
പട്ന: ബിഹാറിൽ നിയമസഭാ സ്പീക്കർ സ്ഥാനത്തെച്ചൊല്ലി എൻഡിഎ ഘടകകക്ഷികളായ ബിജെപിയും ജനതാദൾ യുണൈറ്റഡും (ജെഡിയു) തമ്മിൽ വടംവലി തുടരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് പ്രേം കുമാറിനും ജെഡിയുവിന്റെ ദാമോദർ റാവത്തിനുമാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്. 20 വര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് ബിജെപിക്ക് വിട്ടുകൊടുക്കേണ്ടിവന്ന ജെഡിയു സ്പീക്കര്‍ സ്ഥാനം എന്തായാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്.
ഗയ ടൗൺ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഒമ്പതാം തവണയും വിജയിച്ച ബിജെപിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് പ്രേം കുമാർ. മുൻ എൻഡിഎ സർക്കാരിൽ സഹകരണ വകുപ്പ് മന്ത്രിയായും 2015 മുതൽ 2017 വരെ നിയമസഭാ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ 26,423 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ പ്രേം കുമാറിന് സ്പീക്കർ സ്ഥാനത്തേക്ക് മുൻതൂക്കമുണ്ടെന്ന് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭയിൽ ബിജെപി നേതാവ് നന്ദ് കിഷോർ യാദവായിരുന്നു സ്പീക്കർ.
ജാഝാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ദാമോദർ റാവത്തിനെയാണ് ജെഡിയു സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്. നിലവിൽ ബിഹാർ നിയമസഭാ കൗൺസിൽ ചെയർമാൻ സ്ഥാനം വഹിക്കുന്നത് ബിജെപി നേതാവായ അവധേഷ് നരേൻ സിംഗ് ആണ്. അതിനാൽ നിയമസഭാ സ്പീക്കർ സ്ഥാനം തങ്ങൾക്ക് ലഭിക്കണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. പകരം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ബിജെപി ഏറ്റെടുക്കട്ടെ എന്ന നിലപാടാണ് ജെഡിയുവിനുള്ളത്. കഴിഞ്ഞ സഭയിൽ ജെഡിയുവിന്റെ നരേന്ദ്ര നാരായൺ യാദവായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
വ്യാഴാഴ്ചയാണ് 74‑കാരനായ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 26 മന്ത്രിമാരും ഒപ്പം അധികാരമേറ്റു. ബിജെപിയിൽ നിന്ന് 14 പേരും, ജെഡിയുവിൽ നിന്ന് എട്ട് പേരും, ലോക് ജൻശക്തി പാർട്ടിയിൽ (രാം വിലാസ്) നിന്ന് രണ്ട് പേരും, എച്ച്എഎം, ആർഎൽഎം എന്നീ പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് മന്ത്രിമാരായത്. മന്ത്രിസഭയിൽ ബിജെപിക്ക് കൂടുതൽ അംഗങ്ങളുള്ളതിനാൽ സ്പീക്കർ സ്ഥാനത്തിനായുള്ള അവരുടെ സമ്മർദ്ദം ശക്തമാണ്.
അതേസമയം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തെരഞ്ഞെടുപ്പിനുമായി പ്രത്യേക നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കും. 25‑ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സമ്മേളന തീയതി തീരുമാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.