3 March 2026, Tuesday

Related news

February 27, 2026
February 25, 2026
February 23, 2026
February 2, 2026
January 27, 2026
January 22, 2026
January 21, 2026
January 10, 2026
January 4, 2026
December 14, 2025

ഗവര്‍ണര്‍മാര്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനെതിരെ ഭരണഘടനാ ഭേദഗതി വേണമെന്ന് സ്റ്റാലിന്‍

Janayugom Webdesk
ചെന്നൈ
January 21, 2026 9:30 pm

നയപ്രഖ്യാപനപ്രസംഗം നടത്താതെ തമിഴ്നാട് ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയതിനുപിന്നാലെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. ഗവർണർ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന് ഭരണഘടനാഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. തയ്യാറാക്കിയ നയപ്രഖ്യാപനം വായിച്ചതായി കണക്കാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഗവർണർ പോയതിനുപിന്നാലെ എം കെ സ്റ്റാലിൻ അവതരിപ്പിച്ചു. പ്രസംഗത്തിന്റെ തമിഴ്‌പതിപ്പ് നിയമസഭാ സ്പീക്കർ എം അപ്പാവു വായിച്ചു. ആർ എൻ രവി തമിഴ്‌നാട് ഗവർണറായി സ്ഥാനമേറ്റശേഷം 2022ൽ മാത്രമാണ് സംസ്ഥാനസർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനപ്രസംഗം അതേപോലെ വായിച്ചത്. 2023ൽ ചില ഭാഗങ്ങൾ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർത്തുമായിരുന്നു പ്രസംഗം. തുടർന്നുള്ള മൂന്ന് സമ്മേളനങ്ങളിലും അദ്ദേഹം പ്രസംഗം വായിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.

ഗവർണറുടെ നടപടി വിശദീകരിച്ചുകൊണ്ട് ലോക്ഭവൻ പിന്നീട് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കി. സഭാനടപടികൾ തുടങ്ങുമ്പോൾ ദേശീയഗാനം ആലപിച്ചില്ലെന്നതാണ് ഗവർണറുടെ പ്രധാന പരാതി. തുടക്കത്തിൽ സംസ്ഥാനഗീതമായ തമിഴ്തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയഗാനവും ആലപിക്കുന്നതാണ് പതിവെന്ന് സ്പീക്കർ വിശദീകരിച്ചു. തന്റെ പ്രസംഗം തടസപ്പെടുത്താൻ പല തവണ മൈക്ക് ഓഫ് ചെയ്തതായി ഗവർണർ കുറ്റപ്പെടുത്തി. സ്പീക്കർ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മൈക്ക് ഓഫ് ചെയ്യുന്നത് സാധാരണമാണെന്നാണ് സ്പീക്കർ പറയുന്നത്. നിയമസഭയുടെ നടപടിക്രമങ്ങൾ ഗവർണർ പാലിച്ചില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.