4 January 2026, Sunday

പാക് ചാരസംഘടയ്ക്കുവേണ്ടി ചാരവൃത്തി: അറസ്റ്റിലായ മലയാളിയായ മുൻ വ്യോമസേന ഉദ്യോഗസ്ഥന് ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2023 6:37 pm

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ മുൻ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. എയര്‍ഫോഴ്സില്‍ ജൂനിയർ റാങ്കിംഗ് ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് കെ കെ എന്നയാള്‍ക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജി അപർണ സ്വാമി ജാമ്യം അനുവദിച്ചത്. പത്ത് മാസം തടവ് കാലാവധിയില്‍ ഏഴ് മാസം ജയില്‍ശിക്ഷ പ്രതി അനുഭവിച്ചുകഴിഞ്ഞതായും കേസില്‍ വിസ്തരിച്ച പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയ്ക്ക് ഒരു കാരണവശാലും സ്വാധീനിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ജാമ്യം അനുവദിച്ചത്. 

ജയിലിലുള്ള അപേക്ഷകന്റെ പെരുമാറ്റം തൃപ്തികരമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. “പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കൂടാതെ, കേസ് ഫയലിൽ 12 സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ, വിചാരണ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. പ്രതിക്ക് ഇളവിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെടുന്നുവെന്നും ജഡ്ജി പറഞ്ഞു. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ സെക്ഷൻ 3 പ്രകാരം 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേരളത്തിലെ മലപ്പുറം ജില്ലക്കാരനായ രഞ്ജിത്ത് 2010ലാണ് ഇന്ത്യൻ എയർഫോഴ്‌സിൽ ചേർന്നത്. 

യുകെ ആസ്ഥാനമായുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവായി ചമഞ്ഞ് തന്റെ വാർത്താ മാസികയിൽ ഒരു ലേഖനത്തിനായി വ്യോമസേനയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്ത ദാമിനി മക്‌നോട്ട് എന്ന സൈബർ സ്ഥാപനമാണ് രഞ്ജിത്തിനെ കബളിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഐഎഎഫ് അഭ്യാസങ്ങൾ, വിമാനങ്ങളുടെ നീക്കങ്ങൾ, വിവിധ യൂണിറ്റുകളുടെ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളാണ് രഞ്ജിത്ത് പണത്തിന് പകരമായി അവരുമായി പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Spy­ing for Pak spy agency: Arrest­ed ex-air force offi­cer grant­ed bail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.