ രാമക്കൽമേട്ടിൽ പിതാവും രണ്ടാനമ്മയും ചേർന്നു സ്കൂൾ വിദ്യാർത്ഥിയെ നരബലി കൊടുത്തത് കേരളത്തെയാകെ നടുക്കിയ സംഭവം ആയിരുന്നു. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തുനിന്നെത്തിയ ആറു മന്ത്രവാദികൾ ചേർന്നാണ് നിധിയെടുക്കാനുള്ള പൂജകൾ നടത്തിയത്. മന്ത്രവാദത്തിന്റെ മൂർധന്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിറ്റേന്ന് ബാലന്റെ വികൃതമായ മൃതദേഹമാണു നാട്ടുകാർ കണ്ടത്. സംഭവത്തിൽ വൻ പ്രതിഷേധങ്ങൾ ഉണ്ടായി. രണ്ടാനമ്മയെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലുപേർക്കു സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ശിക്ഷ ഇളവു ചെയ്തു. 

നന്തന്‍കോട് അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനെയും കൊന്ന കേഡല്‍ ജിന്‍സണ്‍ രാജയുടേയും പ്രേരണ മന്ത്രവാദമായിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് നടത്തിയതെന്നാണ് കേഡല്‍ പറഞ്ഞത്. മറ്റുള്ളവരുടെ ജീവന്‍ കൊടുത്ത് സ്വന്തം ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമായിരുന്നു കേഡല്‍ നടത്തിയത്. 1981 ഡിസംബറിലാണ് അടിമാലി പനംകുട്ടിയിൽ സോഫിയ എന്ന പെൺകുട്ടിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപാതകത്തിന് ശേഷം അടുക്കളയിൽ കുഴിച്ചിടുകയായിരുന്നു. പ്രതിയെ പിന്നീട് പിടികൂടി. തിരുവനന്തപുരം പൂവാറിലും മലപ്പുറം പൊന്നാനിയിലും കൊല്ലം കരുനാഗപ്പള്ളിയിലും സമാനമായ അന്ധവിശ്വാസ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. 

Eng­lish Summary:Sorcery that takes life; There are many vic­tims in Ker­ala too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.