ഇന്ത്യയുടെ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) വിക്ഷേപണം പരാജയം. ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ലെന്നും അവ പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായിരുന്നു.
രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് എസ്എസ്എൽവി ഡി-1 കുതിച്ചുയർന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും വിദ്യാർത്ഥികൾ നിർമ്മിച്ച ആസാദി സാറ്റും വഹിച്ചായിരുന്നു വിക്ഷേപണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലടക്കം ഗ്രാമീണ മേഖലയിലെ 75 സ്‌കൂളുകളില്‍നിന്നുളള 750 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്.
ഭൂമധ്യരേഖയിൽ നിന്നും 356 കിലോമീറ്റർ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായിരുന്നു എസ്എസ്എൽവി ഡി-1 ലക്ഷ്യമിട്ടത്. എന്നാല്‍ റോക്കറ്റിലെ സെന്‍സര്‍ തകരാറിനെത്തുടര്‍ന്ന് നിശ്ചിത ഭ്രമണപഥത്തിലെത്താന്‍ കഴിഞ്ഞില്ല. 356x75 ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്.
500 കിലോമീറ്റർ ദൂരപരിധിയിൽ 500 കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുന്നതാണ് എസ്എസ്എൽവി. 34 മീറ്റര്‍ ആണ് നീളം. പിഎസ്എല്‍വിയേക്കാള്‍ 10 മീറ്റര്‍ കുറവ്. വാണിജ്യ വിക്ഷേപണ രംഗത്ത് എസ്എസ്എൽവി ഏറെ ഉപകാരപ്രദമാകുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷിച്ചിരുന്നു. ഒരാഴ്ച കൊണ്ട് വിക്ഷേപണത്തിന് തയാറാക്കാൻ സാധിയ്ക്കുമെന്നതും എസ്എസ് എൽവിയുടെ സവിശേഷതയായിരുന്നു.
വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി നടന്നിരുന്നു. നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ (വിടിഎം) സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യദൗത്യത്തിന് നേരിട്ട തിരിച്ചടി പഠിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. എസ്എസ് എല്‍വി ഡി-2 ദൗത്യം ഉടന്‍ നടപ്പാക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് അറിയിച്ചു.
English Summary: SSLV missed the target; Satellites were not placed in fixed orbits
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.