16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 15, 2024
September 14, 2024
September 14, 2024
September 13, 2024
September 13, 2024
September 13, 2024
September 12, 2024
September 11, 2024
September 10, 2024

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘം

Janayugom Webdesk
തിരുവനന്തപുരം/കോഴിക്കോട്
August 25, 2024 7:20 pm

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘമാണ് രൂപീകരിച്ചത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രത്യേകസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്‌പി മെറിൻ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസിസ്റ്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, ലോ ആന്റ് ഓര്‍ഡര്‍ എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്‌പി എസ് മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ പ്രസ്താവനകളിലൂടെയും അഭിമുഖങ്ങളിലൂടെയും പല വനിതകളും വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്.

അതിനിടെ സിനിമയിലെ വനിതാപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾക്ക് ശക്തി വർധിച്ചു. പ്രമുഖർക്കെതിരെ ഇപ്പോൾ ഉയർന്നുവരുന്ന പരാതികൾ പലതും നേരത്തെ തന്നെ ചർച്ചയായവയാണ്. നടൻ സിദ്ധിഖിനെതിരായ രേവതി സമ്പത്തിന്റെ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ചെറിയ പ്രായത്തിലാണ് സിദ്ധിഖിൽ നിന്ന് ദുരനഭവം ഉണ്ടായതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സിദ്ധിഖ്, സംവിധായകൻ രാജേഷ് ടച്ച് റിവർ, നടൻ ഷിജു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്ത് വന്നിരുന്നു. സിനിമാ സെറ്റിൽ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയപ്പോൾ രാജേഷ് ടച്ച് റിവറും ഷിജുവും മാനസികമായി പീഡിപ്പിക്കുകയായിരുന്നവെന്നാണ് ഇവർ വ്യക്തമാക്കിയത്. 

മുകേഷിനെതിരായ മീ ടു ആരോപണവും വീണ്ടും ചർച്ചയാവുകയാണ്. കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫാണ് നേരത്തെ മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി. വാർത്തകളിൽ ഇടം പിടിച്ചെങ്കിലും ഇക്കാര്യം അധികം ചർച്ചയായില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് കൂടി പരാമർശിച്ചുകൊണ്ട് ഇവർ വീണ്ടും മുകേഷിനെതിരെ രംഗത്തെത്തുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് രാജിവയ്ക്കേണ്ടി വന്ന ആരോപണം പുതിയതാണെങ്കിലും ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ ആക്ഷേപവുമായി എഴുത്തുകാരി എം എ ഷഹനാസ് രംഗത്ത് വന്നിരുന്നു. പൊതുവേദിയിൽ മദ്യപിച്ചെത്തി തന്നെ ബുദ്ധിമുട്ടിച്ചതായാണ് ആരോപണം ഉന്നയിച്ചത്. ഇതേ പരാതിയുമായി ഇവർ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. 

നടൻ സുധീഷ്, മാമുക്കോയ, ഇടവേള ബാബു, സംവിധായകന്‍ ഹരികുമാർ തുടങ്ങിയവർക്കെതിരെ നടി ജുബിത നേരത്തെ തന്നെ ചില ഓൺലൈൻ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. നേരത്തെ ഉയർന്ന് കെട്ടടങ്ങിയതാണ് നടൻ അലൻസിയറിനെതിരായ പരാതി. സിനിമാ സെറ്റിൽ വച്ച് മോശമായി പെരുമാറിയെന്നായിരുന്നു നടി ദിവ്യ ഗോപിനാഥിന്റെ ആരോപണം. 2018 ൽ താരസംഘടനയിൽ ഇവർ പരാതിയും നൽകി. ഹേമ കമ്മിറ്റിക്ക് മുന്നിലും ദിവ്യ, മൊഴി നൽകിയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തന്റെ പരാതി നടി വീണ്ടും ഉയർത്തിയിരിക്കുകയാണ്. നടൻ വിനായകനെതിരെ ആരോപണവുമായി ദളിത് ആക്ടിവിസ്റ്റും നേരത്തെ രംഗത്ത് വന്നിരുന്നു. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. സംവിധായകൻ കമലിനെതിരെയും നേരത്തെ ആരോപണം ഉയർന്നിരുന്നു. ‘പ്രണയ മീനുകളുടെ കടൽ’ എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡന ശ്രമം എന്നായിരുന്നു 2020 ഏപ്രിലിൽ ഉയർന്ന പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.