
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയിച്ച് ഇന്ത്യക്കെതിരെ ചരിത്രജയവുമായി ദക്ഷിണാഫ്രിക്ക. 408 റണ്‍സിന് പടുകൂറ്റന്‍ വിജയം നേടിയ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരി. ആദ്യമായാണ് പ്രോട്ടീസ്‌പട ഇന്ത്യയില്‍ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. അവസാനത്തെ പരമ്പര നേട്ടം 1999–2000ലായിരുന്നു. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇതിന് മുമ്പ് 2004ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയയ്ക്കെതിരെ 342 റണ്‍സിന് തോറ്റിരുന്നു. 13 മാസത്തിനിടെ രണ്ടാം തവണയാണ് നാട്ടില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനോട് പരമ്പരയൊന്നാകെ കൈവിട്ടിരുന്നു.
549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടിന് 27 എന്ന നിലയിലാണ് ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. 113 റണ്‍സ് മാത്രമെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളു. 37 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സിമോണ്‍ ഹാർമറാണ് ഇന്ത്യയെ വീഴ്ത്തിയത്. കുല്‍ദീപ് യാദവിനെയാണ് ഇന്നലെ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അഞ്ച് റണ്‍സെടുത്ത കുല്‍ദീപിനെ ഹാര്‍മര്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ ധ്രുവ് ജൂറെല്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ റിഷഭ് പന്തിനും അധികനേരം ക്രീസില്‍ ആയുസുണ്ടായിരുന്നില്ല. 13 റണ്‍സെടുത്ത താരത്തെ ഹാര്‍മര്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിച്ചു.
പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ സായ് സുദര്‍ശനെ കൂട്ടുപിടിച്ച് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സായ് 139 പന്തില്‍ വെറും 14 റണ്‍സ് മാത്രമാണ് നേടിയത്. വാഷിങ്ടണ്‍ സുന്ദറും ജഡേജയും സ്കോര്‍ 100 കടത്തി. ഇതിനിടയില്‍ ജഡേജ അര്‍ധസെഞ്ചുറി നേടി. സുന്ദറിനെ ഹാര്‍മര്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. 16 റണ്‍സാണ് സുന്ദര്‍ നേടിയത്. പിന്നീട് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യയുടെ എല്ലാരും പുറത്തായി. 87 പന്തില്‍ 54 റണ്‍സെടുത്ത ജഡേജയാണ് ടോപ് സ്കോറര്‍. നിതീഷ് കുമാര്‍ റെഡ്ഡിയും മുഹമ്മദ് സിറാജും പൂജ്യത്തിന് പുറത്തായി. ജസ്പ്രീത് ബുംറ (ഒന്ന്) പുറത്താകാതെ നിന്നു. കേശവ് മഹാരാജിന് രണ്ടും സെനുരൻ മുത്തുസാമി, മാർകോ യാൻസൻ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതവുമുണ്ട്.
നേരത്തെ 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഫോളോ ഓണിനയയ്ക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്ക 549 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വച്ചു. 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഓപ്പണർമാരായ റിക്കിള്‍ട്ടണും എയ്ഡൻ മാർക്രവും ഓപ്പണിങ് കൂട്ടുകെട്ടില്‍ 59 റണ്‍സ് ചേര്‍ത്തു. 64 പന്തില്‍ 35 റണ്‍സെടുത്ത റിക്കിള്‍ട്ടണിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മാർക്രമിനേയും (29) ജഡേജ കൂടാരം കയറ്റി. നായകൻ തെംബ ബാവുമയെ വാഷിങ്ടൺ സുന്ദറും പുറത്താക്കി. അതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലായി.
പിന്നാലെയൊന്നിച്ച സ്റ്റബ്സ്-ടോണി ഡി സോഴ്സി സഖ്യം 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 49 റണ്‍സെടുത്ത സോഴ്സിയെ ജഡേജ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. സോഴ്സി മടങ്ങിയശേഷം വിയാന്‍ മുള്‍ഡറെ കൂട്ടുപിടിച്ച് സ്റ്റബ്സ് അര്‍ധസെഞ്ചുറി തികച്ചു. സെഞ്ചുറിയിലേക്ക് കുതിച്ച സ്റ്റബ്സിനെ ജഡേജ ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സി സ്കോറായ 489 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് പുറത്തായിരുന്നു. 58 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ആറ് വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സണാണ് ഇന്ത്യയെ തകര്‍ത്തത്. സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ‌് പടയ്ക്ക് സേനുരാന്‍ മുത്തുസാമിയുടെ സെഞ്ചുറിയാണ് കരുത്തായത്. ഇന്ത്യന്‍ വംശജനായ സേനുരാന്‍ 109 റണ്‍സെടുത്തു. 93 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണാണ് മറ്റൊരു പ്രധാന സ്കോറര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.