
പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂൻ സുക് യോളിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. പട്ടാള നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതിൽ നിന്ന് അധികാരികളെ തടസ്സപ്പെടുത്തി, ഔദ്യോഗിക രേഖകൾ കെട്ടിച്ചമച്ചു, സൈനിക നിയമം നടപ്പാക്കാൻ ആവശ്യമായ നിയമ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളാണ് യോളിനെതിരെയുള്ളത്.
ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിൽ യോള്‍ പരാജയപ്പെട്ടുവെന്ന് സിയോള്‍ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ബെയ്ക് ഡേ-ഹ്യുൻ ചൂണ്ടിക്കാട്ടി. പ്രതി ഭരണഘടനയെ അവഗണിക്കുന്ന മനോഭാവം പ്രകടിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ ഏഴ് ദിവസത്തിനകം യോളിന് അപ്പീല്‍ നല്‍കാം. രാഷ്ട്രീയവൽക്കരിക്കപ്പെട്ട രീതിയിലാണ് കോടതി വിധിപറഞ്ഞതെന്ന് യോളിന്റെ അഭിഭാഷകര്‍ ആരോപിച്ചു. പ്രസിഡന്റ് എന്ന നിലയിൽ പട്ടാള നിയമം പ്രഖ്യാപിക്കുന്നത് അധികാര പരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാർട്ടികൾ സർക്കാർ പ്രവർത്തനങ്ങൾ തടസപ്പെടുത്തുവെന്ന അപായ സൂചന നല്‍കാനാണ് നിയമം പ്രഖ്യാപിച്ചതെന്നും യോള്‍ കോടതിയില്‍ വാദിച്ചു. പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ട് കലാപത്തിന് നേതൃത്വം നൽകിയെന്ന കുറ്റത്തിന് പ്രത്യേക വിചാരണയിൽ അദ്ദേഹത്തിന് വധശിക്ഷ നേരിടേണ്ടി വന്നേക്കാം.
സെെനിക നിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചെങ്കിലും യോളിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു. ഇംപീച്ച്മെന്റ് നടപടികള്‍ക്ക് ശേഷം 3000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട രണ്ടാമത്തെ ശ്രമത്തിലാണ് ഒടുവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.