23 January 2026, Friday

Related news

December 21, 2025
December 19, 2025
December 17, 2025
December 9, 2025
December 3, 2025
December 3, 2025
November 30, 2025
November 26, 2025
November 23, 2025
November 22, 2025

വിറച്ച് ദക്ഷിണാഫ്രിക്ക

Janayugom Webdesk
കൊല്‍ക്കത്ത
November 15, 2025 10:05 pm

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്ക തകര്‍ച്ചയില്‍. ആദ്യ ഇന്നിങ്സില്‍ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 63 റണ്‍സിന്റെ ലീഡുണ്ട്. കോര്‍ബിന്‍ ബോഷ് (ഒന്ന്), തെംബ ബവൂമ (29) എന്നിവരാണ് ക്രീസില്‍.
റയാന്‍ റിക്കിള്‍ട്ടണ്‍ (11), എയ്ഡന്‍ മാര്‍ക്രം (നാല്), വിയാന്‍ മുള്‍ഡര്‍ (11), ടോണി ഡി സോഴ്സി (രണ്ട്), ട്രിസ്റ്റണ്‍ സ്റ്റബ്സ് (അഞ്ച്), കൈല്‍ വെരെയ്നെ (ഒമ്പത്), മാര്‍ക്കോ യാന്‍സന്‍ (13) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഇന്ത്യക്കായി ഇതിനോടകം രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ടും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 159 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 189 റണ്‍സിന് പുറത്തായി. രണ്ടാം ദിനമായ ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന് ഇന്ത്യക്കായി കെ എല്‍ രാഹുലും (39) വാഷിങ്ടണ്‍ സുന്ദറും (29) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മടങ്ങി. ഇന്നലെ വാഷിങ്ടണ്‍ സുന്ദറാണ് ആദ്യം മടങ്ങിയത്. സിമോണ്‍ ഹാര്‍മറിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍ ഫോറടിച്ച് തുടങ്ങിയെങ്കിലും പേശീ വലിവിനെ തുടര്‍ന്ന് ക്രീസ് വിട്ടു. മൂന്ന് പന്തുകളാണ് താരം നേരിട്ടത്. പിന്നാലെ റിഷഭ് പന്ത് (27) വേഗത്തില്‍ റണ്‍സ് കണ്ടെത്തി.
പന്തും ധ്രുവ് ജുറെലും (14) പുറത്തായതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലായി. രവീന്ദ്ര ജഡേജയെയും അക്സർ പട്ടേലിനെയും പുറത്താക്കിയ ഹാർമർ ഇന്ത്യന്‍ മധ്യനിരയുടെ നടുവൊടിച്ചു. വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയതോടെ 200 റൺസെത്തും മുൻപേ ഇന്ത്യ ഓൾഔട്ട്. പരിക്കേറ്റു മടങ്ങിയ ഗിൽ വീണ്ടും ബാറ്റിങ്ങിനിറങ്ങിയില്ല. യശസ്വി ജയ്സ്വാള്‍ ആദ്യ ദിനം പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി സിമണ്‍ ഹാര്‍മര്‍ നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും വിക്കറ്റുകള്‍ നേടി.
നേരത്തെ ആദ്യ ഇന്നിങ്സില്‍ 48 പന്തിൽ 31 റണ്‍സടിച്ചു പുറത്തായ ഓപ്പണർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. എയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കെല്‍ട്ടണും ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌കോര്‍ 57ല്‍ നില്‍ക്കെ 23 റണ്‍സെടുത്ത് റിക്കെല്‍ട്ടണ്‍ പുറത്തായി. താരത്തെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ മാര്‍ക്രത്തെയും ബുംറ മടക്കി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ടെംബാ ബാവുമയെ കുല്‍ദീപ് യാദവ് ഷോര്‍ട്ട് ലെഗ്ഗില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക പതറി.
നാലാം വിക്കറ്റില്‍ ഒന്നിച്ച വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ടീമിനെ 100 കടത്തി. സ്‌കോര്‍ 114ല്‍ നില്‍ക്കെ മുള്‍ഡറെ കുല്‍ദീപ് യാദവ് മടക്കി. ടോണി ‍ഡെ സോർസിയെ ബുംറയും മടക്കി. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കൈൽ വരെയ്നും (16) മാർകോ യാൻസനും (പൂജ്യം) സിറാജിന്റെ പന്തുകളിൽ പുറത്തായി. വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയപ്പോൾ, 74 പന്തിൽ 15 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു. ബുംറയെ കൂടാതെ കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.