പ്രൊഫ. എം ചന്ദ്രബാബുവിന്റെ ശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി, ശ്രീനാരായണ ഗുരു മൃത്യുഞ്ജയ വചനങ്ങൾ, ശ്രീനാരായണ ഗുരുദേവ കൃതികൾ ഒരു വാഗർത്ഥ വിചിന്തനം, ശ്രീനാരായണ സാഹിത്യം സത്യം ജ്ഞാനം ആനന്ദം എന്നീ പുസ്തകങ്ങളുടെ രചന എത്രമാത്രം മഹത്താണെന്നത് അത്ഭുതത്തോടെ മാത്രമേ പറയാൻ കഴിയുകയുള്ളു. ഒരു മനുഷ്യൻ നിരന്തരമായ അർപ്പണബുദ്ധിയോടു കൂടി ഒരു കാലത്തെ പറ്റി, ഒരു ആശയത്തെ പറ്റി, ഒരു മഹത്തായ സാമൂഹിക പരിണാമ പ്രക്രിയയെപ്പറ്റി പറയാൻ ശ്രമിക്കുകയാണ് ആ പുസ്തകങ്ങളിലൂടെ. ശ്രീനാരായണഗുരുവിനെപ്പറ്റി ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുരുവിനെ പല വിധത്തിൽ വ്യാഖ്യാനിച്ചവർ, പല രൂപത്തിൽ മനസിലാക്കിയവർ, പല തലത്തിൽ പഠിച്ചവർ അവരെല്ലാം പലപ്രകാരത്തിൽ എഴുതിയ എത്രയോ എത്രയോ പുസ്തകങ്ങൾ മലയാളത്തിലുണ്ട്. അതുകൊണ്ട് ശ്രീനാരായണ ഗുരു മലയാള പുസ്തക ലോകത്തിന് ഒരു പുതിയ രചനാവിഷയമല്ല. എത്രയോ ദശാബ്ദങ്ങളായി എത്രയെത്ര ഗ്രന്ഥകാരന്മാർ എഴുതിയ വിഷയങ്ങളാണ് ശ്രീനാരായണ ഗുരു. ഒരുപക്ഷേ ഇത്തരം എല്ലാ രചനകളും ഇരിക്കെത്തന്നെ തികച്ചും നവീനമായ സമീപനത്തോടുകൂടി, നവീനമെന്നു പറയുന്നത് അതിലുള്ള പ്രകടമായ പൂർണമായ സമർപ്പണമാണെന്ന് പറയാം. അത്ര സമർപ്പണത്തോടെയാണ് ചന്ദ്രബാബുവിന്റെ പുസ്തക രചന എന്ന് പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസിലാകും. ആരിലും അസൂയ ഉണ്ടാക്കുന്ന ഒരു വലിയ സത്കൃത്യമാണ്, മഹത്തായൊരു സപര്യയാണ് അദ്ദേഹം പൂർത്തിയാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരു ഒരു വ്യക്തിയല്ല, ഒരു വെറും മഹർഷിയല്ല. നമുക്കാർക്കും പെട്ടെന്നങ്ങനെ എഴുതി പൂർത്തിയാക്കാനോ വ്യാഖ്യാനിച്ച് പൂർത്തീകരിക്കാനോ കഴിയാത്ത മഹാ പ്രതിഭാസം എന്നു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എത്ര ഗവേഷണം ചെയ്താലും വീണ്ടും വീണ്ടും ഗവേഷണം ചെയ്യാൻ ബാക്കിയുള്ള ഒരു വലിയ സാഗരമാണ് ഗുരുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ശ്രീനാരായണഗുരു ലളിതമായ വായനയ്ക്കോ വ്യാഖ്യാനങ്ങൾക്കോ വഴങ്ങുന്ന ഒരാളല്ല എന്ന് നമുക്കറിയാം. എപ്പോഴും ഞാൻ ചിന്തിക്കാറുള്ളത് അദ്ദേഹം ജനിച്ച സ്ഥലം ഈ വലിയ ഇന്ത്യയുടെ തെക്കേ കോണിലെ ഈ കൊച്ചു ഭൂഭാഗമായ കേരളം അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ഭാഷ കുറച്ചുപേർ മാത്രം സംസാരിക്കുന്ന മലയാളം അല്ലായിരുന്നു വെങ്കിൽ ഒരു പക്ഷേ എത്രയോ വലിയ രൂപത്തിൽ ശ്രീനാരായണ ഗുരു ഇതിനോടകം തന്നെ ഇന്ത്യയുടെയും ഈ ലോകത്തിന്റെയും തന്നെ കണ്ണിൽ പതിയുമായിരുന്നു.
ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പോരാളി എന്ന അർത്ഥത്തിൽ, മഹാ വിപ്ലവങ്ങൾക്കു നാന്ദി കുറിച്ച സന്ന്യാസി എന്ന നിലയിൽ, പല പഠനങ്ങളുടെയും തുടക്കമെന്ന രീതിയിൽ, സമൂഹ മാറ്റത്തിന്റെ വിഷയങ്ങളെപ്പറ്റി ചിന്തിക്കാൻ ഉത്ബുദ്ധമായി മുൻകൈയെടുത്ത സന്ന്യാസിവര്യനായും ആദ്ധ്യാത്മിക ജീവിതത്തിന്റെ എല്ലാ ചര്യകളെയും പാലിക്കുമ്പോൾ തന്നെ ഭൗതിക ജീവിതത്തിന്റെ എല്ലാ സമസ്യകളെക്കുറിച്ചും ചിന്തിക്കാൻ തയ്യാറായ പതിവിലധികം വ്യത്യസ്തനായ അപൂർവതയാർന്ന മഹർഷിയെന്ന അർത്ഥത്തിൽ എങ്ങനെയെല്ലാം ഗുരുവിനെക്കുറിച്ച് പറഞ്ഞാലും മതിയാവില്ല പിന്നെയും പറയാനുണ്ട്. നമുക്ക് ഒരിക്കലും തൃപ്തിവരില്ല. ഗുരു എത്തിപ്പിടിക്കേണ്ട എല്ലായിടത്തും എത്തിപ്പിടിച്ചു. അതുകൊണ്ട് പെട്ടെന്ന് മനസിലേക്ക് ആ പഴയ വാക്ക് കടം കൊള്ളാം. ‘നേതി’ എന്ന വാക്ക് ‘ന ഇതി’, ഇതല്ല ഇത്രയുമല്ല എന്ന് നമുക്ക് അനുഭവപ്പെടാം. നമുക്ക് എല്ലാം പൊരുതി നേടിത്തന്ന ശ്രീനാരായണഗുരുവിനെപ്പറ്റി എല്ലാം പറഞ്ഞു കഴിഞ്ഞു, എല്ലാം വ്യാഖ്യാനിച്ചു, എല്ലാം പഠിച്ചു, എല്ലാം പകർത്തി ഇങ്ങനെ എത്രയെല്ലാം പറഞ്ഞ്, ഒന്നും ബാക്കിയില്ലെന്നോർത്ത് അടിയിൽ ഒരു വര വരച്ചാൽ ആ വരയിൽ അത് അവസാനിക്കുന്നില്ല. അതിന്റെ താഴെ എവിടെയും കാണും. അതിന്റെ മുകളിൽ എവിടെയും കാണും. ഇതിന്റെയെല്ലാം അപ്പുറത്തും ഇപ്പുറത്തുമായി പരന്നുകിടക്കുന്ന ഒരു വലിയ സാഗരം കണക്കെ അലയടിക്കുന്ന ജീവിതവും ചിന്തയും തത്ത്വശാസ്ത്രവുമാണ് ഗുരുവിനെ വ്യത്യസ്തതനാക്കുന്നത്. ഞാൻ വിപരീതമായി പറയട്ടെ. നമുക്കെല്ലാം അറിയാവുന്ന മഹർഷിമാർ എത്രയോ പേരുണ്ട്. സന്ന്യാസിമാർക്ക് ക്ഷാമമില്ല. സന്ന്യാസിമാർ നൂറുകണക്കിനല്ല ആയിരക്കണക്കിന് ലക്ഷക്കണക്കിനുണ്ട് നമ്മുടെ ഇന്ത്യയിൽ. അവരിൽ നല്ലൊരു ശതമാനം ആളുകൾ യഥാർത്ഥ സന്ന്യാസിമാരല്ല.
