
അനുമതി ഇല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്ക് നിയമാനുസൃത അംഗീകാരം നൽകാനുള്ള പദ്ധതി സ്‌പെയിൻ സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് ഈ പദ്ധതിയുടെ ആശ്വാസം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്ക്. സ്‌പെയിനിലെ അനധികൃത കുടിയേറ്റക്കാരെ നിയമാനുസൃതമാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി സാമൂഹിക സുരക്ഷ, കുടിയേറ്റ വകുപ്പ് മന്ത്രി എൽമ സൈസ് കഴിഞ്ഞ ദിവസം അറിയിച്ചു.
പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ഏത് മേഖലയിലും ജോലി ചെയ്യാൻ കഴിയുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ മറ്റ് മേഖലകളിൽ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിനിടയിലാണ് സ്‌പെയിനിലെ ഇടത് സർക്കാർ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന നയം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഡിസംബർ 31ന് മുമ്പ് സ്‌പെയിനിൽ എത്തി അന്താരാഷ്ട്ര സംരക്ഷണത്തിന് അപേക്ഷിച്ചവരും കുറഞ്ഞത് അഞ്ച് മാസമായി രാജ്യത്ത് താമസിക്കുന്നതായി തെളിയിക്കുന്നവർക്കുമാണ് പദ്ധതിയിൽ അർഹത നേടാനാകുക. രാജ്യത്ത് നിലവിലുള്ള അപേക്ഷകരുടെ കുട്ടികൾക്കും നിയമാനുസൃത പരിഗണന ലഭിക്കുമെന്നും കുടിയേറ്റകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള സമയം ഏപ്രിൽ മുതൽ ജൂൺ വരെയായിരിക്കുമെന്നും എൽമ സൈസ് അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ, സംയോജനം, സഹവർത്തിത്വം, സാമ്പത്തിക വളർച്ച, സാമൂഹിക ഐക്യം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു കുടിയേറ്റ മാതൃക സർക്കാർ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി വിശദമാക്കി. അതേസമയം, നിയമാനുസൃത അംഗീകാരത്തിനായി കുടിയേറ്റക്കാർ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിച്ചിരിക്കണം. സ്‌പെയിൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇത് സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അനധികൃത കുടിയേറ്റ ജനത. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിനായുള്ള പോലീസ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ നേടുന്നതിന് ബാഴ്‌സലോണയിലെ പാക്കിസ്ഥാൻ കോൺസുലേറ്റിനു മുന്നിൽ പാക് പൗരന്മാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.