
വന്ദേഭാരത് ട്രെയിനുകളിലടക്കം വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം കൊച്ചി കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടി. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത് കടവന്ത്ര ഫാത്തിമ ചര്‍ച്ച് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന്റെ അടുക്കളയില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഭക്ഷണ നിർമ്മാണ കേന്ദ്രത്തിന്റെ അടുക്കളയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. അഴുകിയമാംസവും കണ്ടെടുത്തു. ഭക്ഷണം പാക്ക് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന വന്ദേഭാരതിന്റെയും മറ്റ് ട്രെയിനുകളുടെയും കവറുകളും അടുക്കളയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്നത്. സംഭവത്തില്‍ പിഴ ചുമത്തുന്നത് അടക്കമുളള നടപടി ആരംഭിച്ചതായി റെയില്‍വേ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലും തിരുനെല്‍വേലി — ചെന്നൈ വന്ദേഭാരതില്‍ മോശം ഭക്ഷണം വിതരണം ചെയ്തതിന് ഇതേ സ്ഥാപനത്തിന് റെയില്‍വേ 50,000 രൂപ പിഴ ചുമത്തിയിരുന്നു. പാചകം ചെയ്ത ഭക്ഷണം തുറന്ന നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കോര്‍പറേഷന്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് മലിനജലം തോട്ടിലേക്ക് ഒഴുക്കിയതിന് നേരത്തെ പിഴ ചുമത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അന്വേഷണത്തിന് റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചു. തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ, തിരുവനന്തപുരം ഹെൽത്ത് ഓഫിസർ, ഐആർസിടിസി ഏരിയാ മാനേജർ എന്നിവരടങ്ങുന്നതാണ് സമിതി. ശുചിത്വ മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ചകൾക്ക് കാറ്ററിങ് സ്ഥാപനമായ ബ്രന്ദാവൻ ഫുഡ് പ്രോഡക്‌ട്‌സിന് റെയിൽവേ 1,00,000 രൂപ പിഴ ചുമത്തിയതായും കർശന നടപടിയെടുക്കാൻ ഐആർസിടിസിയോട് നിർദേശിച്ചതായും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.