എല്ലാവരും അവരെ വിളിക്കുന്ന പേര് സ്വാമി എന്നായിരിക്കുമെങ്കിലും പലപ്പോഴും പലതുമറിയുമ്പോഴും വായിക്കുമ്പോഴും നാം പറയും ഈ സ്വാമിമാർ സ്വാമിമാരല്ലല്ലോ ആസാമിമാരാണല്ലോ എന്ന്. അത്തരം ആസാമിമാർക്ക് ഒരുപാട് ധാരളിത്തമുള്ള ഇന്ത്യയിൽ തീർച്ചയായിട്ടും ശ്രീനാരായണഗുരു, സ്വാമി എന്ന വാക്കിന്റെ സന്ന്യാസി ജീവിതത്തിന്റെ എല്ലാ പവിത്രമായ നിഷ്ഠകളെയും ആശയങ്ങളെയും മൂല്യങ്ങളെയും പ്രതിനിധീകരിച്ച സന്ന്യാസിവര്യനാണെന്ന് നാം പറയണം. പക്ഷേ ഈ സന്ന്യാസി വ്യത്യസ്തനാണ്. എല്ലാ അർത്ഥത്തിലും വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ വേഷം, ഭാവം, ഭാഷ, രീതി എല്ലാമെല്ലാം വ്യത്യസ്തമാണ്. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിനെ കാണാനെത്തിയ മഹാത്മാഗാന്ധി കണ്ടത് ആശ്രമത്തിനടുത്തുള്ള ഒരു ചെറിയ വീടിന്റെ മുന്നിൽ കെട്ടിയിട്ട അകിടുള്ള ആടുകളെയാണ്. ഈ ആടുകളെ കണ്ടപ്പോൾ മഹാത്മജി ഗുരുവിനോട് പറഞ്ഞു: ‘ഇപ്പോൾ എന്റെ ആഹാരം ആട്ടിൻ പാലും പഴങ്ങളുമാണ്. ‘ഗുരുവിന്റെ പ്രതികരണം അപ്പോൾ ഇപ്രകാരമായിരുന്നു: ‘ഈ പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാൽ അല്ലാതെ വേറൊരു പാൽ കുടിക്കാൻ കഴിയാറില്ല.’
ഇതു പറഞ്ഞ സന്ന്യാസിയെ നാം എന്തു വിളിക്കണം? പറഞ്ഞത് വിരുന്നുകാരനോട്. ലോകം മുഴുവൻ ആരാധിക്കുന്ന മഹാത്മജിയോട്. സന്ദർശനത്തിനു വരുന്ന ആളുടെ ഗുണഗണങ്ങൾ വാഴ്ത്തിക്കൊണ്ട് ഉപചരിക്കൽ മാത്രമാണ് സ്വാഭാവികമായും ആതിഥേയൻ ചെയ്യുക. ഇവിടെ ഇങ്ങനെ പറയാൻ ഒരുക്കിവച്ച സ്ക്രിപ്റ്റ് ഗുരുവിന്റെ കൈവശം ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധി സംശയത്തോടെ അല്ലെങ്കിൽ അസഹിഷ്ണുതയോടെ അങ്ങനെയാണോ എന്നു ചോദിച്ചുമില്ല. ഈ നാട്ടിലെ പാവങ്ങളെ പട്ടിണിപ്പാവങ്ങളെ പറ്റിയാണ്, കൊച്ചുമക്കളെ പറ്റിയാണ് ഗുരു പറയാൻ ശ്രമിച്ചത്. ഇവിടത്തെ കൊച്ചുമക്കൾക്ക് പാലുകുടിക്കാൻ കഴിയാത്ത ജീവിതാവസ്ഥയെ പറ്റിയാണ് ഗുരു പറഞ്ഞ്. അങ്ങനെ പറഞ്ഞ സന്ന്യാസി വെറും സന്ന്യാസി അല്ല. ആ സന്ന്യാസി വ്യത്യസ്തനാണ്. വ്യത്യസ്തനായ സന്ന്യാസിയെ, അപൂർവതകളുടെ ഋഷിയെ ആ അപൂർവതകളുടെ എല്ലാ ഭാവത്തിലും പകർത്തിവെയ്ക്കാനാണ് പ്രൊഫ. എം ചന്ദ്രബാബു ശ്രമിച്ചിരിക്കുന്നത്. നാമെല്ലാം അതു വായിച്ചറിയുമ്പോൾ ആദരവോടെ ഗ്രന്ഥകാരനെ ശ്ലാഘിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതാണ് ഈ പുസ്തകങ്ങളുടെ മഹത്വമെന്ന് ഞാൻ പറയട്ടെ. ശ്രീനാരായണ ഗുരുവിന്റെ മഹായജ്ഞങ്ങളെ നാം വിളിക്കേണ്ടത് എങ്ങനെയാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും വിപ്ലവം എന്ന്. എല്ലാ അർത്ഥത്തിലും ഗുരു ഒരു വിപ്ലവകാരിയാണ്.
