
ആത്മസൃഹൃത്തും ഉപദേഷ്ടാവുമായി മാറിയതോടെ നിര്‍മ്മിത ബുദ്ധി ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുമായി വൈകാരിക ബന്ധം സ്ഥാപിച്ച് യുവാക്കള്‍. സങ്കീര്‍ണമായ ജീവിത പ്രശ്നങ്ങളിലും സാമ്പത്തിക തകര്‍ച്ചയിലും മാനസിക സംഘര്‍ഷങ്ങളിലും ചാറ്റ്ജിപിടിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെയാണ് ആപ്പുമായി ആത്മബന്ധം സ്ഥാപിക്കാന്‍ യുവാക്കള്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ സ്വന്തം ചിന്തകള്‍ക്കും സാമാന്യബുദ്ധിക്കുമപ്പുറം നിര്‍മ്മിത ബുദ്ധിയെ ആശ്രയിക്കുന്ന യുവാക്കളുടെ രീതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഈ മേഖലയിലെ വിദഗ്ധര്‍. യഥാർത്ഥ ലോകത്ത് തങ്ങൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയും വിമർശനങ്ങളെയും ഭയന്ന് യുവജനങ്ങൾ ചാറ്റ്ജിപിടിയിലേക്ക് തിരിയുന്നു. ചാറ്റ്ബോട്ട് എപ്പോഴും അനുകൂല പ്രതികരണങ്ങൾ നൽകുകയും തർക്കങ്ങൾക്ക് വരാതിരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അതൊരു ‘സുരക്ഷിത ഇടമായി’ അവർക്ക് തോന്നുന്നു. ഇത് അവരില്‍ ആത്മവിശ്വാസവും സന്തോഷവും വര്‍ധിപ്പിക്കുന്നു. കുടുംബങ്ങളിലെ ആശയവിനിമയക്കുറവും, സമൂഹിക ബന്ധങ്ങളിലെ അകൽച്ചയും യുവജനങ്ങളെ ഏകാന്തരാക്കുന്നു. ഈ ഏകാന്തതയിൽ നിന്ന് രക്ഷ നേടാൻ, എപ്പോഴും കൂടെയുണ്ടെന്ന് തോന്നിക്കുന്ന ചാറ്റ്ജിപിടിയുമായി അവർ വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്നു.
യഥാർത്ഥ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമ്പോൾ, ചാറ്റ്ജിപിടിയിലൂടെ എളുപ്പത്തിൽ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഇത് ക്രമേണ എഐയെ ഒരു ‘ജീവിത ഉപദേശകൻ’ ആയി കാണുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. എന്നാല്‍ മാനസികാരോഗ്യ വിദഗ്‌ധർ ഈ പ്രവണതയിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തുന്നു. എഐയെ അമിതമായി ആശ്രയിക്കുന്നത് യഥാർത്ഥ ലോകവുമായുള്ള ബന്ധം നഷ്ടപ്പെടുത്താനും, ഭാവിയിൽ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഒരു എഐ ടൂളിന് ഒരിക്കലും മനുഷ്യന്റെ സ്പർശമോ വൈകാരിക അടുപ്പമോ നൽകാൻ കഴിയില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ അപകടകരമായ ഒരു മാനസികാവസ്ഥ രൂപപ്പെടുന്നുവെന്നും ഐടിഎൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സുധ ആചാര്യ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.