7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 3, 2025
December 1, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025
November 21, 2025
November 18, 2025

വിജയവാഡയിൽ തരംഗമുണർത്തിയ താരകങ്ങൾ

Janayugom Webdesk
ചണ്ഡീഗഢ്‌
September 21, 2025 12:36 pm

മ്യുണിസ്റ്റ് മനസുകളിൽ ചെമ്പട്ടിന്റെ വർണം വിതറി മാഞ്ഞുപോയ 3 താരകങ്ങൾ. സുധാകർ റെഡ്ഢി, അതുൽകുമാർ അഞ്ജാന്‍, കാനം രാജേന്ദ്രൻ. വിജയവാഡയിലെ സിപിഐ പാർട്ടി കോൺഗ്രസിൽ തരംഗമായി നിന്ന ഇവർ ഇല്ലതെയാണ് ഇത്തവണ ചണ്ഡീഗഡിൽ പാർട്ടി കോൺഗ്രസിന് കൊടിയുയരുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡായാണ് 24-ാം പാർട്ടി കോൺഗ്രസിന് വേദിയായത്. പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തിയത് മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്ന സുധാകർ റെഡ്ഢി ആയിരുന്നു. സമ്മേളനം നിയന്ത്രിക്കുന്നവരിൽ മുന്നിൽ നിന്നവരായിരുന്നു ദേശിയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുൽകുമാർ അഞ്ജാനും കാനം രാജേന്ദ്രനും.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2025 ഓഗസ്റ്റ് 22 നാണ് സുധാകർ റെഡ്ഢി അന്തരിച്ചത്. തെലങ്കാനയിലെ മഹ്ബൂബ്‌നഗര്‍ ജില്ലയിലായിരുന്നു ജനനം. 1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012‑ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. 2012 മുതല്‍ 2019 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞു.

ഉത്തർപ്രദേശിലെ ലഖ്നൗവിലായിരുന്നു അതുൽ കുമാർ അഞ്ജാന്റെ ജനനം. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ഒട്ടേറെ പ്രക്ഷോഭങ്ങളെ മുന്നിൽ നിന്നും നയിച്ചു. 1976ൽ നാഷണൽ കോളജ് യൂണിയൻ പ്രസിഡന്റും തുടർന്ന് ലഖ്നൗ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായി. ഹിന്ദിയും ബംഗാളിയും ഉള്‍പ്പെടെ ആറ് ഇന്ത്യൻ ഭാഷകളിൽ പ്രസംഗിക്കുവാനും എഴുതുവാനുമുള്ള പ്രാഗൽഭ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി, എഐഎസ്എഫ് ദേശിയ പ്രസിഡന്റ്, എഐടിയുസി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ 2024 മേയ് രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ മരണം.

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ 1950ൽ കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ ആയിരുന്നു ജനിച്ചത്. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്തായിരുന്നു കാനത്തിന്റെ വഴികാട്ടി. എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. 1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. രണ്ട് തവണ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. 2023 ഡിസംബർ 8ന് അന്തരിക്കും വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.

വിജയവാഡ കോൺഗ്രസിൽ അഭിവാദ്യമർപ്പിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സമ്മേളന കാലയളവിൽ നഷ്ട്ടമായി. സൗമ്യതയും വിനയവുമെല്ലാം മുഖമുദ്രയാക്കിയ അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2024 സെപ്റ്റംബർ 12നാണ് അന്തരിച്ചത്.
മുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എട്ടുകുറി കൃഷ്ണ‌മൂർത്തിയാണ് വിജയവാഡ കോൺഗ്രസിൽ ദേശീയപതാക ഉയർത്തിയത്. ചൈനയ്ക്കും റഷ്യയ്ക്കും പുറമെ അമേരിക്കയിൽനിന്നുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പ്രതിനിധികളുടെ പങ്കാളിത്തമായിരുന്നു വിജയവാഡ കോൺഗ്രസിന്റെ മറ്റൊരു സവിശേഷത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.