ഗുരുവിനെ വലിയ സന്ന്യാസി എന്നോ വിപ്ലവ കാരിയെന്നോ ആത്മീയനെന്നോ എന്തു വേണമെങ്കിലും വിളിക്കാം. ഞാൻ ഗുരുവിനെ വിളിക്കുന്നത് മനുഷ്യൻ എന്നാണ്. വലിയ മനുഷ്യൻ. ഈ മനുഷ്യനെ പല പ്രകാരം വ്യാഖ്യാനിക്കാം. എനിക്ക് എന്റെ രീതിക്ക് വ്യാഖ്യാനിക്കാം. സ്വാമിമാർക്ക് അവർക്ക് ഇഷ്ടമുള്ള രീതിക്ക് വ്യാഖ്യാനിക്കാം. ഒരു ബുദ്ധിജീവിക്ക് അതുപോലെ വ്യാഖ്യാനിക്കാം. ഒരു ഗവേഷകനോ ഗവേഷകയ്ക്കോ അവരുടെ ശൈലിക്ക് വ്യാഖ്യാനിക്കാം. എന്നാൽ അദ്ദേഹത്തിന് ഇണങ്ങാത്ത ചില വേഷങ്ങളും രൂപങ്ങളും ചിലർ നല്കുന്നുമുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം കേൾക്കുമ്പോൾ ഗുരു ഇതല്ല ഇതല്ല എന്നു വീണ്ടും പറയാൻ തോന്നിപ്പോകും. ഏകം സത് വിപ്രാ വദന്തി എന്നൊക്കെ പറയാം. സത്ത് ഒന്നു മാത്രമാണ്. പണ്ടുമുതലേ ആ സത്തിനെ പല വിധം വ്യാഖ്യനിക്കുമെങ്കിലും സത്യം പലതാകുന്നില്ല. സത്യം ഏകമാണ്. ആ ഏകമായ സത്യത്തെ കണ്ട സത്യമാണ് ശ്രീനാരായണഗുരു എന്നു ഞാൻ പറയും. ഓരോ ആളും ഇഷ്ടമുള്ള വിധം വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ പറയട്ടെ, അദ്ദേഹത്തിനു മേൽ ആ തലയ്ക്ക് ഇണങ്ങാത്ത ഒരു തൊപ്പി വയ്ക്കാൻ ആരോ ശ്രമിക്കുന്നു. ഗുരു ചിന്തകൾക്ക് ഒരിക്കലും നിരക്കാത്ത ആശയങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ശരിക്കും പറഞ്ഞാൽ ആ മഹത്തായ ചിന്തയോടു കാണിക്കുന്ന ഏറ്റവും വലിയ അനീതിയായിരിക്കും എന്നു ഞാൻ കൂട്ടിച്ചേർക്കട്ടെ.
ശ്രീനാരായണ ഗുരുവിനോട് നീതി കാണിക്കേണ്ട ഘട്ടമാണിത്. കാരണം ജാതിജന്യമായ പിന്നോക്കാവസ്ഥകളും അതിന്റെ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഇന്ത്യയിൽ ഇന്നും ബാക്കി നില്ക്കുകയാണ്. അതുകൊണ്ടുതന്നെ സമത്വത്തിനു വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ആക്കം കൂട്ടേണ്ട കാലമാണിത്. ആ കാലത്ത് ചാതുർവർണ്യം മഹത്തരമാകുന്നില്ല. അറിവിന്റെ എല്ലാ വാതിലും തുറന്നു വച്ചു കൊണ്ട് പണ്ടാരോ പറഞ്ഞുവത്രെ ചാതുർവർണ്യം ശ്രേഷ്ഠമാന്നെന്ന്. ചാതുർവർണ്യം ഏറ്റവും പ്രാകൃതമാണ്. ചാതുർവർണ്യം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ആ ദൈവത്തെപ്പറ്റി ഈ ലോകം സംശയങ്ങൾ ചോദിക്കും. ചാതുർവർണ്യം എന്താണ് പറയുന്നത്? ചാതുർണ്യം ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നു മനുഷ്യനെ പറഞ്ഞുകൊണ്ട് അവരെ തട്ടുകളായി വേർതിരിച്ചു. എല്ലാവർക്കുമിടയിൽ വലിയ മതിൽ കെട്ടിപ്പൊക്കി. ജാതിയിൽ താണവരായ പഞ്ചമരെ അവർ പട്ടിയെക്കാൾ, പൂച്ചയെക്കാൾ നികൃഷ്ട ജീവികളായി കണ്ടു. എന്നിട്ട് ബ്രഹ്മണ്യത്തിന്റെ മഹത്വത്തെ ഉദ്ഘോഷിച്ചു. ക്ഷത്രിയർക്ക് രണ്ടാം സ്ഥാനം കല്പിച്ചു. വൈശ്യന് മൂന്നും ശുദ്രന് നാലും സ്ഥാനം നല്കിയപ്പോൾ ചാതുർവർണ്യം പഞ്ചമന് ഇടം കൊടുത്തില്ല. ചാതുർവർണ്യം അനുശാസിക്കുന്നത് ശുദ്രന് അക്ഷര പഠനം പാടില്ലെന്നാണ്. ശൂദ്രനെക്കാൾ താണവരാണ് ഹിന്ദുമതത്തിലെ ഭൂരിപക്ഷം പേരും. പഞ്ചമന്മാർ പിന്നെ എന്തു ചെയ്യും? അവർ ചെയ്യുന്ന ജോലി എന്താണ്? ശൂദ്രന് ചാതുർവർണ്യം കല്പിച്ചിരിക്കുന്നത് ദാസ്യ വേലയാണ്. മുകളിലെ മൂന്നു വർണങ്ങളുടെയും ദാസ്യവേല അക്ഷരം പഠിച്ചാൽ ശൂദ്രന്റെ നാവ് പിഴുതെടുക്കാം. അവന്റെ മേൽ എന്ത് അക്രമവും കാണിക്കാം. ഇതാണ് ചാതുർവർണ്യമെങ്കിൽ, ആ ചാതുർവർണ്യത്തെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ആ ദൈവത്തെ തീർച്ചയായിട്ടും ഞാൻ പറയും മനുഷ്യ വിദ്വേഷിയാണെന്ന്.
ദൈവത്തിന്റെ പേരിൽ ഈ ലോകത്തിന് ശാപമായ ചാതുർവർണ്യം ശരിയെന്ന് ആരെല്ലാം പറയാൻ ശ്രമിച്ചാലും ഇന്ത്യക്ക് എക്കാലവും ഉയർത്തിപ്പിടിക്കാനുള്ള തീപ്പന്തമായി ഞാൻ കാണുന്നത് ശ്രീനാരായണ ഗുരുവിനെയാണ്, അദ്ദേഹത്തെ ദൈവമായി മാറ്റുന്നതും അനീതിയാണ്. ഗുരു മനുഷ്യനായി ജനിച്ച് മനുഷ്യനായി ജീവിച്ച് മനുഷ്യനായി മരിച്ച സാധാരണ മനുഷ്യനു വേണ്ടി മാത്രം ജീവിച്ച വലിയൊരു വിപ്ലവകാരിയായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ഇണങ്ങുന്ന തൊപ്പി ഏതെന്നു ചോദിച്ചാൽ ഞാൻ പറയും ആ തൊപ്പി മനുഷ്യത്വത്തിന്റെ മാത്രം തൊപ്പിയാണ്. അദ്ദേഹത്തിനു പുതപ്പിക്കേണ്ട വേഷം മനുഷ്യ സ്നേഹത്തിന്റെ പുതപ്പായിരിക്കണം. മറ്റു വേഷങ്ങളൊന്നും ഗുരുവിനു ചേരില്ല. ആ വലിയ ചിന്തകളുടെ മേൽ, ദാർശനികമായ അതിന്റെ ആശയങ്ങൾക്കുമേൽ ചാതുർവർണ്യത്തിന്റെ ദുർഗന്ധമുള്ള ചില പുതപ്പുകൾ ചാർത്താൻ വേണ്ടി ചിലർ തയ്യാറായി നില്ക്കുന്ന ഈ കാലത്ത് അതിന് പ്രതിരോധം തീർക്കാനും ആശയപരമായ ദാർഢ്യം നല്കാനും പര്യാപ്തമാണ് പ്രൊഫ. എം ചന്ദ്രബാബുവിന്റെ ഗുരുവിനെ സംബന്ധിച്ച കൃതികൾ എന്ന് നിസംശയം പറയാം.
(പ്രൊഫ എം. ചന്ദ്രബാബുവിൻ്റെ ശ്രീനാരായണഗുരുവിനെ പറ്റിയുള്ള പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ചെയ്ത പ്രഭാഷണം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.