മൂന്നാം മോഡി സര്‍ക്കാരിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഇന്ന് ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ലോക്‌സഭയുടെ ചരിത്രത്തിലാദ്യമായി മത്സരം നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പാണിത്. ഇന്ത്യ സഖ്യം ഉയര്‍ത്തുന്ന കനത്ത വെല്ലുവിളി മറികടക്കാന്‍ വിയര്‍ക്കുകയാണ് ബിജെപി ബുദ്ധികേന്ദ്രങ്ങള്‍. എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
സഖ്യകക്ഷി പിന്തുണയോടെ ഭരണത്തിലേറിയ മോഡി സര്‍ക്കാര്‍ മുന്‍ സ്പീക്കര്‍ ഓം ബിര്‍ളയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് തൊട്ടുപിന്നാലെ ഇന്ത്യ സഖ്യത്തിലെ കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ബിജെപിയെ ഞെട്ടിച്ചു. സമവായം കണ്ടെത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ 10 മിനിറ്റ് മാത്രം ബാക്കി നില്‍ക്കുമ്പോഴും രാജ്‌നാഥ് സിങ്ങിന്റെ ഭാഗത്തു നിന്നും മറുപടിയുണ്ടായില്ല. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്നേ തയ്യാറാക്കിയ നാമനിര്‍ദേശ പത്രിക കൊടിക്കുന്നില്‍ സുരേഷ് സമര്‍പ്പിച്ചു. വിജയിക്കാന്‍ ഓം ബിര്‍ളയ്ക്ക് ആവശ്യമായ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷത്തെ ഒതുക്കി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന താക്കീതാണ് പ്രതിപക്ഷം നല്‍കിയത്. പ്രോടേം സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലൂടെ ആരംഭം കുറിച്ച 18-ാം ലോക്‌സഭയിലെ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടര്‍ന്നത് ശ്രദ്ധേയമായി.
ഭരണപക്ഷത്തിന്റെ അതേ അവകാശങ്ങളും അധികാരങ്ങളും ഉള്ള പ്രതിപക്ഷത്തെ ബഹുമാനിക്കുക എന്ന തത്വമാണ് മോഡിയും ബിജെപിയും കാറ്റില്‍പ്പറത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സഭയിലെ മുന്‍രീതി അനുസരിച്ച് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2014ന് മുമ്പ് സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് അനുവദിച്ച് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഒഴിവാക്കുകയായിരുന്നു പതിവ്. ഇത് കാറ്റില്‍പ്പറത്തിയ മോഡി സര്‍ക്കാര്‍, രണ്ടാംഭരണത്തില്‍ അഞ്ച് വര്‍ഷവും ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിച്ചിട്ടത് വ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തിയതാണ്. ബിജെപിയെ പിന്തുണയ്ക്കുന്ന ടിഡിപിയും നിതീഷ്‌കുമാറിന്റെ ജെഡിയുവും സ്പീക്കര്‍ സ്ഥാനത്തിനായി നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സഖ്യകക്ഷികളുടെ അവകാശവാദം അവഗണിച്ചാണ് ബിജെപി ഓം ബിര്‍ളയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ഇതിനിടെ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയെന്ന തരത്തില്‍ ബിജെപി പ്രചരിച്ചിപ്പിരുന്നു. അത്തരമൊരു കെണിയില്‍ വീഴില്ലെന്ന് ഡിഎംകെ തന്നെ വ്യക്തമാക്കിയതോടെ അത് പാളി.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നലെയും ലോക്‌സഭയില്‍ നടന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
English Summary: Speaker election today; For the first time in history
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.