
കേരളത്തിന്റെ മണ്ണിൽ നിന്ന് ലഹരിയുടെ വിഷവിത്തുകളെ വേരോടെ പിഴുതെറിയാൻ കായികവകുപ്പ് ആരംഭിച്ച ‘കിക്ക് ഡ്രഗ്‌സ് സേ യെസ് ടു സ്പോർട്സ്’ കാമ്പയിന് കാസർകോട് ഉജ്ജ്വല തുടക്കം. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മിനി മാരത്തോണോടെയാണ് കാസർകോട് ‘കിക്ക് ഡ്രഗ്‌സ്’ കാമ്പയിൻ പരിപാടികൾക്ക് തുടക്കമായത്. ഉദുമ പാലക്കുന്നിൽ നിന്ന് ആരംഭിച്ച മാരത്തോൺ ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് ഫ്ലാഗ് ഓഫ് ചെയ്തു. ഏകദേശം 13 കിലോമീറ്റർ ദൂരമുള്ള മാരത്തോൺ കാസർകോട് കളക്ടറേറ്റിലാണ് സമാപിച്ചത്. കുട്ടികളും മുതിർന്നവരുമായി നൂറിലധികം പേർ മാരത്തോണിൽ പങ്കെടുത്തു. തുടർന്ന്, അവിടെ നിന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു.
1500 ഓളം പേർ അണിനിരന്ന വാക്കത്തോൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സുംബ നൃത്തവും കളരി മുതൽ തായ്കൊണ്ടോ വരെയുള്ള പ്രദർശനങ്ങളും ജ്യോതിർഗമയ എന്ന നൃത്തശില്പവും അരങ്ങേറി. മാരത്തോണിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കായികതാരങ്ങൾ, എൻന്‍സിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എന്‍എസ്എസ്, കായിക അസോസിയേഷനുകൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ബഹുജന സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ക്യാമ്പയിനിന്റെ ഭാഗമായി.
കാസർകോട് നിന്ന് ആരംഭിച്ച പ്രചാരണ യാത്ര വരും ദിവസങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകും. ഓരോ ജില്ലകളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സി എച്ച് കുഞ്ഞമ്പു എംഎല്‍എ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ കളക്ടർ കെ ഇൻപശേഖർ, പി ഹബീബ് റഹ്മാൻ, ടി വി ശാന്ത, വി വി രമേശൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.