നാല് കടുവകളെ പരിചരിക്കുന്നതിനുള്ള സ്ഥല സൗകര്യവുമായി ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ അനിമല്‍ ഹോസ്‌പെയ്‌സ് സെന്ററില്‍ എട്ട് കടുവകളെ പരിപാലിക്കാന്‍ തുടങ്ങിയതോടെ സ്ഥല പരിമിതി പ്രശ്‌നമായി. ഇതോടെ സെന്ററിലെ രണ്ട് കടുവകളെ തിരുവനന്തപുരം സുവോജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു. പുല്‍പ്പള്ളി അമരക്കുനിയില്‍ നിന്ന് പിടികൂടിയ പെണ്‍കടുവയേയും കുപ്പാടിത്തറയില്‍ നിന്ന് കൊണ്ടുവന്ന ആണ്‍ കടുവയേയുമാണ് സെന്ററില്‍ നിന്ന് മാറ്റുന്നത്. തിരുവനന്തപൂരത്ത് നിന്നുള്ള വിദഗ്ധ സംഘം അടുത്ത ദിവസം തന്നെ സെന്ററിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കടുവകളെ മാറ്റുന്നത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ജനവാസകേന്ദ്രത്തിലിറങ്ങി ജനങ്ങളെ നിരന്തരം ശല്യം ചെയ്തു വരുന്നതും പ്രായാധിക്യത്താലും പരിക്ക് പറ്റി ഇരപിടിക്കാന്‍ കഴിയാത്തതുമായ കടുവകളെ പിടികൂടി പരിപാലിക്കുന്നതിനായിട്ടാണ് സംസ്ഥാനത്ത് ആദ്യമായി അനിമല്‍ ഹോസ് പെയ്‌സ് സെന്റര്‍ കുപ്പാടിയില്‍ ആരംഭിച്ചത്.
നാല് കടുവകളെ പരിപാലിക്കുന്നതിന് വേണ്ട സൗകര്യത്തോടെയാണ് പാലിയേറ്റീവ് സെന്റര്‍ തുടങ്ങിയത്. പിന്നീട് രണ്ട് കടുവകളെ ഇവിടേക്ക് കൊണ്ടുവന്നതോടെ സ്ഥലസൗകര്യം ഉണ്ടാക്കിയാണ് ആറെണ്ണത്തിനെയും താമസിപ്പിച്ചത്. അതിന് ശേഷവും രണ്ട് കടുവകള്‍ കൂടി എത്തിയതോടെ കടുവകളുടെ എണ്ണം എട്ടായി.എന്നാല്‍ അവസാനമായി പിടികൂടിയ കടുവകളെ പരിപാലിക്കാന്‍ വേണ്ട സ്ഥലമില്ലാതെ വന്നതോടെ ഇവയെ കൂട്ടില്‍ തന്നെ വെച്ചാണ് പരിപാലിക്കുന്നത്.
വയനാട്ടില്‍ കടുവ ശല്യം വര്‍ദ്ധിക്കുകയും മനുഷ്യ ജീവന് ഭീഷണിയാകുകയും ചെയ്തതോടെയാണ് ശല്യക്കാരായ കടുവകളെ പിടികൂടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ശല്യക്കാരായി ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന കടുവകളില്‍ മിക്കവയും ഒന്നുകില്‍ പ്രായാധിക്യത്താല്‍ രോഗംപിടിപെട്ടതോ മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ പരിക്ക് പറ്റിയവയോ ആണ്. അതിനാല്‍ പിടികൂടുന്ന കടുവയെ ചികില്‍സിപ്പിക്കേണ്ടി വരുന്നു. നിലവിലുള്ള സൗകര്യത്തില്‍ ഇവരെ പരിചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
നാല് കടുവകള്‍ക്ക് മാത്രം പാര്‍ക്കാന്‍ സൗകര്യമുള്ളിടത്തേക്ക് അഞ്ചാമന്‍ എത്തിയതോടെയാണ് അഞ്ച് കടുവകള്‍ക്കുള്ള സൗകര്യം ഒരുക്കിയത്. വനം വകുപ്പിന്റെ കുപ്പാടി നാലാം മൈലിലുള്ള വന്യമൃഗസംരക്ഷണ പരിപാലന കേന്ദ്രത്തില്‍ കൂടുതല്‍ കടുവകളെ പാര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി അതിനിടെ നടപടികളാരംഭിച്ചു. നിലവിലുള്ള ആനിമല്‍ ഹോസ് പെയ്‌സ് സെന്ററിനോട് ചേര്‍ന്ന് പുതിയ യൂണിറ്റ് ആരംഭിക്കാനാണ് അധികൃതര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അഞ്ചു കടുവകളെകൂടി പാര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ ചെലവ് വരുന്ന റിപ്പോര്‍ട്ടാണ് നേരത്തെ പാലക്കാട് സി സി എഫിന് നല്‍കിയിരിക്കുന്നത്. സ്‌ക്യൂസ്‌കേജും, പഡോക്കുകളുമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണിത്. നാലെണ്ണം താമസിക്കേണ്ടിടത്താണ് ഇപ്പോള്‍ തന്നെ എട്ടെണ്ണം കഴിയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടെണ്ണത്തിനെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റാന്‍ ഉത്തരവായിരിക്കുന്നത്. പ്രായാധിക്യമെത്തിയ പത്തിലേറെ കടുവകള്‍ വയനാട്ടിലുണ്ടെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്.
ഇവക്ക് പുറമെയാണ് ഇണയെ തേടി കര്‍ണാടകയിലെ ബന്ദിപ്പര്‍, നാഗര്‍ഹോള എന്നിവിടങ്ങളില്‍ നിന്നുള്ള കടുവകളും വയനാട് വന്യജീവി സങ്കേതത്തിലേയ്ക്ക് എത്തുന്നത്. ഇവയുടെ വരവോടെയാണ് ചില കടുവകള്‍ ജനവാസകേന്ദ്രത്തിലേക്ക് എത്തിപ്പെടുന്നത്. ഇവയെ പിടികൂടിയാല്‍ പാലിയേറ്റീവ് സെന്ററില്‍ വെച്ച് പരിചരിക്കാന്‍ സ്ഥല പരിമിതി വില്ലനാകുന്നത് വനപാലകര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. സെന്ററില്‍ സൗകര്യം ഏര്‍പ്പെടുത്തിയാലും ഒരു പരിധിയില്‍ കൂടുതല്‍ കടുവകളെ താമസിപ്പിക്കുക അവയുടെ ആവാസ വ്യവസ്ഥക്ക് പ്രശ്‌നമാകും. മാത്രമല്ല ഒരു കടുവയുടെ ഒരു മാസത്തെ ഭക്ഷണ ചെലവ് തന്നെ കാല്‍ലക്ഷത്തോളം വരും. ഇവക്ക് പുറമെ മരുന്നിന്റെ ചെലവും. ഭാരിച്ച ചെലവാണ് ഒരു കടുവയുടെ പരിചരണത്തിന് തന്നെ വനം വകുപ്പിന് വരിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.