
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം 49.2 ഓവറില്‍ പ്രോട്ടീസ് മറികടന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം സെഞ്ചുറിയുമായി ഇന്ത്യക്കെതിരായ റണ്‍ചേസിന് നേതൃത്വം നല്‍കി. ക്യാപ്റ്റന്‍ ടെംബ ബാവുമ(46), മാത്യു ബ്രീറ്റ്സ്കി (68), ഡെവാള്‍ഡ് ബ്രൂവീസ് (54) എന്നിവരും മികച്ച പിന്തുണ നല്‍കി. നേരത്തെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലിയുടെയും കന്നി ഏകദിന സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്റെയും ഒടുവിൽ കത്തികയറിയ കെ എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്.
തുടർച്ചയായ രണ്ടാം ഏകദിനത്തിലാണ് വിരാട് കോലിയുടെ സെഞ്ചുറി. 89 പന്തിലായിരുന്നു കോലി മൂന്നക്കം തൊട്ടത്. രണ്ട് സിക്‌സറും ഏഴ് ഫോറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ശേഷം 102 റൺസിൽ താരം പുറത്തായി. ഏകദിനത്തില്‍ കോലിയുടെ 53-ാം സെഞ്ചുറിയായിരുന്നു റായ്പുരിൽ പിറന്നത്. 2027 ലോകകപ്പ് കളിക്കാൻ ലക്ഷ്യം വെക്കുന്ന കോലിക്ക് ദക്ഷണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തുടരെയുള്ള സെഞ്ചുറി കരുത്താവും. ഏകദിനത്തിൽ 11 തവണ കോലി തുടരെ രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. ടെസ്റ്റ്, ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷം കോലി ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്.
83 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്ന ഉള്‍പ്പെടുന്നതാണ് ഗെയ്ക്‌വാദി (105) ന്റെ കന്നി ഏകദിന സെഞ്ചുറി. 43 പന്തില്‍ 66 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു. ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത‍്യക്ക് ഭേദപ്പെട്ട പ്രകടനമാണ് ഓപ്പണർമാർ നൽകിയത്. ആദ‍്യ ഓവറിൽ തന്നെ ഇന്ത‍്യ 14 റൺസ് നേടിയിരുന്നു. എന്നാൽ ടീം സ്കോർ 40ൽ നിൽക്കെ രോഹിത് ശർമ്മയുടെയും (14) 62 റൺസിൽ നിൽക്കെ യശസ്വി ജയ്‌സ്വാളിന്റെയും (22) വിക്കറ്റുകൾ ടീമിന് നഷ്ടമായി.
രണ്ടിന് 62 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയെ കോലി-ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്. മൂന്നാം വിക്കറ്റിൽ കോലിയും ഋതുരാജും 195 റൺസ് കൂട്ടുകെട്ട് ഉയര്‍ത്തി. 30 ഓവറിൽ ഇന്ത്യ 200 റൺസ് കടന്നു. 40മത്തെ ഓവറിലാണ് കോലി (102) പുറത്താകുന്നത്. എന്‍ഗിഡിയുടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ഒരുറണ്‍സെടുത്ത് മടങ്ങി. കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും (24) അവസാന ഓവറുകളില്‍ സ്കോറിങ് വേഗം കൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മാർക്കോ യാൻസൻ രണ്ടും ലുങ്കി എൻഗിഡി, നാൻഡ്രെ ബർഗർ, എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.