12 December 2025, Friday

Related news

December 12, 2025
October 6, 2025
April 24, 2025
April 17, 2025
April 4, 2025
March 6, 2025
September 2, 2024
July 21, 2024
June 11, 2024
May 5, 2024

സ്റ്റാര്‍ട്ടപ്പുകള്‍ തളരുന്നു; രണ്ടുവര്‍ഷത്തിനിടെ 28,000 സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടി

നിക്ഷേപമാര്‍ഗങ്ങള്‍ അടയുന്നതായും റിപ്പോര്‍ട്ട്
Janayugom Webdesk
ന്യൂഡല്‍ഹി
April 24, 2025 10:01 pm

രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ 28,000 സ്റ്റാര്‍ട്ട്അപ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 2023 ല്‍ 15,921, 24ല്‍ 12,717 ക്രമത്തിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താഴ് വീണത്. അഗ്രിടെക്, ഫിന്‍ടെക്, എജ്യുടെക്, ഹെല്‍ത്ത്ടെക് മേഖലകളിലാണ് വ്യാപകമായി അടച്ചുപൂട്ടലുകളെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കടുത്ത സാമ്പത്തിക ബാധ്യതകളാണ് പുതിയ സംരംഭങ്ങളെ അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്ന് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്സെന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസ് ആശയത്തിലുണ്ടായ പാളിച്ചയാണ് സ്റ്റാർട്ടപ്പുകൾക്ക് വിനയായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിപണിയിൽ വേണ്ടത്ര സ്വീകാര്യത കിട്ടാതിരുന്നതോടെ ഇവയെല്ലാം പൂട്ടിപ്പോകേണ്ട സ്ഥിതിയിലായി. 

ബിസിനസ് ആശയം പ്രാവർത്തികമാക്കാവുന്നതാണെന്ന് തിരിച്ചറിയുംമുമ്പേ വൻതോതിൽ നിക്ഷേപം നേടുകയും എന്നാൽ, പ്രവർത്തനച്ചെലവ് അനിയന്ത്രിതമാവുകയും ചെയ്തത് പല സ്റ്റാർട്ടപ്പുകളെയും പരാജയത്തിലേക്ക് തള്ളിയിട്ടു. ദീർഘകാല കാഴ്ചപ്പാടില്ലാത്തതും തിരിച്ചടിയായി. മൂലധന നിക്ഷേപത്തിലെ അപര്യാപ്തത, അമിത സാമ്പത്തികഭാരം എന്നിവയും സ്ഥാപനങ്ങളുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു. ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിലെ കുറവും മറ്റൊരു കാരണമായി. പല സ്ഥാപനങ്ങള്‍ക്കും അധിക പ്രവര്‍ത്തന ചെലവും സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചു. 2019നും 22നും ഇടയില്‍ 2,300 സ്ഥാപനങ്ങള്‍ മാത്രമാണ് പാപ്പരത്തം കാരണം പൂട്ടിയത്. എന്നാല്‍ 2023–24ല്‍ ഇതിന്റെ നിരക്ക് കുതിച്ചുയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ എണ്ണം ഗണ്യമായി ഇടിയുന്നതായും ട്രാക്സെന്‍ ചുണ്ടിക്കാട്ടുന്നു. 2024ല്‍ കേവലം 5,264 സ്ഥാപനങ്ങള്‍ മാത്രമാണ് മേഖലയിലേക്ക് കടന്നുവന്നത്. 2019നും 22നും ഇടയില്‍ 9,600 രജിസ്ട്രേഷന്‍ നടന്ന സ്ഥാനത്താണിത്. ഈ വര്‍ഷം ഇതുവരെ 125 സ്ഥാപനങ്ങള്‍ മാത്രമാണ് സ്റ്റാര്‍ട്ട്അപ് രംഗത്തേക്ക് കടന്നുവന്നത്. 

സ്റ്റാര്‍ട്ടപ്പുകളെ മറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന നടപടികള്‍ മാന്ദ്യത്തിലേക്കുവീണതും അടച്ചുപൂട്ടലിലേക്ക് വഴിതെളിച്ചു. 2021ല്‍ 248 സ്ഥാപനങ്ങള്‍ ഏറ്റെടുക്കലിന് വിധേയമായെങ്കിലും കഴിഞ്ഞ വര്‍ഷം ഇത് 131 ആയി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 259 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നും വരുംനാളുകളില്‍ ഇതിന്റെ നിരക്ക് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇന്ത്യയിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത സ്റ്റാർട്ടപ്പുകളിലേക്ക് 2024ൽ എത്തിയത് 171.4 മില്യൻ ഡോളറാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജനുവരി-മാർച്ചിൽ രണ്ടു റൗണ്ടുകളിലായി 12.5 മില്യണ്‍ ഡോളറും നേടി. അതേസമയം ഈ രംഗത്തെ ചൈനീസ്, യുഎസ് സ്റ്റാർട്ടപ്പുകളുടെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഏറെ പിന്നിലാണെന്ന് കണ്ടെത്താം. യുഎസ് സ്റ്റാർട്ടപ്പുകൾ 34 ബില്യനും ചൈനീസ് കമ്പനികൾ 3.3 ബില്യനും നേടിയപ്പോള്‍ ഇന്ത്യൻ കമ്പനികളിലേക്കുള്ള നിക്ഷേപം 171.4 മില്യനിൽ ഒതുങ്ങി. 2025ൽ ഇതിനകം ചൈനീസ് സ്റ്റാർട്ടപ്പുകൾ 220 മില്യനും യുഎസ് കമ്പനികൾ 6.2 ബില്യനും നേടിയിട്ടുണ്ടെന്നും ട്രാക്സെന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.