11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026

മലയാളിയുടെ സാകല്യത്തെ ചിരിയിൽ ഉടുത്തയൊരാൾ

Janayugom Webdesk
December 22, 2025 4:06 am

വെറുതേയൊന്ന് ചിരിച്ച് വെറുതേ മായുംപോലെയുള്ള ഒരാളല്ല മലയാള സിനിമയ്ക്ക് ശ്രീനിവാസൻ. മലയാളിയുടെ സകല ആടയാഭരണങ്ങളെയും എടുത്തുടുക്കുന്നുണ്ട് ശ്രീനിയുടെ ചിരിയിൽ. ആ ഫ്രെയിമിൽ ഒരു സമ്പൂർണ ഇടത്തരം മലയാളിയുമുണ്ട്. അയാളുടെ ചിരിയിൽ ജ്ഞാനത്തിന്റെ വെളിച്ചം പ്രസരിച്ചിരുന്നു, നർമ്മത്തിന്റെ ആഴവും. മലയാളിയുടെ അഹന്തയെ, ദുരഭിമാനത്തെ, കാപട്യത്തെ ഇത്രയേറെ വിചാരണ ചെയ്ത മറ്റൊരാളുണ്ടാവില്ല. ന്യായാധിപനും അഭിഭാഷകനും വാദിയും പ്രതിയുമൊക്കെയായി അക്കൂട്ടത്തിൽ ആദ്യം കക്ഷി ചേർന്നതും ശ്രീനി തന്നെയായിരുന്നു. തന്നിലെ മലയാളിയെയാണ് ആദ്യം കീറിമുറിച്ചത്, എന്നിട്ടാണ് ചുറ്റും നോക്കിയത്. അസാധാരണമായിരുന്നു ആ നിരീക്ഷണപാടവം. മലയാളിയുടെ മനഃസാക്ഷിയെ തുറന്നുകാട്ടാനും അവരെ ചിന്തിപ്പിക്കാനും കുറ്റബോധത്താൽ വിനയാന്വിതരാക്കാനും അതിലൂടെ ശ്രമിച്ചുകൊണ്ടിരുന്നു. ആക്ഷേപഹാസ്യവും പരിഹാസവും സ്വയം വിമർശനവും ആടിത്തിമർക്കുന്ന കലക്കത്ത് കുഞ്ചനെയും ഇവിടെ കാണാം.
1976ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കമായിരുന്നു ശ്രീനിവാസൻ അഭിനയിച്ച ആദ്യ സിനിമ. 1984ൽ ഇറങ്ങിയ കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമയിൽ ചക്രവണ്ടിയിൽ സഞ്ചരിക്കുന്ന കാത്തവരായൻ എന്ന കഥാപാത്രം ശ്രീനിവാസനുവേണ്ടി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ജി അരവിന്ദന്റെ ചിദംബരത്തിലെ മുനിയാണ്ടി വേറിട്ട കഥാപാത്രമായിരുന്നു. ശ്രീനിവാസൻ — സത്യൻ അന്തിക്കാട് എന്നത് മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായി. മലയാളിയെ മനസിലാക്കുവാനും നർമ്മത്തിലൂടെ ചിലതൊക്കെ ബോധ്യപ്പെടുത്താനും മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാനും ഇവിടെയും ശ്രമിച്ചിട്ടുണ്ട്. അതൊരു സാംസ്കാരിക പ്രവർത്തനമായും വിലയിരുത്താം. മധ്യവർഗ സമൂഹം തന്നെയായിരുന്നു എന്നും ശ്രീനിവാസന്റെ കഥകളിലെ ലോകം. കുടുംബം, കല്യാണം, മരണം, തൊഴിലിടങ്ങൾ, ചായക്കടകൾ… ശ്രീനിവാസൻ സിനിമകളുടെ കഥയിടങ്ങളത്രയും മലയാളികളുമായി ചേർന്നു നിൽക്കുന്നവയായിരുന്നു. മലയാളി യൗവനത്തിന്റെ സകല നിസഹായതകളെയും വേദനയൂറുന്ന ചിരിയായി വരച്ചു. സാധാരണ മനുഷ്യരെ വേട്ടയാടുന്ന സംവിധാനങ്ങളെയെല്ലാം വിമർശിച്ചു. നടനും എഴുത്തുകാരനുമെന്ന നിലയ്ക്ക് ശ്രീനിവാസന് മുഖ്യധാരാ സിനിമയുടെ ചിന്താപദ്ധതിയെ സവിശേഷമായി സ്വാധീനിക്കാനായതങ്ങനെ. അതിസാധാരണത്വത്തെ നായകനായി ആവിഷ്കരിക്കാൻ ശ്രീനിവാസനിലെ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു. കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഒരുപോലെ സാമൂഹിക യഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് സംസാരിക്കണം എന്ന ഉറച്ച നിലപാടെടുത്തു. വിനോദവും ചിന്തയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞു. സാമൂഹിക വിമർശനങ്ങളിൽ ജനകീയത ചോരാതെ സൂക്ഷിച്ചു. ശ്രീനിവാസൻ കഥാപാത്രങ്ങൾ കേരളീയ കുടുംബങ്ങളിൽ നിറഞ്ഞുനിന്നു. ചെറിയ നോട്ടങ്ങൾ, ചലനങ്ങൾ, നിശബ്ദതകൾ, കഥാപാത്രങ്ങളുടെ മാനസിക സങ്കീർണതകൾ എല്ലാം നമ്മുടെ സ്വന്തമോ ചേർന്നുള്ള മനുഷ്യരുടെയോ നേർപ്പകർപ്പുകളോ എ‌ന്നു തോന്നിച്ചു.
സാധാരണക്കാരുടെ ജീവിതത്തെ സ്വഭാവികയോടെ പകർന്നാടുന്ന ശൈലി പ്രേക്ഷകരെ ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സ്വഭാവികത തന്നെയായിരുന്നു ശ്രീനിവാസൻ എന്ന നടന്റെ അഭിനയത്തിനും ആധാരം. കാരിക്കേച്ചർ സ്വഭാവരൂപങ്ങളിലൂടെ അപകർഷതാബോധത്തെയും കപടതകളെയും പരിഹസിച്ചു. മുഖഭാവങ്ങളിലൂടെയും അസാമാന്യ ടൈമിങ്ങിലൂടെയും ഹാസ്യം നിർമ്മിച്ചു. വീരത്വമോ മഹത്വമോ ഇല്ലാത്ത, പിഴവുകളോടെ ജീവിക്കുന്ന മനുഷ്യനെ അദ്ദേഹം സ്ക്രീനിൽ കുടിയിരുത്തി. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ പ്രതിനിധികളായി. പവര്‍കട്ട് പൂച്ചയും, കോഴിയെ ഓടിച്ചിട്ട് മുട്ടയിടീക്കുന്ന ശ്യാമളയും, സ്വന്തംതല പൊട്ടിത്തെറിക്കാന്‍ കാത്തു നിന്ന് അന്ധവിശ്വാസത്തെ കൊഞ്ഞനം കുത്തുന്ന കുറുപ്പും, ഞാളെ ചെറ്യബുദ്ധിയില്‍ തെളിഞ്ഞ ചിത്രങ്ങളാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. ഹാസ്യം അസ്വസ്ഥമാക്കാനും ചിന്തിപ്പിക്കാനും ഉള്ളതാണെന്ന ബോധ്യമുണ്ടാക്കിയ, സാമൂഹിക സത്യങ്ങളെ കൂടുതൽ മൂർച്ചയോടെ മുന്നോ‌ട്ടുവച്ച ഒരു സിനിമാകാലമാണ് ശ്രീനിവാസനൊപ്പം ഓർമ്മയാകുന്നത്. ഞാൻ ചെയ്യാതെ പോയ സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്ന് പലപ്പോഴും ആവർത്തിച്ചിരുന്ന ശ്രീനിവാസൻ സ്വയം തിരസ്കരിക്കാനുള്ള സർഗാത്മകതയുടെ ആത്മബലം വെള്ളിത്തിരിയിൽ അവശേഷിപ്പിച്ചാണ് മറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.